എന്താണ് ആദിവാസി ഭൂപ്രശ്‌നം

എന്താണ് ആദിവാസി ഭൂപ്രശ്‌നം

സര്‍ക്കാര്‍ കണക്കില്‍ പത്ത് വര്‍ഷം മുമ്പ് ഒരേക്കര്‍ ഭൂമി ലഭിച്ചിട്ടും ആ ഭൂമി എവിടെയാണെന്നറിയാന്‍ ഇപ്പോഴും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന വയനാട് നെന്‍മേനി കുളിപ്പുര കോളനിയിലെ ഒണ്ടന്‍. രേഖകളില്‍ ഭൂവുടമയായിട്ടും 86ാം വയസ്സിലും ഒരു തുണ്ട് ഭൂമി സ്വന്തമില്ലാത്ത ഒണ്ടനെക്കുറിച്ച് 2021 ഡിസംബര്‍ 13ന് ദ ക്യു വാര്‍ത്ത നല്‍കിയിരുന്നു. വര്‍ഷങ്ങളായി കേരളത്തിലെ മാധ്യമങ്ങളുടെ പേജുകളില്‍ നിറയുന്ന വാര്‍ത്തകളില്‍ ഒന്ന് മാത്രമാണ് ഒണ്ടന്റെ ജീവിതം. ഭൂരഹിതരായ ആദിവാസികള്‍ സംഘടിക്കുകയും അവകാശങ്ങള്‍ ചോദിച്ച് തെരുവിലിറങ്ങുകയും ചെയ്തതോടെയാണ് മുഖ്യധാരയുടെ ശ്രദ്ധയിലേക്ക് ഈ ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നത്. ആദിവാസി ഭൂപ്രശ്‌നത്തിന് അന്തിമ പരിഹാരം കാണാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

2021ലെ സാമ്പത്തിക അവലോക റിപ്പോര്‍ട്ട് പ്രകാരം പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കണക്ക് സംസ്ഥാനത്ത് 7,930 ഭൂരഹിതരായ ആദിവാസികളുണ്ട്. ഭൂമിയുണ്ടായിട്ടും 16,070 ആദിവാസി കുടുംബങ്ങള്‍ ഭവനരഹിതരാണ്. 4,762 ഊരുകളിലായി 37 സമുദായങ്ങളില്‍പ്പെട്ടവര്‍ താമസിക്കുന്നു. ദാരിദ്രനിരക്ക് 61.68 ശതമാനവും തൊഴിലില്ലായ്മ നിരക്ക് 30.27 ആണ്. പട്ടികവര്‍ഗ വകുപ്പ് 2016-17 കാലത്ത് വിവിധ പദ്ധതികളിലൂടെ അനുവദിച്ച 6,709 വീടുകളില്‍ 2022ലെത്തുമ്പോള്‍ 1583 വീടുകളാണ് പൂര്‍ത്തിയായത്. ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തില്‍ നിര്‍മ്മാണം പാതി വഴിയിലായ 12,054 വീടുകളില്‍ 11,377 എണ്ണം പണി പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ ആദിവാസികള്‍ക്കായി 3380 വീടുകള്‍ അനുവദിച്ചതില്‍ 2748 എണ്ണം പൂര്‍ത്തിയാക്കി. മൂന്നാംഘട്ടത്തിലെ 487 വീടുകളില്‍ 265 പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ പറയുന്നു.

ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനായി 2001ലാണ് പട്ടികവര്‍ഗ്ഗ പുനരധിവാസ വികസന മിഷന്‍(ടി.ആര്‍.ഡി.എം) രൂപീകരിച്ചത്. ലാന്‍ഡ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം എന്നിവയിലൂടെയാണ് മിഷന്റെ ഭാഗമായുള്ള ഭൂമി വിതരണം. 2020-21 കാലഘട്ടത്തില്‍ ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരം 73 ആദിവാസികള്‍ക്ക് 10.16 ഏക്കര്‍ ഭൂമി നല്‍കി. പാലക്കാട് ജില്ലയിലെ 15 ആദിവാസികള്‍ക്ക് 3.40 ഉം വയനാട് ജില്ലയിലെ 23 ഗുണഭോക്താക്കള്‍ക്ക് 6.76 ഏക്കര്‍ ഭൂമിയും നല്‍കി. നിക്ഷിപ്ത വനഭൂമിക്ക് കീഴിലുള്ള 237.76 ഏക്കര്‍ ഭൂമി പാലക്കാട് ജില്ലയിലെ 436 ആദിവാസികള്‍ക്ക് വിതരണം ചെയ്തു. വനാവകാശ നിയമപ്രകാരം 182 ആദിവാസികള്‍ക്ക് 320.31 ഏക്കര്‍ നല്‍കി.

ഭൂമിക്ക് വേണ്ടി തെരുവിലിറങ്ങിയ ആദിവാസി

തൊണ്ണൂറുകളുടെ തുടക്കത്തില്‍ തന്നെ ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍ ആദിവാസികളുടെ നേതൃത്വത്തില്‍ സജീവമായിട്ടുണ്ടെന്ന് ഗീതാനന്ദന്‍ പറയുന്നു. 1992ല്‍ സി.കെ ജാനുവിന്റെ നേതൃത്വത്തിലായിരുന്നു സമരത്തിന്റെ തുടക്കം. അമ്പുകുത്തി, കോളിക്കംപാളി, പനവല്ലി. ചീങ്ങേരി എന്നിവിടങ്ങളില്‍ സി.കെ ജാനുവിന്റെ നേതൃത്വത്തില്‍ ഭൂസമരങ്ങള്‍ നടന്നു. 1994 ല്‍ കുടിയേറ്റക്കാരില്‍ നിന്നും തിരിച്ചെടുക്കേണ്ട ഭൂമി നിയമം നടപ്പിലാക്കണമെന്ന സമരം. ആ സമരം ശക്തമായി. ആദിവാസികളും ദളിതരും ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭൂരഹിതര്‍ക്കും നല്‍കാനുള്ള ഭൂമി ഇവിടെയുണ്ടെന്ന് സര്‍ക്കാരിന്റെ തന്നെ പല റിപ്പോര്‍ട്ടുകളില്‍ നിന്ന് തന്നെ വ്യക്തമാണെന്ന് സമരസമിതി. സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ള റവന്യൂഭൂമി, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ എസ്റ്റേറ്റ് ഭൂമി, ആദിവാസി പ്രൊജക്ടുകള്‍, ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈവശം വെച്ചിരിക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി, 1971ലെ നിയമമനുസരിച്ച് വിതരണം ചെയ്യാവുന്ന വനഭൂമി എന്നിവ ചൂണ്ടിക്കാട്ടിയാണ് പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടത്. 12 ലക്ഷം ഏക്കര്‍ ഭൂമി ഇങ്ങനെ കണ്ടെത്താനാകുമെന്നായിരുന്നു സമരക്കാരുടെ വാദം.

<div class="paragraphs"><p><strong>മുത്തങ്ങ</strong></p></div>

മുത്തങ്ങ

മുഴുവന്‍ ഭൂരഹിതരായ ആദിവാസികള്‍ക്കും ഭൂമി നല്‍കാമെന്ന് 2001ല്‍ സര്‍ക്കാര്‍ കരാറുണ്ടായതാണ്. അതിന്റെ ഭാഗമായാണ് പുനരധിവാസ വികസന മിഷന്‍ രൂപീകരിച്ചത്. നൂറ് കോടി രൂപയെങ്കിലും ഓരോ വര്‍ഷവും വകയിരുത്താറുണ്ട്. 2006ല്‍ വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്കായുള്ള അവകാശം അംഗീകരിച്ച് കൊണ്ട് വനാവകാശ നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നു. 2014ലെ നില്‍പ്പു സമരം സ്വയംഭരണ മേഖലയായി.
ഗീതാനന്ദന്‍

