പ്രണോയ് റോയ് പുറത്തും അദാനി തലപ്പത്തും, എൻഡിടിവിയിൽ സംഭവിച്ചതെന്ത് ?

പ്രണോയ് റോയ് പുറത്തും അദാനി തലപ്പത്തും, എൻഡിടിവിയിൽ സംഭവിച്ചതെന്ത് ?

രാജ്യത്തെ മുൻനിര വാർത്താ ചാനലുകളിലൊന്നായും ഭരണകൂട വിധേയത്വം പുലർത്താത്ത സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളിലൊന്നുമായ എൻഡി ടിവി (ന്യൂ ഡൽഹി ടെലിവിഷൻ) ഇനി ​ഗൗതം അദാനിയുടെ നിയന്ത്രണത്തിൽ. എൻ.ഡി.ടി.വിയുടെ പാരന്റ് കമ്പനിയായ ആർ.ആർ.പി.ആറിന്റെ ഡയറക്ടർ ബോർഡിൽ നിന്നും എൻ.ഡി.ടി.വി സ്ഥാപകരായ പ്രണോയ്‌ റോയിയും സഹസ്ഥാപകയും ഭാര്യയുമായ രാധികാ റോയിയും ഇന്നലെ രാജി വച്ചു. റോയ്‌ ദമ്പതിമാർ രാജിവെച്ചതിന് പിന്നാലെ അദാനി ഗ്രൂപ്പിലെ മൂന്ന് പേരെ നോമിനേറ്റ്‌ ചെയ്തിട്ടുമുണ്ട്‌. സുദിപ്ത ഭട്ടാചാര്യ, സഞ്ജയ് പു​ഗലിയ, സെന്തിൽ സിന്നയ്യ ചെം​ഗൽവരായാൻ എന്നിവരാണ് പുതിയ ഡയറക്ടർമാർ.

എൻഡിടിവിയുടെ ഹോൾഡിം​ഗ് കമ്പനിയായ ആർ.ആർ.പി.ആറിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിഞ്ഞെങ്കിലും നിലവിൽ പ്രണോയ്‌ റോയ്‌ എൻ.ഡി.ടി.വിയുടെ ചെയർപ്പേഴ്സണും രാധിക റോയ്‌ ചാനലിന്റെ എക്സിക്ക്യുട്ടീവ്‌ എഡിറ്ററുമാണ്. 2022 ഓഗസ്റ്റ്‌ 23നാണ് എൻ.ഡി.ടി.വി അദാനി ഗ്രൂപ്പ്‌ സ്വന്തമാക്കുന്നെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നത്. എൻ.ഡി.ടി.വിയുടെ മാതൃസ്ഥാപനമായ ആർ.ആർ.പി.ആർ 2010ൽ ഒരു സ്ഥാപനത്തിൽ നിന്ന് 400 കോടി രൂപ പലിശ രഹിത വായ്പ എടുക്കുകയും ആ സ്ഥാപനം അദാനി ഗ്രൂപ്പ്‌ സ്വന്തമാക്കുകയും ചെയ്തതാണ് എൻ.ഡി.വിയുടെ ഭാവിയെ തന്നെ മാറ്റി മറിക്കാവുന്ന തരത്തിലുള്ള ഏറ്റെടുക്കലിലേക്ക് കാര്യങ്ങളെ എത്തിച്ചത്.

എന്താണ് എൻ.ഡി.ടി.വിക്ക്‌ സംഭവിച്ചത്‌?

വിശ്വപ്രധാൻ കമ്മേഴ്സ്യൽ പ്രൈവറ്റ്‌ കമ്പനി (വി.സി.പി.എൽ) ൽ നിന്ന് പ്രണോയ് റോയിയും രാധിക റോയിയും ഡയറക്ടർമാരായ ആർ.ആർ.പി.ആർ 400 കോടി രൂപ പലിശരഹിത വായ്പയായി കൈപ്പറ്റി. പലിശരഹിതമായത്‌ കൊണ്ട്‌ തന്നെ തിരിച്ചടച്ചില്ലെങ്കിൽ ആർ.ആർ.പി.ആറിന്റെ 99.5 ശതമാനം ഓഹരിയും വി.സി.പി.എല്ലിന് സ്വന്തമാക്കാം എന്നായിരുന്നു വ്യവസ്ഥ. ലോണെടുക്കുന്ന കാലത്ത്‌ അദാനി ചിത്രത്തിലേ ഉണ്ടായിരുന്നില്ല.

