ബോബ് മാർലി; നൊമ്പരപ്പെടുത്തുന്ന സമരസംഗീതം

ബോബ് മാർലി; നൊമ്പരപ്പെടുത്തുന്ന സമരസംഗീതം

ജമൈക്കയുടെ അതിരുകളിൽ നിന്നിറങ്ങി വിവേചനത്തെ കുറിച്ചും അവകാശലംഘനങ്ങളെ കുറിച്ചും ഭൂഖണ്ഡങ്ങൾ തോറും പാടിനടന്നൊരു മനുഷ്യൻ. പാട്ട് ഒരു പടക്കോപ്പാക്കി മാറ്റി ലോകത്ത് വിപ്ലവത്തിന്റെ അലയൊലികൾ തീർത്ത സംഗീതജ്ഞൻ. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലോകത്തെ ആർദ്രമായ് സ്പർശിച്ച ശബ്ദം അയാളുടേതായിരുന്നു. സംഗീതം അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദമാണെന്ന് പറയുകയും സംഗീതത്തേക്കാൾ മികച്ചൊരു രാഷ്ട്രീയപ്രവർത്തനമില്ലെന്ന് തെളിയിക്കുകയും ചെയ്ത, റെഗ്ഗെ മ്യൂസിക്കിലൂടെ മനുഷ്യ ഹൃദയങ്ങളിൽ പുനർവിചിന്തനത്തിന്റെ പൂക്കാലമൊരുക്കിയ ജമൈക്കൻ ഗായകൻ, ബോബ് മാർളി.

സംഗീതം ഒരു ലഹരിയായി ആവേശിച്ച ബോബ്മാർലിയെ ഒടുവിൽ ക്യാൻസറും ആശ്ലേഷിച്ചു. വിടപറഞ്ഞുപോയിട്ട് നാലുപതിറ്റാണ്ടുകൾ കടന്നുപോയിട്ടും ഇന്നുമയാൾ ഒരു പോസ്റ്റർ ബോയിയായി തലമുറകളെ ആവേശം കൊള്ളിക്കുന്നു. അവരുടെ ഇഷ്ടഗായകരുടെ പട്ടികയിൽ ഇന്നുമയാൾ കാറ്റിലുലയുന്ന നീളൻ മുടികളോടെ ചിരിച്ച് നിൽക്കുന്നു. മുപ്പത്താറ് വർഷങ്ങൾ മാത്രം ഈ ഭൂമുഖത്തുണ്ടായിരുന്ന ഒരാൾ എങ്ങനെയാണ് ഇത്രമേൽ അനശ്വരനായി മാറിയത്?‌

സെഡല്ല മാൽകോം എന്ന ജമൈക്കക്കാരിയുടേയും നോർവെൽ സിൻക്ലെയർ മാർളി എന്ന ബ്രിട്ടീഷുകാരന്റെയും മകനായി 1945 ഫെബ്രുവരി ആറിന് ജമൈക്കയിലെ സെയിന്റ് ആൻ പാരിഷിലാണ് ബോബ് മാർളി ജനിക്കുന്നത്. വെള്ളക്കാരന്റെയും കറുത്തവർഗക്കാരിയുടെയും മകനായി ജനിച്ച ബോബ് മാർലിക്ക് എക്കാലവും വംശീയാധിക്ഷേപം കേൾക്കേണ്ടി വന്നു.

അധിക്ഷേപങ്ങളും പരിഹാസങ്ങളും കനക്കുമ്പോൾ ബോബ് മാർളി പറയും, ഞാനൊരു ആഫ്രിക്കക്കാരനാണെന്ന്. എന്റെ വംശം ആഫ്രിക്കയാണെന്ന്. എന്റെ വർഗം കറുത്തതാണെന്ന്. അതിലത്രയും അഭിമാനമാണെന്ന്. പണ്ടേക്കും പണ്ടേ അച്ഛനുപേക്ഷിച്ചുപോയ മകനായത് കൊണ്ട് ബോബ് മാർലിയുടെ ബാല്യം ആഫ്രിക്കയുടെ ഊഷരപ്രദേശങ്ങൾ പോലെ ചുട്ടുപൊള്ളിയതും വിണ്ടുകീറിയതുമായിരുന്നു. ആ നോവിൽ വെന്തുനീറിയാണ് ബോബ് മാർളി പാകപ്പെട്ടത്. ആ തെരുവുകളിലെ അനുഭവങ്ങളാണ് ബോബ് മാർലിയെന്ന പരുക്കൻ പാറക്കഷണത്തെ വെട്ടിത്തിളങ്ങുന്ന വജ്രമാക്കി മാറ്റിയത്. ബോബ് മാർളി ഒരു ഗായകൻ മാത്രമല്ല, ഗാന രചയിതാവും ഗിറ്റാറിസ്റ്റും ഒക്കെയാണ്.