1975ലെ നിയമം

1975 ഏപ്രില്‍ 25നാണ് കേരള നിയമസഭ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കാനുള്ള നിയമം പാസാക്കുന്നത്. 1975ല്‍ ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടു. 1960 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിയമം നടപ്പിലാക്കണമെന്നായിരുന്നു നിയമത്തിലുണ്ടായിരുന്നത്. ഐക്യകണ്‌ഠേന പാസാക്കിയ നിയമം പക്ഷേ കടലാസില്‍ ഉറങ്ങി. 1986ല്‍ നിയമം വിജ്ഞാപനം ചെയ്യുകയും ചട്ടങ്ങള്‍ രൂപീകരിക്കുകയുമുണ്ടായി. മുന്‍കാല പ്രാബല്യം 1982ലേക്ക് മാറ്റി. എന്നിട്ടും സര്‍ക്കാര്‍ നിയമം നടപ്പിലാക്കിയില്ല. ഇതിനെതിരെ വയനാട്ടിലെ ഡോക്ടര്‍ നല്ലതമ്പി തേര നിയമനടപടി ആരംഭിച്ചു. 1988ലാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമം നടപ്പാക്കാന്‍ 1993 ഒക്ടോബര്‍ 15ന് ഹൈക്കോടതി ഉത്തരവിട്ടു. ആറുമാസത്തെ കാലാവധി ഹൈക്കോടതി നിശ്ചയിച്ചിരുന്നു.

നിയമത്തില്‍ ഭേദഗതി വരുത്താന്‍ അനുവാദം ചോദിച്ച് 1996ല്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. 1986വരെയുള്ള ആദിവാസി ഭൂമി കൈയേറ്റങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതായിരുന്നു ഭേദഗതി.

1975ലെ നിയമം സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്തു. 1996 സെപ്റ്റംബര്‍ 23ന് ഗൗരിയമ്മ ഒഴികെയുള്ള ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ കൈയടിച്ച് ഭേദഗതി പാസാക്കി. ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ നിയമം ഭേദഗതി ചെയ്യാന്‍ നിയമസഭയ്ക്ക് അധികാരമില്ലെന്ന് പ്രസിഡന്റായിരുന്ന കെ.ആര്‍ നാരായണന്‍ വ്യക്തമാക്കി.

<div class="paragraphs"><p>കെ.ആര്‍ നാരായണന്‍</p></div>

കെ.ആര്‍ നാരായണന്‍

പുതിയ ഭേദഗതി 1999ല്‍ നിയമസഭ പാസാക്കി. ഗവര്‍ണര്‍ അതില്‍ ഒപ്പിട്ടു. എന്നാല്‍ 1996ലും 1999ലും സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍ അനുകൂല വിധി നേടി. 2009 ജൂലൈ 21ന് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

1975ലെ നിയമത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഭേദഗതി വരുത്തിയതിനെതിരെ സുപ്രീംകോടതിയിലും നല്ലതമ്പി തേര ഹര്‍ജി നല്‍കിയിരുന്നു. 1999ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി ശരിവെച്ചു. 2010 ഫെബ്രുവരിക്ക് മുമ്പായി അന്യാധീനപ്പെട്ട രണ്ട് ഹെക്ടറില്‍ കൂടുതലുള്ള ആദിവാസി ഭൂമി വീണ്ടെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രണ്ട് ഹെക്ടറില്‍ താഴെയുള്ള ഭൂമിക്ക് പകരം തുല്യമായ ഭൂമി കണ്ടെത്തി നല്‍കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

2001ല്‍ സമരവുമായി ആദിവാസികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍

ആദിവാസി മേഖലയിലെ പട്ടിണിമരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി 2001 സെപ്റ്റംബറില്‍ സി.കെ ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു. പട്ടിണി കാരണം 36 ആദിവാസികള്‍ മരിച്ചുവെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയുടെ വീടിന് മുന്നിലായിരുന്നു ആദിവാസികളുടെ സമരം. സമരത്തിന് വലിയ പിന്തുണ ലഭിച്ചു. കെ.ആര്‍ ഗൗരിയമ്മ ഉള്‍പ്പെടെയുള്ളവര്‍ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. 48ാം ദിവസം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. ഒക്ടോബര്‍ 16ന് നടന്ന ചര്‍ച്ചയെ തുടര്‍ന്ന് സമരം പിന്‍വലിച്ചു.

