ചൈനയെ പ്രകോപിപ്പിച്ച് നാന്‍സി പെലോസി മടങ്ങി; തായ്‌വാനില്‍ ഇനി എന്ത്?

ചൈനയെ പ്രകോപിപ്പിച്ച് നാന്‍സി പെലോസി മടങ്ങി; 
തായ്‌വാനില്‍ ഇനി എന്ത്?

യു.എസ് ഹൗസ് ഓഫ് സ്പീക്കറും മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാവുമായ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനമാണ് ഇപ്പോള്‍ വിവാദമാകുന്നത്. 25 വര്‍ഷത്തിന് ശേഷമാണ് അമേരിക്കയുടെ സുപ്രധാന പദവിയില്‍ ഇരിക്കുന്ന ഒരാള്‍ തായ്‌വാന്‍ സന്ദര്‍ശിക്കുന്നത്.

അമേരിക്ക ചൈന, ഈ രണ്ട് രാജ്യങ്ങളും ലോകത്തിലെ പ്രധാന ശക്തികളാണ്. നിലവിലെ അമേരിക്കന്‍ സ്പീക്കറുടെ തായ്‌വാന്‍ സന്ദര്‍ശനത്തെ തങ്ങളുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമായാണ് ചൈന കാണുന്നത്. നിലവിലെ നാന്‍സി പെലോസിയുടെ സന്ദര്‍ശനം നാലാം തായ്‌വാന്‍ സ്‌ട്രൈറ്റ് ക്രൈസിസിലേക്ക് ട്രിഗര്‍ ചെയ്യുന്ന കാരണമാകും എന്നാണ് അന്താരാഷ്ട്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവിടെയാണ് ലോകം ആശങ്കപ്പെടുന്നതും.

സന്ദര്‍ശനത്തെ രൂക്ഷമായി എതിര്‍ത്തുകൊണ്ട് ചൈന രംഗത്ത് എത്തിക്കഴിഞ്ഞു. തികഞ്ഞ പ്രഹസനമാണ് നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനമെന്നാണ് ചെനയുടെ വിദേശകാര്യമന്ത്രി വാംഗ് ലിയുടെ പ്രതികരണം. തീകൊണ്ട് കളിക്കുന്നവന് നാശമെന്നും വാംഗ് ലി പറയുന്നു. സൈനിക നടപടിയെന്നാണ് ഷി ജിന്‍ പിംഗ് പറയുന്നത്. പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ചൈന തായ്‌വാനില്‍ നിന്നുള്ള ഇറക്കുമതികള്‍ തടഞ്ഞു, കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അമേരിക്കന്‍ അംബാസിഡറെ ചൈന വിളിച്ചു വരുത്തിയെന്നും മിലിറ്ററി ഡ്രില്ലുകള്‍ നടക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

1995ലെ അനുഭവം നമുക്ക് മുന്നിലുണ്ട്. അന്ന് തായ്‌വാന്‍ പ്രസിഡന്റ് ലീ തെംഗ് ഹൂയ് യുടെ അമേരിക്ക സന്ദര്‍ശനമാണ് മൂന്നാം തായ്‌വാന്‍ സ്‌ട്രൈറ്റ് ക്രൈസിസിലേക്ക് നയിച്ചത്. മാസങ്ങള്‍ നീണ്ട് നിന്ന സൈനിക നടപടിയിലൂടെയായിരുന്നു ചൈന തിരിച്ചടിച്ചത്. വണ്‍ ചൈന പോളിസിക്ക് എതിരാണ് ഈ സന്ദര്‍ശനം എന്നാണ് ബിജീങ്ങ് സൈനിക നടപടികളെ ന്യായീകരിച്ചുകൊണ്ട് പറയുന്നത്. അതേ കാരണം തന്നെയാണ് നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിലും ചൈന കാണുന്ന ആശങ്ക.

എന്താണ് ഈ വണ്‍ ചൈന പോളിസി

1970കള്‍ക്ക് ശേഷം അമേരിക്ക വണ്‍ ചൈന പോളിസിയാണ് പിന്തുടരുന്നത്. അതായത് തായ്‌വാനുമായല്ല, ചൈനയുമാണ് ഡിപ്ലോമാറ്റിക് റിലേഷന്‍ എന്നത്. പക്ഷേ ഒരു അണ്‍ ഓഫീഷ്യല്‍ ടൈയും അമേരിക്ക തായ്‌വാനുമായി സൂക്ഷിക്കാറുണ്ട്. ഇത് മനപൂര്‍വ്വം ഒരു ആശയകുഴപ്പം ഉണ്ടാക്കുന്ന നടപടിയായും വിശദീകരിക്കാറുണ്ട്. തന്ത്രപ്രധാനമായ അവ്യക്തത എന്ന് പറയാം.