എഴുത്തുകളിൽ താൻ കടന്നുവന്ന വഴികളിലെ നീറുന്ന ഓർമ്മകൾ പലകുറി കടന്നു പോയി. തനിക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങൾ എണ്ണിപ്പറഞ്ഞ് അയാൾ ലോകത്തോട് പറഞ്ഞു, ഉണരൂ, എഴുന്നേൽക്കൂ, അവകാശങ്ങൾക്കായി പോരാടൂ. അവസാനിക്കാത്ത പോരാട്ടം തുടരൂ എന്ന്. ഗെറ്റ് അപ്പ് ആൻഡ് സ്റ്റാൻഡ് അപ്പ് എന്ന ഗാനം തുടങ്ങുന്നത് അങ്ങനെയാണ്.

സ്‌കൂൾ കാലം തൊട്ടേ പാട്ടിനോട് വല്ലാത്തൊരിഷ്ടം തോന്നിയ മാർലിക്ക് സുഹൃത്തുക്കളായി നെവില്ലെ ലിവിങ്‌സ്റ്റണിനെയും വിൻസ്റ്റൺ ഹ്യുബർട്ടിനെയും കിട്ടിയതോടെയാണ് ഒരു മ്യൂസിക്ക് ട്രൂപ് എന്ന ആശയം മുളയ്ക്കുന്നത്. അങ്ങനെ ദി വെയിലേഴ്സ് എന്ന ട്രൂപ് പിറന്നു. വെയിലേഴ്സ് എന്നാൽ നിലവിളിക്കുന്നവർ എന്നാണർത്ഥം. എന്തുകൊണ്ട് അങ്ങനെയൊരു പേരെന്ന് ചോദിച്ചപ്പോൾ മാർളി തന്നെ പറഞ്ഞ ഉത്തരം ഞങ്ങൾ കരയുന്നവരാണെന്നാണ്. സത്യമാണ്, മാർലിയുടെ വരികൾക്കും ആലാപനത്തിനും കണ്ണീരിന്റെ ഉപ്പുമണമുണ്ടായിരുന്നു.

'എവിടെ മനുഷ്യന് ചങ്ങല കൈകളിൽ അങ്ങെൻ കയ്യുകൾ നൊന്തീടുന്നു, എങ്ങോ മർദനം അവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു' എന്ന എൻ.വി കൃഷ്ണവാര്യരുടെ കവിതയിലെ നോവും നീറ്റലും ബോബ് മാർലിയുടെ രചനകളിൽ ഉടനീളം കാണാൻ കഴിയും. ആ വരികളിൽ അപരനോടുള്ള സ്നേഹമുണ്ടായിരുന്നു, ചൂഷകരോടുള്ള പ്രതിഷേധമുണ്ടായിരുന്നു, അക്രമികളോടുള്ള നിഷേധമുണ്ടായിരുന്നു. മാർലിയുടെ സുഹൃത്തായ നെവില്ലെ ലിവിങ്സ്റ്റൺ പിന്നീട് ബണ്ണി വെയിലർ ആയി, വിൻസ്റ്റൺ ഹ്യുബർട്ട് പിന്നീട് പീറ്റർ ടോഷ് ആയി.