എ.കെ ആന്റണി 2001ല്‍ ആദിവാസികള്‍ക്ക് നല്‍കിയ ഉറപ്പുകളില്‍ പ്രധാനം ഭൂരഹിതരായ ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം 2002 ജനുവരിയില്‍ ആരംഭിച്ച് ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നതായിരുന്നു. ആ സമരത്തിനൊടുവില്‍ ആദിവാസികള്‍ക്ക് ലഭിച്ച വാഗ്ദാനങ്ങള്‍.

1 അഞ്ചേക്കര്‍ ഭൂമി ലഭ്യമാക്കും. അത് ലഭിക്കാത്ത ഇടങ്ങളില്‍ കുറഞ്ഞത് ഒരേക്കര്‍ ഭൂമി.

2 അഞ്ച് വര്‍ഷത്തേക്ക് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. ആദിവാസികളെ സ്വയംപര്യാപ്തരാക്കലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

3 ആദിവാസികള്‍ക്ക് ലഭിക്കുന്ന ഭൂമി അന്യാധീനപ്പെടാതിരിക്കാന്‍ പ്രത്യേക നിയമം ഉണ്ടാക്കും.

4 കേരളത്തിലെ ആദിവാസി മേഖലകള്‍ ഭരണഘടനയുടെ അഞ്ചാം വകുപ്പില്‍ ഷെഡ്യൂള്‍ഡ് ഏരിയയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.

5 1999 ലെ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതി വിധി എന്തായാലും സര്‍ക്കാര്‍ മാനിക്കും

6 ആദിവാസികളുടെ വികസനത്തിനായി അവരുടെ പങ്കാളിത്തത്തോടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കും.

7 ഏറ്റവും അധികം ഭൂരഹിത ആദിവാസികളുള്ള വയനാട്ടില്‍ 10,000 ഏക്കര്‍ ഭൂമിയെങ്കിലും കണ്ടെത്തി വിതരണം ചെയ്യും.

മുത്തങ്ങ സമരം

തിരുവനന്തപുരത്തെ കുടില്‍ കെട്ടി സമരം ഒത്തുതീര്‍പ്പാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്നതോടെയാണ് 2003 ജനുവരി അഞ്ചിന് സി.കെ ജാനുവിന്റെയും എം. ഗീതാനന്ദന്റെയും നേതൃത്വത്തില്‍ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ വനത്തില്‍ സമരം ആരംഭിച്ചത്. ആദിവാസികള്‍ കുടിലുകള്‍ കെട്ടി ആദിവാസി ഗോത്രമഹാസഭ പഞ്ചായത്തുണ്ടാക്കി. സമരഭൂമിയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു. സമരക്കാരല്ലാത്തവര്‍ പ്രവേശിക്കുന്നത് തടയുന്നതിനായിട്ടായിരുന്നു ഇത്.

കല്ലൂര്‍ പുലിതൂക്കി പണിയ ഊരിലെ ആദിവാസികളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. പിന്നീട് കോട്ടയം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഭൂരഹിതര്‍ സമരത്തിനെത്തി. 700 ഓളം കുടിലുകളുണ്ടാക്കി. 2000ത്തോളം പേര്‍ സമരത്തിലുണ്ടായിരുന്നു. കുട്ടികള്‍ക്കായി പാഠശാല നിര്‍മ്മിച്ചു. 28 ഊരുസഭകളുണ്ടാക്കി. വനത്തിലെ സമരത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി. മുത്തങ്ങ വനത്തിലെ തരിശ് ഭൂമിയിലാണ് കുടില്‍ കെട്ടിയതെന്നായിരുന്നു സമരക്കാരുടെ വാദം.