അദാനി വി.സി.പി.എൽ സ്വന്തമാക്കുന്നു

കഴിഞ്ഞ ഓഗസ്റ്റ്‌ 23ന് അദാനി ഗ്രൂപ്പിന്റെ വാർത്താകുറിപ്പ്‌ ഇറങ്ങി. അദാനി ഗ്രൂപ്പിനു കീഴിലുള്ള എ.എം.ജി മീഡിയ നെറ്റ്വറ്റ്ക്ക്‌ വി.സി.പി.എൽ സ്വന്തമാക്കിയിരിക്കുന്നു. വി.സി.പി.എല്ലിൽ നിന്നും പ്രണോയ്‌ റോയ്‌ എടുത്ത വായ്പ തിരിച്ചടക്കാതിരുന്നതിനാൽ വ്യവസ്ഥ പ്രകാരം ആർ.ആർ.പി.ആറിന്റെ 99.5 ശതമാനവും വി.പി.സി.എൽ ഏറ്റെടുക്കുന്നു. എൻ.ഡി.ടി.വി വാർത്താ ചാനലിന്റെ 29.18 ശതമാനവും ആർ.ആർ.പി.ആറിന്റെ പേരിലായിരുന്നു. ആർ.ആർ.പി.ആർ സ്വന്തമായതോടെ വാർത്താ ചാനലിന്റെ ഈ 29.18 ശതമാനവും അദാനിയുടെ കൈകളിലേക്ക് എത്തി.

ഓഹരി കൂടുതലും റോയ്‌ ദമ്പതികളുടെ കയ്യിൽ തന്നെ, പിന്നെന്ത്‌?

29.18 ശതമാനം അദാനിയുടെ കയ്യിലാണെങ്കിലും നിലവിൽ വലിയ ഓഹരി ഉടമ റോയ് ദമ്പതികൾ തന്നെയാണ്. 32.26 ശതമാനമാണ് ഇരുവർക്കുമായുള്ളത്‌. ഇതിൽ പ്രണോയ്‌ റോയിക്ക്‌ 15.94 ശതമാനവും രാധിക റോയിക്ക്‌ 16.32 ശതമാനവുമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും ഇതിനെത്ര കാലം അയുസ്സുണ്ടെന്ന് മാത്രമാണ് ഇനി നോക്കാനുള്ളത്‌. ഏതെങ്കിലുമൊരു സ്ഥാപനത്തിന്റെ 25 ശതമാനത്തിൽ കൂടുതൽ ഓഹരി ആരെങ്കിലും കൈവശപ്പെടുത്തിയാൽ ബാക്കിയുള്ള ഓഹരിയുടെ 26 ശതമാനം ഓപൺ ഓഫറാക്കി വിൽപനക്ക്‌ വയ്ക്കണമെന്നുള്ള ‘സെബി’യുടെ മാനദണ്ഡമാണ് വില്ലനാകുന്നത്‌. ഈ വ്യവസ്ഥ പ്രകാരം നവംബർ 25 മുതൽ ഡിസംബർ 5 വരെ ഓഹരികൾ വിൽപ്പനക്ക്‌ വെച്ചിരിക്കുകയാണ്.

ഈ 26 ശതമാനവും കൂടി അദാനി ഗ്രൂപ്പ്‌ സ്വന്തമാക്കുകയാണെങ്കിൽ ആകെ ഓഹരിയുടെ 55.18ശതമാനവും അവരുടെ കയ്യിലാകും. പിന്നെ എൻ.ഡി.ടി.വി എന്ന സ്വതന്ത്ര മാധ്യമസ്ഥാപനം ഫലത്തിൽ ഇന്ത്യയിലെ നമ്പർ വൺ വ്യവസായിയായ ​ഗൗതം അദാനിയുടെ നിയന്ത്രണത്തിലാകും. ​ഗൗതം അദാനിയുടെ വ്യവസായ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണങ്ങളും വിവാദങ്ങളും റിപ്പോർട്ട് ചെയ്യാറുള്ള ചുരുക്കം ചില മുൻനിര മാധ്യമങ്ങളിലൊന്നുമാണ് എൻഡിടിവി. ഓപൺ ഓഫറിലെ 26 ശതമാനവും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും 50 ശതമാനത്തിലേറെ ഓഹരികളുടെ ഉടമയാവാൻ അദാനിക്ക്‌ എളുപ്പവുമാണ്.