1963 ലാണ് ദി വെയിലേഴ്‌സിന്റെ ആദ്യ സിംഗിൾ ഗാനം സിമ്മെർ ഡൗൺ പുറത്തിറങ്ങുന്നത്. സിമ്മെർ ഡൗൺ എന്നാൽ കോപമടക്കൂ എന്നായിരുന്നു. ജമൈക്കയിൽ അക്രമത്തിന്റെ പാതയിലേക്ക് നീങ്ങിയ യുവത്വത്തോടുള്ള സന്ദേശമായിരുന്നു ആ ഗാനം. ജമൈക്കയിലാകെ വലിയ തരംഗമായത് മാറി. തന്റെ പാട്ടുകൾ എന്തിനാണെന്നും എങ്ങനെയാണെന്നും സിമ്മെർ ഡൗൺ അടിവരയിടുന്നു. 1964 ഫെബ്രുവരിയിൽ ആ ഗാനം ജമൈക്കയിലെ നമ്പർ വൺ ആയും മാറുന്നുണ്ട്. ജമൈക്കയിലുടനീളം സിമ്മെർ ഡൗണിന്റെ 70,000 കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകൾ മുതൽ ജമൈക്കയിൽ സജീവമായ റസ്തഫാരി മത ആശയത്തിനോട് ബോബ് മാർളി അടുക്കുന്നത് ഈ സമയത്താണ്. മനുഷ്യാവകാശങ്ങളെ കുറിച്ചും സാമൂഹിക സമത്വത്തെ കുറിച്ചുമുള്ള റസ്തഫാരിയൻ ആശയങ്ങൾ പിന്നീട് ബോബ് മാർലിയുടെ കൃതികളിലും പ്രതിഫലിച്ചു.

ജമൈക്കൻ സിംഗർ ആയ റീത്ത ആൻഡേഴ്‌സണെ ബോബ് മാർളി വിവാഹം കഴിക്കുന്നത് 1966 ലാണ്. തുടർന്ന് 1969 ൽ ബോബ് മാർളി പൂർണമായും റസ്തഫാരിയാനിസത്തിലേക്ക് മാറി. അങ്ങനെയാണ് റെഗ്ഗെ മ്യൂസിക്കിന്റെ വശ്യതയിലേക്ക് മാർലിയും സംഘവും കടന്നെത്തുന്നത്. ജെമൈക്കയിലെ നാടോടിഗാനശാഖയാണ് റെഗ്ഗെ. അക്കാലത്ത് ജമൈക്കയിലെ റെഗ്ഗെ മ്യൂസിക്ക് പ്രചാരകാരനായിരുന്ന ലീ സ്ക്രാച്ച് പെറിയെ ബോബ് മെർലി ബന്ധപ്പെടുന്നതോടെ ചരിത്രം പിറക്കുകയായിരുന്നു. ലീ പെറിയുമായുള്ള കൂട്ടുകെട്ടിൽ മികച്ച ഒരു പിടി ഗാനങ്ങൾ പുറത്തിറങ്ങി. സോൾ റിബൽ, ഡപ്പി കോൺക്വറർ, 400 യിയേഴ്സ്, സ്മാൾ ആക്സ് എന്നിവ ജമൈക്കയുടെ സീമയും ഭേദിച്ച് കടലും കടന്ന് മുന്നേറി.

ലീ പെറിയുമായുള്ള രണ്ട് വർഷം നീണ്ട ശേഷം കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം 1972 ൽ പ്രസിദ്ധമായ ഐലൻഡ് റെക്കോർഡ്സിന്റെ ഉടമ ക്രിസ് ബ്‌ളാക്ക്‌വെല്ലുമായാണ് ബോബ് മെർലി കരാറിലെത്തുന്നത്. തുടർന്ന് 1973 ൽ പുറത്തിറങ്ങിയ 'ക്യാച്ച് എ ഫയർ' എന്ന ആൽബം പുറത്തിറങ്ങി. ക്രിസ് ബ്ലാക്ക്‌വെൽ ഈ ആൽബത്തിലെ പാട്ടുകൾ റീസ്ട്രക്ച്ചർ ചെയ്യുകയും മിക്സിങ് നടത്തി പാട്ടുകളുടെ ഫീൽ ഉയർത്തുകയും ചെയ്തതോടെ ആൽബം വലിയ ജനപ്രീതി നേടിയെടുത്തു. ഏഴ് ഗാനങ്ങളായിരുന്നു ക്യാച്ച് എ ഫയർൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം പീറ്റർ ടോഷും ബാക്കി ഏഴെണ്ണം ബോബ് മാർലിയുമായിരുന്നു എഴുതിയിരുന്നത്. ക്യാച്ച് എ ഫയർനു ശേഷം വെയിലേഴ്‌സിന്റെ ആറാമത്തെ ആൽബം 'ബേർണിൻ' 1973 ൽ തന്നെ പുറത്തിറങ്ങി. ഇതിലെ 'ഗെറ്റ് അപ്പ് ആൻഡ് സ്റ്റാൻഡ് അപ്പ്' എന്ന ഗാനവും 'ഐ ഷോട്ട് ദി ഷെരിഫ്' എന്ന ഗാനവും വലിയ ഹിറ്റുകളായി.