ആദിവാസികളുടെ സമരത്തെ ആദ്യം അവഗണിച്ച സര്‍ക്കാരും പോലീസും ഫെബ്രുവരി 17ന് ഒഴിപ്പിക്കാനുള്ള നീക്കം തുടങ്ങി. കുടിലുകള്‍ക്ക് തീവെച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞുവെച്ചു. ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരക്കാര്‍ തടഞ്ഞുവെച്ച 21പേരെ വിട്ടയച്ചു.

19ന് രാവിലെ വന്‍ പോലീസെത്തി ആദിവാസികളെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ തുടങ്ങി. വെടിവെപ്പും അക്രമവുമുണ്ടായി. 18 റൗണ്ട് വെടിവെച്ചു. സമരത്തിലുണ്ടായിരുന്ന ജോഗിയെന്ന ആദിവാസി പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പോലീസുകാരനായ വിനോദും കൊല്ലപ്പെട്ടു. ഫെബ്രുവരി 22ന് സി.കെ ജാനുവും ഗീതാനന്ദനും പിടിയിലായി. ഇരുവര്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. ഡയറ്റിലെ കെ.കെ സുരേന്ദ്രനെയും അറസ്റ്റ് ചെയ്തു. കുട്ടികള്‍ ഉള്‍പ്പെടെ 132 പേരെ റിമാന്‍ഡ് ചെയ്തു.

പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്‍ മുത്തങ്ങയിലെത്തി ആദിവാസികള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചു. പ്രതിഷേധം തെരുവിലായി. സി.കെ ജാനുവിനും ഗീതാനന്ദനും ചികിത്സ ഉറപ്പാക്കാന്‍ കോടതി ഇടപെട്ടു.

<div class="paragraphs"><p>വി.എസ് അച്യുതാനന്ദന്‍</p></div>

വി.എസ് അച്യുതാനന്ദന്‍

Praveen. P

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ആദിവാസികള്‍ വനംകൈയേറിയതായും വന്യമൃഗ വേട്ട നടത്തിയതായും കേസായി. വനംവകുപ്പിന്റെതുള്‍പ്പെടെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ആദിവാസികളുടെ ഭൂമി പ്രശ്‌നം പൊതു സമൂഹത്തിന്റെ മുന്നില്‍ സജീവ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നതാണ് മുത്തങ്ങ സമരത്തിന്റെ പ്രസക്തി. സമരത്തില്‍ പങ്കെടുത്ത 283 കുടുംബങ്ങളാണ് ഭൂമി ലഭിക്കുന്നതിനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടത്. നല്‍കിയത് വാസയോഗ്യമല്ലാത്ത ഭൂമിയാണെന്നും പരാതിയുണ്ടായിരുന്നു.

ആറളം സമരം

കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ആറളം ഫാം സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നുവെന്നാരോപിച്ചാണ് സി.കെ ജാനുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം പ്രഖ്യാപിച്ചു. ആറളം ഫാമിനെ വന്യജീവി സങ്കേതമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതിനെതിരെ സമരം പ്രഖ്യാപിച്ചു. സമരക്കാരെ തടയുന്നതിനായി ഫാമില്‍ കാവല്‍ ശ്ക്തിപ്പെടുത്തി. ഇത് മറികടന്ന് സി.കെ ജാനു ഉള്‍പ്പെടെ ഒമ്പത് പേര്‍ ഫാമില്‍ പ്രവേശിച്ചു. പ്രതിഷേധം ശക്തമായതോടെ ഫാം ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഫാം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ആറളം ഫാം സംരക്ഷണ സമിതിയും രംഗത്തുണ്ടായിരുന്നു.

