ജനം നെട്ടോട്ടമോടിയ അഞ്ചാണ്ട്; നോട്ട് നിരോധനം കൊണ്ട് എന്ത് നേടി?

ജനം നെട്ടോട്ടമോടിയ അഞ്ചാണ്ട്; നോട്ട് നിരോധനം കൊണ്ട് എന്ത് നേടി?

രാജ്യത്ത് നോട്ടു നിരോധനം നടപ്പിലാക്കിയിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുകയാണ്. ഇരുട്ടിവെളുക്കും മുന്‍പേ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് അസാധുവാക്കിയ ഈ തീരുമാനത്തിന് കാരണമായി പ്രധാനമന്ത്രി പറഞ്ഞത് കള്ളപ്പണത്തിന്റെ അനിയന്ത്രിതമായ ഒഴുക്കായിരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതോടുകൂടി രാജ്യത്ത് കള്ളപ്പണം ഒഴുകുന്നത് തടയിടാനാകുമെന്നും, തീവ്രവാദപ്രവര്‍ത്തനങ്ങളെയും മയക്കുമരുന്ന് കച്ചവടങ്ങളെയും ഇല്ലാതാക്കാനാകുമെന്നുമാണ് മോദി പറഞ്ഞത്. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നടന്നില്ലെന്നുമാത്രമല്ല, അവയുടെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

അമ്പേ പാളിയ നോട്ടുനിരോധനം

അപ്രതീക്ഷിതമായി ജനങ്ങള്‍ക്ക് കിട്ടിയ അടിയായിരുന്നു നോട്ടുനിരോധനം. എ.ടി.എമ്മുകളിലും ബാങ്കുകളിലും വരിനിന്ന് ജനങ്ങളുടെ നടുവൊടിഞ്ഞതും, ബാങ്കുകളില്‍ പ്രതിസന്ധി സൃഷ്ടിച്ചതുമല്ലാതെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നോട്ടുനിരോധനം നേടിയില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. നോട്ടുനിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ എട്ടാം തിയതി വരെ ക്രയവിക്രയത്തിലായിരുന്ന നോട്ടുകളുടെ മൂല്യം 17.97 ലക്ഷം കോടി ആയിരുന്നു. അവയില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ 85 ശതമാനത്തോളമായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2016 -17 വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി വ്യക്തമാക്കുന്നുണ്ട്.

മാത്രമല്ല, ജനങ്ങളുടെ കയ്യിലുള്ള കറന്‍സിയുടെ മൂല്യവും വര്‍ധിച്ചതായി റിസര്‍വ് ബാങ്ക് ഡാറ്റകള്‍ വ്യക്തമാക്കുന്നുണ്ട്. 2021 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ജനങ്ങളുടെ കൈവശമുള്ള കറന്‍സിയുടെ മൂല്യം 17.97 ലക്ഷം കോടിയില്‍ നിന്ന് 57.48 ശതമാനം ഉയര്‍ന്ന് 28.30 ലക്ഷം കോടി രൂപയായി എന്നാണ് കണക്കുകള്‍.

തീവ്രവാദപ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കച്ചവടങ്ങളും അവസാനിപ്പിക്കും എന്നതായിരുന്നു മറ്റൊരു പ്രഖ്യാപനം. എന്നാല്‍ ഇവ നടന്നില്ലെന്നുമാത്രമല്ല, ആഗോള തീവ്രവാദ സൂചിക 2020 പ്രകാരം ഇന്ത്യയുടെ റാങ്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. ആക്രമണങ്ങളില്‍ 20 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദബാധിത പ്രദേശങ്ങളില്‍ ആദ്യ പത്തില്‍ ഇന്ത്യയും ഉണ്ട്. മയക്കുമരുന്ന് ഉപഭോഗവും വിതരണവും ഇന്നും വലിയ മാറ്റമില്ലാതെ തുടരുന്നു.

രാജ്യത്തെ അസംഘടിത മേഖലയെയാണ് നോട്ടുനിരോധനം നന്നേ ബാധിച്ചത്. സംഘടിത മേഖലകള്‍ പലവിധേനയും പിടിച്ചുനിന്നപ്പോള്‍ കറന്‍സികളിലൂടെയുള്ള ഇടപാടുകളില്‍ വലിയതോതില്‍ ആശ്രയിച്ചിരുന്ന ഇവര്‍ പെട്ടെന്നാണ് തകര്‍ന്നുപോയത്. ലക്ഷ്യങ്ങള്‍ നേടാതെ വരുമെന്ന് കണ്ടപ്പോള്‍ ഗവണ്മെന്റ് പിന്നീട് ഇന്ത്യയെ ക്യാഷ്ലെസ്സ് സമ്പദ് വ്യവസ്ഥ ആക്കുവാനാണ് ഉദ്ധേശമെന്നും പറഞ്ഞിരുന്നു. പക്ഷേ അതും നോട്ട് നിരോധനത്തിലൂടെ നടപ്പിലാക്കാന്‍ സാധിച്ചെല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിദഗ്ധര്‍ അന്നേ പറഞ്ഞത്

രഘുറാം രാജന്റെ ' ഐ ഡു വാട്ട് ഐ ഡു' എന്ന പുസ്തകത്തില്‍ അദ്ദേഹം നോട്ടുനിരോധനത്തെ പരമാ ര്‍ശിക്കുന്നുണ്ട്. അവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെന്ന് അദ്ദേഹം പറയുന്നുണ്ട്. പ്രത്യാഘാതങ്ങള്‍ നേട്ടങ്ങളെക്കാള്‍ കൂടുതലായിരിക്കുമെന്നും, ബദല്‍ മാര്‍ഗങ്ങള്‍ സമര്‍പ്പിച്ചെങ്കിലും ആരും ചെവികൊണ്ടില്ലെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിന് കുറച്ചുമുന്‍പ് വരെയുള്ള മീറ്റിംഗുകളില്‍ ആര്‍.ബി.ഐ ഉദ്യോഗസ്ഥര്‍ ഈ തീരുമാനത്തിന്റെ വിജയസാധ്യതയെക്കുറിച്ചുള്ള പല സംശയങ്ങളും മുന്നോട്ട് വെച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in