ഇതിനോടകം യൂറോപ്പിലും അമേരിക്കയിലും ബോബ് മെർലി സൂപ്പർ സ്റ്റാർ പരിവേഷം നേടിയെടുത്തിരുന്നു. ബ്രിട്ടീഷ് ഗിറ്റാറിസ്റ്റും ഗായകനുമായ എറിക്ക് ക്ലാപ്റ്റൺ പാടിയ 'ഐ ഷോട്ട് ദി ഷെരിഫ്' എന്ന ഗാനത്തിന്റെ കവർ അമേരിക്കയിലെ നമ്പർ വൺ ആയി മാറി. ബോബ് മെർലി, പീറ്റർ ടോഷ്, ബണ്ണി വെയിലർ എന്നീ സംഗീത ത്രയങ്ങൾ അവസാനമായി ഒന്നിച്ച് സഹകരിച്ച ഗാനസമാഹാരം കൂടിയായിരുന്നു ഇത്. 1974 ൽ പീറ്റർ ടോഷും ബണ്ണി വെയിലറും ദി വെയിലേഴ്‌സിൽ നിന്ന് പിരിഞ്ഞ് സോളോ കരിയർ ആരംഭിച്ചു.

ബോബ് മെർലി പക്ഷെ പിന്തിരിഞ്ഞില്ല. ഭാര്യ റീത്തയെയും കൂട്ടി 'ബോബ് മെർലി ആൻഡ് ദി വെയിലേഴ്സ്' എന്ന പേരിൽ ട്രൂപ്പിനെ സജീവമാക്കി നിലനിർത്തി. ഇക്കാലത്തും ഗംഭീരങ്ങളായ ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. നാറ്റി ഡ്രെഡ്, ലൈവ്, രാസ്തമാൻ വൈബ്രേഷൻ എന്നിവ അവയിൽ ചിലതാണ്. ലൈവ് ആൽബത്തിലെ 'നോ വുമൺ, നോ ക്രൈ' എന്ന ഗാനം മറ്റൊരു മെഗാഹിറ്റായി. പതിനായിരക്കണക്കിന് കോപ്പികൾ വിറ്റഴിയുന്ന ഒരു ബ്രാൻഡ് ആയി ബോബ് മാർളി മാറിക്കഴിഞ്ഞു. ഇതോടെ 56 ഹോപ്സ് റോഡിലെ തന്റെ വീടും കമ്പനി ഹെഡ് ക്വാർട്ടേഴ്സും ക്രിസ് ബ്ലാക്ക്‌വെൽ മാർലിക്ക് സമ്മാനമായി നൽകി. മെർലിയുടെ വീടും ഓഫീസുമൊക്കെയായത് പരിണമിച്ചു.

ബോബ് മാർളിയുടെ ഗാനങ്ങളിലെ രാഷ്ട്രീയവും സാമൂഹിക വിപ്ലവാഹ്വാനങ്ങളും ജമൈക്കയുടെ മണ്ണിൽ നവോത്ഥാനത്തിന്റെ ശംഖൊലി മുഴക്കികൊണ്ടിരുന്നു. എല്ലാ തരം മനുഷ്യരെയും അത് സ്വാധീനിച്ചു. ശ്രവണസുന്ദരമായി കാതുകളെ വന്ന് പുൽകുന്ന ഒരു മന്ദമാരുതനായിരുന്നില്ല ആ ഗാനങ്ങൾ, തലച്ചോറിൽ ചിന്തകളുടെ പ്രകമ്പനം തീർക്കുന്ന കൊടുങ്കാറ്റുകളായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയ കക്ഷികൾക്ക് അയാളൊരു വെല്ലുവിളിയോ ശത്രുവോ ഒക്കെയായി മാറിക്കഴിഞ്ഞു. ജമൈക്കയിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമായി മാറിയിരുന്നു.