മുത്തങ്ങ സമരത്തിന് പിന്നാലെ ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ആറളം ഫാമിലെ 7600 ഏക്കര്‍ ഭൂമി 42 കോടി രൂപ മുടക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും 2004ല്‍ ഏറ്റെടുത്തു. ഇതില്‍ 3600 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി ഫാമായി തന്നെ നിലനിര്‍ത്താനായിരുന്നു തീരുമാനം. കണ്ണൂര്‍, വയനാട് ജില്ലകളിലെ ഭൂരഹിത ആദിവാസികള്‍ക്ക് ഇവിടെ ഭൂമി നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. ഓരോ ഏക്കര്‍ വീതം ആദിവാസികള്‍ക്ക് വിതരണം ചെയ്തു. ഫാമില്‍ പുറമേ നിന്നുള്ളവര്‍ക്ക് ജോലി നല്‍കുന്നതിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആറളം ഫാമില്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനെതിരെയും ആദിവാസി ഗോത്ര മഹാസഭ രംഗത്തെത്തി. ഫാമിലെ ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കമാണിതെന്ന് എം. ഗീതാനന്ദന്‍ ആരോപിക്കുന്നു.

ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നില്ലെന്ന് മാത്രമല്ല, ഉള്ള ഭൂമി തന്നെ റവന്യൂ ലാന്‍ഡാക്കി മാറ്റാനുള്ള ഉത്തരവാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. ആറളം ഫാമിലെ 7500 ഏക്കര്‍ ഭൂമി ആദിവാസികളുടെ പണം കൊടുത്ത് വാങ്ങിയതാണ്. ഇതില്‍ 700 ഏക്കര്‍ ടൂറിസം പദ്ധതിക്കായി പിടിച്ചെടുക്കാന്‍ പോകുകയാണ്. ചിന്നക്കനാലില്‍ ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കിയ ഏതാണ്ട് 700 ഏക്കര്‍ ഭൂമിയില്‍ സുവോളജിക്കല്‍ പാര്‍ക്കും ടൂറിസം പദ്ധതിയും നടപ്പിലാക്കാന്‍ കിഫ്ബിയില്‍ നിന്നും തുക മാറ്റിവെച്ചിട്ടുണ്ട്.
എം. ഗീതാനന്ദന്‍

നില്‍പ്പ് സമരവുമായി വീണ്ടും സെക്രട്ടറിയേറ്റിന് മുന്നില്‍

ഭൂപ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി 2014 ജൂലൈ ഒമ്പതിന് ആദിവാസി ഗോത്രമഹാസഭ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നില്‍പ്പുസമരം ആരംഭിച്ചു. 2001ലെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി എ.കെ ആന്റണി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക, മുത്തങ്ങയില്‍ നിന്നും കുടിയിറക്കിയവരെ പുനരധിവസിപ്പിക്കുക, ആദിവാസി ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാതിരിക്കുക, മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസികള്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. 162 ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്ന് പ്രതിഷേധിച്ചു.

സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചു. 7693 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ക്ക് പതിച്ചു നല്‍കുമെന്നതായിരുന്നു പ്രധാന വാഗ്ദാനം. ആദിവാസി ഊരുഭൂമി പട്ടികവര്‍ഗ മേഖലയില്‍ ഉള്‍പ്പെടുത്തി പെസാ നിയമം നടപ്പിലാക്കും. ആദിവാസി ഭൂമി സംരക്ഷിക്കുന്നതിനുള്ള നിയമമാണിത്. ഇടമലക്കുടി, ആറളം മേഖലകളെ ആദ്യഘട്ടത്തില്‍ ഈ നിയമത്തിന് കീഴില്‍ കൊണ്ടുവരും. മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കും. 447 കുടുംബങ്ങള്‍ക്ക് ഓരോ ഏക്കര്‍ ഭൂമിയും വീടുവെയ്ക്കാനായി രണ്ടരലക്ഷം രൂപ വീതവും നല്‍കും. മുത്തങ്ങ സമരത്തില്‍ ജയിലില്‍ കിടന്ന കുട്ടികള്‍ക്ക് ഒരുലക്ഷം രൂപ നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

