ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണരൂപം, കാസ്റ്റിം​ഗ് കൗച്ച്, ലൈം​ഗിക ചൂഷണം, നിയന്ത്രിക്കുന്ന മാഫിയ

Hema Committee report
Hema Committee report
Published on

മലയാള സിനിമാ വ്യവസായത്തിൽ കടുത്ത ലിം​ഗ അനീതിയും ലൈം​ഗിക ചൂഷണവുമെന്ന വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. പുറമേ കാണുന്നത് പോലെ സുന്ദരമല്ല മലയാള സിനിമയിലെ താരങ്ങളും നക്ഷത്രങ്ങളുമെന്ന ആമുഖത്തോടെയാണ് ലിം​ഗ വിവേചനവും ലൈം​ഗിക അതിക്രമവും ക്രിമിനൽ പ്രവര‍്ത്തികളും ലോബിയിം​ഗും വെളിപ്പെടുത്തുന്ന വിശദമായ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്.

നിർമ്മാതാക്കളുടെയും സംവിധായകരുടെയും അടക്കം ലൈം​ഗിക താൽപര്യങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന രീതിയിൽ അധികാര ക്രമം ചലച്ചിത്ര മേഖലയിലുണ്ടെന്ന നിരവധി മൊഴികള‍് കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ കാസ്റ്റിക് കൗച്ച് ഉണ്ടെന്ന് അടിവരയിലുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള ലൈം​ഗിക അതിക്രമം എന്നതിനൊപ്പം ലഹരി ഉപയോ​ഗം വ്യാപകമാണെന്നും റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിൽ ആൺമേൽക്കോയ്മയാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിലെ മുൻനിര അഭിനേത്രിമാർ ഉൾപ്പെടെ അമ്പതിലേറെപ്പോരാണ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല‍്കിയിട്ടുള്ളത്.

Attachment
PDF
REPORT(1) (1)
Preview

മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനവും ചൂഷണവും വിശദമായി തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. പലതും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ‘തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്. പക്ഷേ, ശാസ്ത്രീയ അന്വേഷണത്തിൽ നക്ഷത്രങ്ങൾക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ലെന്നാണ് തെളിഞ്ഞത്. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും ഉപ്പുപോലും കാഴ്ചക്ക് പഞ്ചസാര പോലെയാണെന്നും’ പറഞ്ഞാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ആരംഭിക്കുന്നത്.

സിനിമ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് റിപ്പോർട്ട് പറയുന്നു. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവർക്ക് അവസരങ്ങളില്ല. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുന്നു. ചൂഷണം ചെയ്യുന്നവരിൽ പ്രമുഖ നടന്മാരുമുണ്ട്. സഹകരിക്കുന്നവർക്ക് പ്രത്യേക കോഡുണ്ട്. പരാതി പറയുന്നവരെ പ്രശ്നക്കാരായി കാണുന്നു. സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. മലയാള സിനിമയിൽ ആൺകോയ്മ നിലനിൽക്കുന്നു. സ്ത്രീകൾ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. നടിമാർ ജീവഭയം കാരണം തുറന്നുപറയാൻ മടിക്കുന്നു

ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ലൈം​ഗികത ആവശ്യത്തിന് വഴങ്ങിയാൽ മാത്രമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. വനിതാ പ്രൊഡ്യൂസർമാരെയും നടന്മാരും പ്രവർത്തകരും അപമാനിക്കും. സിനിമയിലെ സ്ത്രീയെ ഒരു ലൈംഗിക വസ്തുവായി മാത്രമാണ് പലരും കാണുന്നത്. 'നോ' പറഞ്ഞാൽ ഓക്കെ ആയ സീനുകൾ വരെ വലതവണ റീട്ടേക്ക് എടുപ്പിക്കും. ആലിംഗന സീനുകളും ചുംബന സീനുകളുമൊക്കെ നിരവധി തവണ റീടേക്ക് എടുത്ത് പ്രതികാരം ചെയ്യും. പരാതി പറഞ്ഞാൽ കുടുംബത്തെ വരെ ഭീഷണിപ്പെടുത്തും. ഓൺലൈൻ മാധ്യമങ്ങളിലൂടെ അസഭ്യവർഷം നടത്തി മാനസികമായി തകർക്കും. ഇതിനായി വലിയ സംഘം തന്നെ ഉണ്ടെന്നും ഹേമക്കമ്മിറ്റിക്ക് മുമ്പാകെ നടിമാർ മൊഴി നൽകിയിട്ടുണ്ട്.

വഴങ്ങാത്തവരെ പ്രശ്‍നക്കാരായി മുദ്രകുത്തുകയാണ്. പൊലീസിനെ സമീപിക്കാത്തത് ജീവനില്‍ ഭയമുള്ളതിനാലാണ്. സിനിമയിലെ ഉന്നതരും അതിക്രമം കാട്ടിയിട്ടുണ്ടെന്നാണ് മൊഴി. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 49മത്തെ പേജിലെ 96മത്തെ പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in