അങ്ങനെയിരിക്കെയാണ് 'സ്‌മൈൽ ജമൈക്ക' എന്നൊരു കൺസേർട്ട് സംഘടിപ്പിക്കാൻ മെർലി തീരുമാനിക്കുന്നത്. പരസ്പര വിദ്വേഷത്തിന്റെ രാഷ്ട്രീയ പരിസരങ്ങളെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിളനിലങ്ങളാക്കി മാറ്റാനുള്ള ഉദ്യമം. മാഞ്ഞുപോയ ചിരികളെ തിരികെ കൊണ്ടുവരാനുള്ള ഒരു മനുഷ്യ സ്നേഹിയുടെ നിസ്വാർത്ഥമായ പരിശ്രമം. പക്ഷെ ആ കൺസേർട്ട് അരങ്ങേറുന്നതിനും മൂന്ന് നാൾ മുമ്പ് മാർലിക്ക് വെടിയേറ്റു.

1976 ഡിസംബർ മൂന്നിനായിരുന്നു അത്. വൈകീട്ട് എട്ടരയോടെ ഏഴുപേരടങ്ങുന്ന അക്രമിസംഘം 56 ഹോപ്സ് റോഡിലെ മാർലിയുടെ ഭവനത്തിലേക്ക് ഇരച്ചു കയറി വെടിയുതിർക്കുകയായിരുന്നു. വീടിന്റെ കോമ്പൗണ്ടിലേക്ക് കടന്ന അക്രമി സംഘം ആദ്യം കണ്ടത് മെർലിയുടെ ഭാര്യ റീത്തയെ ആയിരുന്നു. അവർ മുറ്റത്ത് കാറിനകത്ത് ഇരിക്കുകയായിരുന്നു. റീത്തയെ വെടി വെച്ച അക്രമി സംഘം അകത്തുകയറി. ബോബ് മാർലിയെയും മാനേജർ ഡോൺ ടെയ്‌ലറെയും വെടിവച്ചിട്ടു. മനുഷ്യർക്കായി പാടിക്കൊണ്ടിരുന്ന മനുഷ്യൻ, ആ മനുഷ്യനൊപ്പം കൂടിയവർ, തറയിൽ ചോരയൊലിപ്പിച്ച് കിടന്നു. ജീവിതത്തിന്റെ തുടക്കം തൊട്ട് അന്നാ നിമിഷം വരെയുള്ള കാലം എത്ര പരുഷമായിരുന്നോ അതേ പാരുഷ്യത്തോടെ അയാൾ വിധിയെ അതിജീവിച്ചു. കാത്തിരിക്കാൻ ഈ ലോകം തന്നെ കൂട്ടിനുള്ളപ്പോൾ അങ്ങനെയങ്ങ് മരണപ്പെടാൻ കഴിയില്ലല്ലോ.

പറഞ്ഞുറപ്പിച്ച ദിവസം തന്നെ 'സ്‌മൈൽ ജമൈക്ക' അരങ്ങേറി. മുറിപ്പാടുകളോടെ, തുന്നിക്കെട്ടുകളോടെ ബോബ് മാർളി പാടി. എന്തിനിത്ര തിടുക്കമെന്ന് ചോദിച്ചവരോട് അന്ന് ബോബ് മാർളി തിരിച്ച് ചോദിച്ചത്, 'ഈ ലോകത്തെ നശിപ്പിക്കാൻ ഒരുമ്പെട്ട് ഇറങ്ങിയവർ ഒരു ദിവസം പോലും അവധി എടുക്കുന്നില്ല. പിന്നെ എനിക്കുമാത്രമെന്തിനാണാവധി?'. ഒന്നിൽ നിന്നും തന്നെ പിന്തിരിക്കാൻ ആവില്ലെന്ന സന്ദേശം കൂടിയായിരുന്നു അത്. നിങ്ങൾ എന്നെ ഇല്ലാതാക്കാൻ ശ്രമിക്കും തോറും ഞാനൊരു ഫീനിക്സ് പക്ഷിയായി മാറും. കൈവിലങ്ങുകളല്ലാതെ നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന് ഉദ്‌ഘോഷിക്കുന്ന ഓ.എൻ.വി കവിത പോലെ ഒരു ജീവിതം.