ചൈന തായ്‌വാന്‍ ഐലന്റ് തങ്ങളുടെ ഭാഗമാണ് എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. മെയിന്‍ലാഡുമായി കൂടിച്ചേരേണ്ട ഒരു ഭാഗം. പക്ഷേ ഇത് അമേരിക്ക അംഗീകരിച്ചിട്ടില്ല.

1949ലെ ചൈനീസ് സിവില്‍ വാറിന് ശേഷം പരാജയപ്പെട്ട നാഷണലിസ്റ്റുകള്‍ തായ്‌വാനിലേക്കാണ് പോയത്. അവിടെ അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചു. അതേസമയം കമ്മ്യൂണിസ്റ്റുകാര്‍ മെയിന്‍ലാന്‍ഡ് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരില്‍ ഭരിക്കാനും തുടങ്ങി. രണ്ട് പേരും തങ്ങളാണ് ചൈനയെ പ്രതിനീധികരിക്കുന്നത് എന്നാണ് പറയുന്നത്. ഇതിന് ശേഷം ചൈന തായ്‌വാന്‍ സംഘര്‍ഷങ്ങളും രൂപപ്പെട്ടു. ഇതിനോടകം മൂന്ന് സ്‌ട്രൈറ്റ് ചൈന തായ്‌വാന്‍ ക്രൈസിസ് ഉണ്ടായിട്ടുണ്ട്.

ആരംഭഘട്ടത്തില്‍ നിരവധി ഗവണ്‍മെന്റുകള്‍ തായ്‌വാനെ അംഗീകരിച്ചിരുന്നു. പക്ഷേ നയതന്ത്രങ്ങളുടെ ഭാഗമായി പരസ്പര സഹകരണം ആവശ്യമാണെന്ന വ്യക്ത വന്നതിന് ശേഷം യു.എസ് ചൈനയുടെ വണ്‍ നാഷന്‍ പോളിസിയെ അംഗീകരിക്കുകയായിരുന്നു. ജിമ്മി കാര്‍ട്ടര്‍ പ്രസിഡന്റായിരിക്കുന്ന സമയത്ത് 1979ലാണ് ചൈന ബീജിങ്ങുമായി ഡിപ്ലോമാറ്റിക് ടൈ രൂപീകരിക്കുന്നത്.

ഇതിന്റെ ഭാഗമായി അമേരിക്ക തായ്‌വാനുമായുള്ള ബന്ധത്തില്‍ അകലം പാലിക്കുകയും അവരുടെ തായ്‌പെയ് എംബസി അടച്ചുപൂട്ടുകയും ചെയ്തു.

പക്ഷേ ഇതേ വര്‍ഷം തന്നെ അമേരിക്ക തായ്‌വാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റിലേഷന്‍സ് ആക്ട് പാസാക്കിയിരുന്നു. ഇതുകൊണ്ടാണ് തന്ത്രപ്രധാനമായ ഒരു അവ്യക്ത അമേരിക്ക തായ്‌വാനുമായുള്ള ബന്ധത്തില്‍ സൂക്ഷിക്കുന്നുവെന്ന് പറയുന്നത്. ഈ ആക്ട് പ്രകാരം സ്വയം പ്രതിരോധിക്കാന്‍ അമേരിക്ക തായ്‌വാനെ സഹായിക്കുമെന്നാണ് പറയുന്നത്. തായ്‌പെയില്‍ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തായ്‌വാന്‍ എന്ന പ്രൈവറ്റ് കോര്‍പ്പറേഷനിലൂടെ അമേരിക്ക ഒരു അനൗദ്യോഗിക സാന്നിധ്യവും നിലനിര്‍ത്തുന്നുണ്ട്.

തായ്‌വാനെ സ്വതന്ത്ര രാജ്യമായി ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. ഐക്യരാഷ്ട്ര സഭയും അംഗീകരിച്ചിട്ടില്ല. നിലവില്‍ വത്തിക്കാനുള്‍പ്പെടെ 13 രാജ്യങ്ങള്‍ മാത്രമാണ് തായ്‌വാനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുള്ളത്.

മേല്‍പ്പറഞ്ഞ കാരണങ്ങളാണ് അമേരിക്കന്‍ ഹൗസ് ഓഫ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനം ചൈനയെ പ്രകോപിപ്പിക്കാന്‍ കാരണം. അമേരിക്കന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും കഴിഞ്ഞാല്‍ അധികാരത്തില്‍ മൂന്നാം സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ് നാന്‍സി പെലോസി. ചൈനയുടെ നിരന്തര വിമര്‍ശകയുമാണ് അവര്‍. തായ് വാനിലെ ചൈനീസ് കടന്നു കയറ്റം രൂക്ഷമാകുകയാണെങ്കില്‍ സൈന്യത്തെ ഉപയോഗിക്കുമെന്ന് മെയ് 23ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് ലോകം വീണ്ടും തായ്‌വാനിലേക്ക് ഉറ്റ് നോക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in