പ്രണോയ്‌ റോയ്‌
പ്രണോയ്‌ റോയ്‌

‘സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റം’

പ്രധാനമന്ത്രിയുടെ ‘ഖാസ്‌ ദോസ്ത്‌’ ആയ അദാനി ഗ്രൂപ്പ്‌ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ഇല്ലായ്മ ചെയ്യുകയാണെന്ന് കോൺഗ്രസ്സ്‌ ജെനറൽ സെക്രട്ടറി ജയറാം രമേശ്‌ റ്റ്വീറ്റ്‌ ചെയ്തിരുന്നു. ‘ഒരാളിൽ നിന്ന് വായ്പ വാങ്ങിയത്‌ എങ്ങനെയൊരു ആയുധമാക്കി മാറ്റി ഒരു ടെലവിഷൻ ചാനലിനെ കയ്യടക്കാം എന്ന് ചിന്തിക്കുന്നത്‌ വിചിത്രമാണ്.’ ജയറാം രമേശ്‌ കുറിച്ചു. അവസാനത്തെ ആശ്രയവും നഷ്ടമായി എന്നാണ് രാജ്യസഭ എം പി കൂടിയായ കപിൽ സിബൽ പറഞ്ഞത്‌.

ഇന്ത്യയിൽ സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങൾ ഇല്ലാതാക്കപ്പെടുന്ന കാലത്ത്, മാധ്യമപ്രവർത്തകരെ ലോകത്തിലെ ഏറ്റവും അരക്ഷിതരായ മനുഷ്യരാക്കി മാറ്റിക്കൊണ്ടിരിക്കുന്ന കാലത്ത്, പ്രതീക്ഷയുടെ അവസാനത്തെ തുരുത്തായി കണക്കാക്കമായിരുന്ന ഒരു സ്ഥാപനം കൂടി കോർപ്പറേറ്റ് നിയന്ത്രണത്തിലാവുകയാണ് എന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്.

ആശങ്കയിലാകുന്ന സ്വതന്ത്ര മാധ്യമപ്രവർത്തനം

പത്താന്‌കോട്ട് ഭീകരാക്രമണം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2016 ലാണ് ആക്രമണം നടന്നതിനു ചുറ്റുമുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടെന്നും, ഭീകരർക്ക് പെട്ടന്ന് സ്ഥലങ്ങൾ കണ്ടെത്താനും അവിടെ വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും അത് സഹായിക്കും എന്നും ആരോപിച്ച് ഒരു ദിവസത്തേക്ക് NDTV യുടെ സംപ്രേക്ഷണാനുമതി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കിയത്. കേബിൾ ടീവീ റെഗുലേഷൻ ആക്ട് സെക്ഷൻ 6 (1 ) പ്രകാരം മാധ്യമങ്ങൾ യുദ്ധങ്ങളുടെയോ ഭീകരാക്രമങ്ങളുടെയോ വാർത്തകൾ നൽകുമ്പോൾ കൃത്യമായ ഇടവേളകളിൽ സൈനിക ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾക്കപ്പുറം തത്സമയം വാർത്ത നല്കാൻ പാടില്ല എന്ന വകുപ്പ് ലംഘിച്ചു എന്നതിന്റെ പേരിലാണ് ചാനൽ സംപ്രേക്ഷണം ഒരു ദിവസത്തേക്ക് റദ്ദാക്കാൻ മന്ത്രാലയം തീരുമാനിച്ചത്. എന്നാൽ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങളുയർന്നതിന്റെ പശ്ചാത്തലത്തിലും, സർക്കാരുമായി NDTV നടത്തിയ ചർച്ചയുടെ ഭാഗമായും, തീരുമാനം മരവിപ്പിച്ചു.