ആ സംഭവത്തിനു ശേഷം രണ്ട് വർഷക്കാലം ബോബ് മാർളി ഇംഗ്ലണ്ടിലേക്ക് പോയി. അതിനിടയിൽ ഇല്ലീഗൽ ഡ്രഗ് കൈവശം വെച്ചതിനു ലണ്ടനിൽ ജയിൽ വാസവും അനുഭവിച്ചു. 1978 ൽ ജമൈക്കയിൽ തിരിച്ചെത്തിയ ബോബ് മാർളി വീണ്ടും കണ്ടത് പരസ്പരം പോരടിക്കുന്ന രാഷ്ട്രീയ എതിരാളികളെയാണ്. അയാൾക്ക് മിണ്ടാതിരിക്കാൻ കഴിയുമായിരുന്നില്ല. അങ്ങനെയാണ് 'വൺ ലവ് പീസ്' എന്ന കൺസേർട്ട് അരങ്ങേറുന്നതും ജമൈക്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ മനോഹര മുഹൂർത്തത്തിന് സാക്ഷിയാകുന്നതും. കൺസേർട്ട് അതിന്റെ അവസാനത്തിലേക്ക് എത്തിയപ്പോൾ ബോബ് മാർളി രണ്ട് പേരെ സ്റ്റേജിലേക്ക് ക്ഷണിച്ചു. ഒന്ന് ഭരിക്കുന്ന പാർട്ടിയുടെ നേതാവും ജമൈക്കയുടെ പ്രധാനമന്ത്രിയുമായ മിഷേൽ മാൻലെ. മറ്റേത് പ്രതിപക്ഷപാർട്ടിയായ ലേബർ പാർട്ടിയുടെ നേതാവ് എഡ്വേർഡ് സേഗ. ഇരുവരും സ്റ്റേജിലെത്തി അന്യോന്യം കൈകൊടുത്തപ്പോൾ നീണ്ട കരഘോഷത്തിൽ ജമൈക്ക ആസകലം മുങ്ങിപ്പോയിരുന്നു.

1979 ആയപ്പോഴേക്ക് ആഫ്രിക്കയുടെ മൊത്തം വിമോചന നായകൻറെ പരിവേഷം ബോബ് മാർളിക്കുണ്ടായിരുന്നു. അക്കാലത്ത് ഇറങ്ങിയ ആൽബങ്ങൾ പോലും അത്തരത്തിലായിരുന്നു. സിംബാബ്‌വെ, ആഫ്രിക്കൻ യുണൈറ്റ്, വെയ്ക്ക് അപ്പ് ആൻഡ് ലൈവ്, സർവൈവൽ എല്ലാം ആഫ്രിക്കയിലാകെ തീർത്തത് സ്വാതന്ത്ര പ്രഖ്യാപനത്തിന്റെ കാഹളങ്ങളായിരുന്നു. വർണവിവേചനത്തിന്റെ ദുരിതപർവങ്ങളെ അതിജീവിക്കാൻ ബോബ് മാർലിയുടെ ഗാനങ്ങൾ അവരെ പ്രാപ്തമാക്കുകയായിരുന്നു. ഓരോ പാട്ടും ഓരോ മുദ്രാവാക്ക്യം പോലെ അലയടിച്ചുകൊണ്ടിരുന്നു.