ഭൂരഹിതരുടെ തൊവരിമല സമരം

2019 ഏപ്രില്‍ 21നാണ് ഭൂരഹിതരായ ആദിവാസികള്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ തൊവരിമലയില്‍ സമരം ആരംഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ആദിവാസികള്‍ തൊവരിമലയില്‍ സമരം ആരംഭിച്ചത്. സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാര്‍, ആള്‍ ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭ, ഭൂസമരസമിതി, ആദിവാസി ഭാരത് മഹാസഭ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. തൊവരിമലയിലെ വനഭൂമിയില്‍ സമരക്കാര്‍ കുടില്‍ കെട്ടി. ഇവരെ പോലീസ് ഒഴിപ്പിച്ചു. സമരക്കാര്‍ വയനാട് കലക്ടേറ്റിന് മുന്നില്‍ പ്രതിഷേധം തുടര്‍ന്നു.

ഹാരിസണ്‍ പ്ലാന്റേഷന്റെ കൈവശമുളള ഭൂമിയിലേക്കാണ് സമരം നടത്തിയത്. എന്നാല്‍ ഈ ഭൂമി 1970ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും തിരിച്ചെടുത്തിരുന്നു. ഹാരിസണ്‍, ടാറ്റ എന്നീ കമ്പനികളുടെ കൈവശമുള്ള തോട്ടം ഭൂമി തിരിച്ചു പിടിക്കണമെന്നും ഇതിനായി നിയമനിര്‍മ്മാണം നടത്തണമെന്നും തോട്ടം തൊഴിലാളികളും ആദിവാസികളും ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക് കൃഷി ഭൂമി വിതരണം ചെയ്യണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

മാറ്റമില്ലാത്ത ജീവിതാവസ്ഥകളോ?

ആദിവാസി വിഭാഗങ്ങളുടെ ജീവിതാവസ്ഥകളില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്ന് തന്നെയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗം, മത്സ്യത്തൊഴിലാളികള്‍, മണ്‍പാത്രമുണ്ടാക്കുന്നവര്‍, കരകൗശലത്തൊഴിലാളികള്‍ തുടങ്ങിയ ചില സാമൂഹ്യ വിഭാഗങ്ങള്‍ക്കിടയില്‍ ദാരിദ്രം കേന്ദ്രീകരിക്കപ്പെടുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിന് പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പുതിയ ഉപജീവന പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കുക എന്നതാണ്. 2020- 21 സംസ്ഥാനത്തെ ആകെ പദ്ധതി വിഹിതത്തിന്റെ 781.36 കോടി രൂപയാണ് പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി നീക്കിവെച്ചത്.

ആദിവാസി വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുകയും പരിഹാരം കണ്ടെത്തുകയും വേണമെന്നാണ് വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നും വ്യക്തമാകുന്നത്. കേരളത്തിലെ സ്‌കൂളുകളിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ അനുപാതം 2021-22ല്‍ 1.85 ശതമാനമാണ്. പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് കുറഞ്ഞു വരുന്നുണ്ട്. എന്നാല്‍ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് ഈ വിഭാഗങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കൂടുതലാണ്.

പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ കൊഴിഞ്ഞു പോക്ക് ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ് 2.32 ശതമാനം. വയനാട് ജില്ലയില്‍ 1.77 ശതമാനമാണ്. മലപ്പുറത്തെയും വയനാട്ടിലെയും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്ഥിതി കേരളത്തിന്റെ ശരാശരി നിലവാരത്തിലെത്താന്‍ വളരെയധികം മെച്ചപ്പെടേണ്ടതുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ പറയുന്നത്. ബിരുദ ബിരുദാനന്തരം കോഴ്‌സുകള്‍ക്കായി എത്തിയത് 2.17 ശതമാനം കുട്ടികളാണ്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ വിദ്യാഭ്യാസ വകുപ്പും പട്ടിക ജാതി വര്‍ഗ പിന്നാക്ക വിഭാഗ വകുപ്പും പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. രക്ഷിതാക്കളെ കൂടി ഉള്‍പ്പെടുത്തി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദിവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരത്തിനുള്ള സാഹചര്യം ഒരുക്കുക എന്നത് അതിജീവനത്തിന് പ്രധാനമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in