പിന്നീട് 2017 ൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് NDTv ഓഫീസ് കേന്ദ്ര ഏജൻസികൾ റെയ്ഡ് ചെയ്തിരുന്നു. രാജ്യാന്തര ന്യൂസ് ഏജൻസിയായ സി എൻ എൻ , മുൾട്ടിനാഷണൽ കമ്പനിയായ ജനറൽ ഇലക്ട്രിക്ക് എന്നിവയെ ഉപയോഗപ്പെടുത്തി വ്യാജ പണമിടപാട് നടത്തി എന്ന ആരോപണത്തിൽ നടന്ന റെയ്ഡിൽ പ്രത്യേകിച്ച് ഒരു തെളിവും കണ്ടെത്താനായില്ല. അന്ന് ഡൽഹിയിൽ നടന്ന പ്രതിഷേധ സദസ്സിൽ വച്ച് പ്രണോയ് റോയ് ഇങ്ങനെ പറഞ്ഞു, നിങ്ങൾ ഒരു തെറ്റും ചെയ്തില്ലെങ്കിലും നിങ്ങളെ ഇല്ലാതാക്കാൻ ഞങ്ങൾക്ക് കഴിയും എന്നതാണ് അവർ നല്കാൻ ശ്രമിക്കുന്ന സന്ദേശം. ഇതിനെതിരെയാണ് നമ്മൾ പൊരുതേണ്ടത്. ഇത് ഇന്ത്യയിലെ മുഴുവൻ സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങൾക്കുനേരെയുമുള്ള ഭീഷണിയാണ്. കുറച്ച് രാജ്യങ്ങളിൽ മാത്രമുള്ളതാണ് സ്വതന്ത്രമായ പത്രപ്രവർത്തനം ബാക്കിയുള്ളത്, അത് കൈവിട്ടു കൊടുക്കാൻ കഴിയില്ല. ഇഴയരുത്, അവർ നിങ്ങളെ തേടി വരും, എഴുന്നേറ്റ് നിൽക്കൂ. എഴുന്നേറ്റു നിന്നവരായിരുന്നു NDTv . അതുകൊണ്ടു തന്നെ കാലുവാരാതെ അവരെ ഇല്ലാതാക്കാനാകില്ല.

2014 ൽ ആരംഭിച്ച മാധ്യമവേട്ടയിൽ മറ്റെല്ലാവരും കീഴടങ്ങിയപ്പോഴും എൻ ഡി ടിവീ പിടിച്ച് നിന്നു. മറ്റു മാധ്യമങ്ങൾ അവരെ പരിഹസിക്കാൻ തുടങ്ങി. റിപ്പബ്ലിക്ക് ടീവീ മേധാവിയായ അർണാബ് ഗോസ്വാമി അയാളുടെ പ്രൈം ടൈം പരിപാടികളിൽ തന്നെ പലപ്പോഴായി എൻ ഡി ടിവിയെ പരിഹസിച്ചു. ഇതെല്ലാം സംഭവിക്കുമ്പോഴും പൂർണ്ണ പിന്തുണയുമായി എൻ ഡി ടീവീ യോടൊപ്പം ജനങ്ങളുണ്ടായിരുന്നു. നിങ്ങൾ ഒരു ടി ആർ പി ജേര്ണലിസ്‌റ് അല്ല എന്ന പരിഹാസത്തെ ഒരു അംഗീകാരമായി കണ്ട എൻ ഡി ടിവീ ഇന്ത്യ എന്ന ചാനലിന്റെ ഹിന്ദി പതിപ്പിന്റെ മാനേജിങ് എഡിറ്റർ രവിഷ് കുമാർ ഒരുപക്ഷെ എൻ ഡി ടിവിയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട മനുഷ്യനായിരിക്കും.

2019 ൽ രവിഷ് കുമാറിന് ലഭിച്ച മാഗ്സസെ പുരസ്‌കാരം, മാധ്യമപ്രവർത്തനം ഹേറ്റ് സ്പീച് നടത്താടാനുള്ള ഉപാധിയായി കാണുന്ന മുഴുവൻ ആളുകളുടെയും മുഖത്ത് കിട്ടിയ പ്രഹരമായിരുന്നു. പുരസ്‌കാരം ലഭിച്ചതിനു ശേഷം നൽകിയ അഭിമുഖങ്ങളിൽ രവിഷ് ഇങ്ങനെ പറഞ്ഞു, ഒരു സീറോ ടി ആർ പി ന്യൂസ് ആങ്കർ ആണ് ഞാൻ, ഹിന്ദിയിൽ മാത്രം സംസാരിക്കുന്ന ഒരു ജേര്ണലിസ്റ്റിന് എങ്ങനെ ഇത്രയും ശ്രദ്ധ ലഭിക്കുന്നു എന്നതായിരുന്നു അവരുടെ പ്രശ്‌നം. ഈ അവാർഡിന് ഞാൻ എന്റെ കാഴ്ചക്കാരോട് കടപ്പെട്ടിരിക്കുന്നു. ബുദ്ധിമുട്ടുള്ള എല്ലാ കാലത്തും അവർ കൂടെയുണ്ടായിരുന്നു.അത് വിലമതിക്കാൻ കഴിയാത്ത പിന്തുണയാണ്. മാധ്യമങ്ങളെല്ലാം ഒരു പ്രത്യേക ദിശയിൽ പോയിക്കൊണ്ടിരിക്കുമ്പോൾ തന്നെ, ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് തുടരാനാണ് അവർ ആഗ്രഹിച്ചത്. രവീഷ് കുമാർ പറഞ്ഞു.