മനുഷ്യരുടെ വേദനയെ കുറിച്ച് പാടി നടന്ന മനുഷ്യൻ ഉള്ളിലൊരു തീരാവേദന കൊണ്ടുനടക്കുന്നുണ്ടെന്ന് അന്ന് ലോകത്തിനറിയില്ലായിരുന്നു. അതെ, കാലിലെ പെരുവിരലിൽ നിന്ന് അരിച്ചുകേറി തുടങ്ങിയ ക്യാൻസർ ആന്തരീകാവയവങ്ങളിലേക്ക് പടർന്നുകയറുകയായിരുന്നു. ബോബ് മാർലി പക്ഷെ പാട്ട് നിർത്തിയില്ല. മുമ്പ് പറഞ്ഞല്ലോ, ഒന്നിനും തന്നെ തടയാൻ കഴിയില്ലെന്ന പ്രഖ്യാപനമായിരുന്നല്ലോ ആ ജീവിതം.

1977 ൽ ആണ് കാലിലെ പെരുവിരലിൽ ഉണ്ടായ മുറിവ് എത്രയായിട്ടും ഉങ്ങാതിരിക്കുന്നത് ബോബ് മാർലിയെ അലട്ടുന്നത്. ഒടുക്കം ഡോക്ടറെ സമീപിക്കാൻ തന്നെ തീരുമാനിച്ചു. നിരവധി പരിശോധനകൾക്കൊടുവിൽ സ്ഥിരീകരിക്കപ്പെട്ടു, അത് സ്കിൻ ക്യാൻസറാണെന്ന്. വേദനിക്കുന്ന ശരീരവും വേദനിക്കുന്നവർക്കൊപ്പം നിൽക്കുന്നൊരു മനസ്സും കൊണ്ട് ബോബ് മാർലി സ്റ്റേജുകളിൽ മുടിയഴിച്ചിട്ട് ആടിത്തിമിർത്തു.

ശ്വാസകോശവും ഹൃദയവും കരളുമെല്ലാം ക്യാൻസർ കാർന്നുതിന്നുന്നു. ചോര ഛർദിച്ച് അവശനാകുന്നു. ഉള്ളിലാകെ വേദനയുടെ കനൽ. ബോബ് മാർലി പാടിക്കൊണ്ടേയിരുന്നു. 1981 മെയ് പതിനൊന്നിന് മിയാമി ഹോസ്പിറ്റലിൽ വെച്ച് ആ ഗാനം എന്നെന്നേക്കുമായ് നിലച്ചു. തന്റെ ഗാനം ഒരു കരച്ചിലാണെന്ന് പറഞ്ഞിരുന്ന ബോബ് മാർലി മനുഷ്യരെയാകെ കണ്ണീരിലാക്കി വിടപറഞ്ഞകലുമ്പോൾ പ്രായം മുപ്പത്തിയാറ് മാത്രമായിരുന്നു.

1983 ൽ ബോബ് മാർലിയുടെ മരണാന്തരം പുറത്തിറങ്ങിയ കോൺഫ്രണ്ടേഷൻ ആണ് അവസാന ആൽബം. ആ ആൽബത്തിലെ 'ബഫലോ സോൾജ്യർ' എന്ന ഗാനം എക്കാലത്തെയും മികച്ച ഹിറ്റായി. ബോബ് മാർലിയുടെ 'വൺ ലവ്' സഹസ്രാബ്ദത്തിന്റെ ഗാനമായി ബിബിസി തിരഞ്ഞെടുത്തു. 2001 ൽ ഗ്രാമി അവാർഡും ലഭിച്ചു. ബോബ് മാർലിക്കും ബോബ് മാർലിയുടെ ഗാനങ്ങൾക്കും ലഭിച്ച പുരസ്‌കാരങ്ങളുടെ പട്ടിക എണ്ണിപ്പറഞ്ഞാൽ തീരില്ല.

ഒരു ആയുഷ്കാലത്തേക്കുള്ള പാട്ടുകൾ മുപ്പത്താറു വർഷങ്ങൾ കൊണ്ട് പാടിത്തീർത്ത് അയാൾ വിശ്രമിക്കുകയാണ്. മരിച്ചത് മറ്റാരോ ആണെന്ന് തോന്നിപ്പിക്കും മട്ടിൽ അയാൾ ഇപ്പോഴും നമ്മെ തൊടുന്നു. ആ ഗാനങ്ങൾ നമ്മെ ആശ്ലേഷിക്കുന്നു. നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നു. നമ്മുടെ തലച്ചോറിനെ പ്രക്ഷുബ്ധമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in