മോദിയോട് ചേർന്ന് നിൽക്കുന്ന വ്യവസായ ഭീമൻ ​അദാനി എൻഡിടിവിയുടെ 29ശതമാനം ഓഹരി സ്വന്തമാക്കുന്നതോടെ രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം ആശങ്കയിലാകുന്നുവെന്നാണ് ​​2022 ഓ​ഗസ്റ്റ് 24ന് പ്രസിദ്ധീകരിച്ച ലേഖനത്തിന് തലക്കെട്ടായി നൽകിയത്. നരേന്ദ്രമോദി സർക്കാരിനെ നിശിതമായി വിമർശിക്കാറുള്ള ചുരുക്കം ദേശീയ മാധ്യമങ്ങളിലൊന്നായിരുന്നു എൻഡിടിവി. ​ഗൗതം അദാനിയുടെ നിയന്ത്രണത്തിലേക്ക് രാജ്യത്തെ സുപ്രധാന സ്വതന്ത്ര മാധ്യമങ്ങളിലൊന്നായ എൻഡിടിവി പോകുന്നതിലെ ആശങ്ക വാഷിം​ഗ് ടൺ പോസ്റ്റും പങ്കുവച്ചിരുന്നു.

മാധ്യമങ്ങളെ വരുതിയിലാക്കുന്ന അദാനി

എൻഡിടിവി ഏറ്റെടുക്കൽ വാണിജ്യ താൽപ്പര്യത്തിലൂന്നിയല്ല എന്നായിരുന്നു കഴിഞ്ഞ ദിവസം ഫിനാൻഷ്യൽ ടൈംസ് അഭിമുഖത്തിൽ ​ഗൗതം അദാനി പറഞ്ഞത്. വിമർശനം മാത്രമല്ല സർക്കാർ നിരന്തരം ചെയ്യുന്ന നല്ല കാര്യങ്ങൾ പറയുക കൂടിയാണ് മാധ്യമസ്വാതന്ത്ര്യമെന്നും അദാനി അഭിമുഖത്തിൽ പറഞ്ഞിരുന്നു.

​ഗൗതം അദാനിയുടെ എഎംജി മീഡിയ നെറ്റ് വർക്ക്സ് മാധ്യമമേഖലയിൽ സജീവമാകുന്നതിന്റെ സൂചന ലഭിച്ചുതുടങ്ങിയത് 2022 മേയിലാണ്. ബ്ലൂംബർ​ഗ് ക്വിന്റ് എന്ന പ്രധാന ഡിജിറ്റൽ ബിസിനസ് പ്ലാറ്റ്ഫോം ഉടമകളായ ക്വിന്റിലിയോൻ ബിസിനസ് മീഡിയയുടെ 49 ശതമാനം ഓഹരികൾ ​ഗൗതം അദാനി സ്വന്തമാക്കുന്നുവെന്നായിരുന്നു മേയ് 16ന് പുറത്തുവന്ന വാർത്ത. ക്വിന്റിലിയൻ ബിസിനസ് മീഡിയയുടെ തലപ്പത്ത് എഡിറ്റോറിയൽ ഡയറക്ടറായിരുന്ന സഞ്ജയ് പു​ഗലിയ ആണ് അദാനിയുടെ എ.എം.ജി മീഡിയയുടെ സി.ഇ.ഒ. പ്രണോയ് റോയിയുടെയും രാധിക റോയിയുടെയും ഒഴിവിലേക്ക് പുതിയതായി ചുമതലയേറ്റ മൂന്ന് ഡയറക്ടർമാരിൽ ഒരാൾ സഞ്ജയ് പു​ഗലിയ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in