പ്രണയ നൈരാശ്യവും പ്രണയപ്പകയുമല്ല, മാനസയുടേത് ഫെമിസൈഡാണ്

പ്രണയ നൈരാശ്യവും പ്രണയപ്പകയുമല്ല, മാനസയുടേത് ഫെമിസൈഡാണ്

കോതമംഗലത്ത് മാനസ എന്ന ദന്തല്‍ സയന്‍സ് വിദ്യാര്‍ത്ഥിയെ അതിക്രൂരമായി ഒരു ക്രിമിനല്‍ വെടിവെച്ചു കൊല്ലുന്നു. പിന്നീട് അയാളും വെടിവെച്ച് മരിക്കുന്നു. നിഷ്ഠൂരമായ ഈ കൊലയെ പ്രണയപ്പകയെന്നും, പ്രണയ പ്രതികാരമെന്നും വിളിക്കേണ്ടതില്ല. പെണ്‍കുട്ടിയെ മാസങ്ങളായി പിന്തുടര്‍ന്നും കൃത്യമായി ആസൂത്രണം ചെയ്തുമുള്ള ക്രൈം ആണ് കോതമംഗലത്തേത്. അതിനെ ഈ വിധത്തില്‍ കാല്‍പ്പനികവത്കരിക്കേണ്ടതുമില്ല.

കോതമംഗലത്തെ മാനസ നേരിട്ടത് ഫെമിസൈഡാണ്. എന്താണ് ഫെമിസൈഡെന്ന് നമ്മള്‍ അറിയണം. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളില്‍ അസഭ്യപ്രയോഗം, മാനസിക പീഡനം, നിത്യേനയുള്ള ശാരീരകവും ലൈംഗികവുമായ അതിക്രമം തുടങ്ങി നിരവധി പീഡനങ്ങള്‍ ഉള്‍പ്പെടുന്നു.

ഇതിന്റെ ഏറ്റവും അറ്റത്ത് നില്‍ക്കുന്നതും അത്യന്തം ഹീനവുമായ കൃത്യമാണ് ഫെമിസൈഡ് അഥവാ സ്ത്രീകള്‍ക്കതിരായ ആസൂത്രിത കൊല. അത്തരത്തില്‍ ഒരു നിഷ്ഠൂര കൊലപാതകമാണ് കോതമംഗലത്ത് നടന്നത്.

കണ്ണൂര്‍ നാറാത്ത് സ്വദേശിനി മാനസ, കൊലപ്പെടുത്തിയ രാഖിലില്‍ നിന്ന് നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് അച്ഛന്റെ വാക്കുകളില്‍ നിന്ന് മനസിലാക്കാനാകുന്നത്.

അവര്‍ മാതാപിതാക്കളെ ഇക്കാര്യം അറിയിക്കുകയും പൊലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. അവിടെ പ്രണയമില്ല. ഒരു കുറ്റകൃത്യത്തിന് മേലുള്ള പരാതിപ്പെടലാണ് ഉള്ളത്.

മാനസയും രഖിലും ഇന്‍സ്റ്റഗ്രാമിലൂടെയാണോ ഫേസ്ബുക്കിലൂടെയാണോ, വാട്‌സ്ആപ്പിലൂടെയാേേണാ, ഡേറ്റിങ്ങ് ആപ്പിലൂടെയാണോ പരിചയപ്പെട്ടത് എന്നതും സാമൂഹിക മാധ്യമത്തിന്റെ ദുരുപയോഗ സാധ്യതയോ അല്ല ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്.

ഒരു അബ്യൂസീവ് റിലേഷന്‍ഷിപ്പിന് നോ പറഞ്ഞതിന് ഫെമിസൈഡിന് ഇരയാകേണ്ടി വന്നയാളാണ് മാനസ. അതായത് സ്ത്രീകള്‍ക്ക് നേരെയുള്ള കരുതികൂട്ടിയുള്ള കൊലപാതകത്തിന് ഇരയായ അനേകം പെണ്‍കുട്ടികളിലൊരാള്‍.

നോ പറഞ്ഞ് പിന്‍മാറിയ ഒരാളെ വകവരുത്താന്‍ നാല് ലക്ഷം രൂപയുടെ തോക്ക് സംഘടിപ്പിക്കുന്നു. അത് ഉപയോഗിക്കാന്‍ പരിശീലിക്കുന്നു. ഇരയ്ക്കായി അവരുടെ താമസസ്ഥലത്തിനടുത്ത് ഒരു മാസം മുന്‍പ് വാടക വീടെടുക്കുന്നു. അവളെ മുഴുവന്‍ നേരവും നിരീക്ഷിക്കുന്നു. ചുറ്റുവട്ടത്ത് അധികം ആരുമില്ലാത്ത സമയം കണ്ടെത്തി കൃത്യം നടപ്പാക്കുന്നു. മാസങ്ങളോളമുള്ള നിരീക്ഷണത്തിനും ആസൂത്രണത്തിനുമൊടുവില്‍ സമയം നിശ്ചയിച്ച് വീടിനകത്ത് അതിക്രമിച്ച് കയറി ഒരാളെ വെടിവെച്ചു കൊല്ലുന്നതിനെ പ്രണയനൈരാശ്യമെന്നും പ്രണയപ്പകയെന്നും വ്യാഖ്യാനിക്കരുത്.

രഖിലിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അയല്‍വാസികളെയും തേടിപിടിച്ച് മാനസയും രഖിലും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും, പ്രണയം തകര്‍ന്ന നിരാശയില്‍ നടത്തിയ കൊലപാതകമെന്നും നിസാരവല്‍ക്കരിക്കരുത്.

മാനസ കൊലപാതകത്തിന്റെ അനുബന്ധ വാര്‍ത്തകളും ഫീച്ചറും ചര്‍ച്ചയും നടത്തുമ്പോള്‍ അതിനെ പ്രണയികള്‍ക്കിടയിലെ പ്രതികാരവും, പ്രണയത്തകര്‍ച്ചയിലെ വാശിയുമായി കാല്‍പ്പനികവല്‍ക്കരിക്കുന്നത് സാമൂഹിക കുറ്റകൃത്യം കൂടിയാണ്.

ലിംഗനീതിയെന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനമെന്തെന്ന് മനസിലാകാത്ത സമൂഹത്തിലേക്കാണ് ഇത്തരം വ്യാഖ്യാനങ്ങള്‍ ചെല്ലുന്നത്. അപരിചിതരോട് മെസഞ്ചറിലോ, ഇന്‍സ്റ്റഗ്രാമിലോ സംസാരിക്കാന്‍ മെനക്കടണോ, സ്വയം വരുത്തി വെക്കുന്ന ദുരന്തങ്ങളല്ലേ തുടങ്ങിയ പൊതുബോധ തീര്‍പ്പുകളാണ് ഇത്തരം വാര്‍ത്തകളിലൂടെ സംഭവിക്കുക.

പെണ്‍കുട്ടികളെ കൂടുതല്‍ കൂടുതല്‍ ചുരുങ്ങിയ ഇടങ്ങളിലേക്ക് തളക്കുന്നതിലേക്കാവും ഈ വിധിതീര്‍പ്പുകള്‍ എത്തിക്കുക.

ഫെമിസൈഡിന്റെ പൊള്ളുന്ന കഥകള്‍ പേറി, ജീവിതം ആകെ തലകീഴായി മറിഞ്ഞ് അനേകം കുടുംബങ്ങള്‍ കേരളത്തില്‍ ഇന്നും ജീവിക്കുന്നുണ്ട്. ഫെമിസൈഡ് കേരളത്തിന് ഒറ്റപ്പെട്ടതല്ല, ഇതേ കൊവിഡ് കാലത്ത് ഒരു മാസം മുമ്പാണ് കടക്ക് തീയിട്ട് അച്ഛന്റെ ശ്രദ്ധ തിരിച്ച ശേഷം പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി കുത്തിക്കൊലപ്പെടുത്തിയത്.

ആലപ്പുഴയിലെ പൊലീസുകാരിയായ സൗമ്യ, തൃശ്ശൂരിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി നീതു, കാക്കനാട്ടെ ദേവിക ഇങ്ങനെ നീളുന്നു കേരളത്തിലെ ഫെമിസൈഡുകളുടെ പട്ടിക.

പ്രണയ നൈരാശ്യത്താലുള്ള കൊലപാതകം എന്ന പേരിട്ട് അതിനെ ലഘൂകരിക്കരുത്, സാമൂഹികമായി നമ്മള്‍ പഠിച്ചും പഠിപ്പിച്ചും, പാലിച്ചും വരുന്ന ശീലങ്ങളുടെയും കാഴ്ചപ്പാടുകളുടെയും പ്രശ്‌നങ്ങള്‍ കൂടി ഇതിലുണ്ട്. ലിംഗനീതിയെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചുമുള്ള അജ്ഞതയുടെ പ്രശ്‌നങ്ങളുമുണ്ട്. തങ്ങള്‍ക്കിഷ്ടമില്ലാത്തിടത്ത് നിന്ന് ഇറങ്ങിപ്പോരുന്ന ഒരു സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തുന്ന രീതിയിലേക്കാണ് അത് വളര്‍ന്ന് പന്തലിച്ച് ഭയപ്പെടുത്തി നില്‍ക്കുന്നത്.

നമ്മുടെ സംവിധാനങ്ങളില്‍ തന്നെ മാറ്റമുണ്ടാകണം. ഈ കൊല്ലപ്പെട്ടവരില്‍ പലരും നേരത്തെ തന്നെ പൊലീസിനെ സമീപിച്ചിരുന്നു. മാനസയുടെ കുടുംബവും പ്രശ്‌നങ്ങളുമായി ആദ്യം പൊലീസ് സ്റ്റേഷനിലാണ് എത്തിയത്. ഇത്തരം പ്രശ്‌നങ്ങളിലെ നീതിനിഷേധത്തെ തിരിച്ചറിയാന്‍ ഡിവോഴ്‌സ് ഓവര്‍സ്പീഡാണെന്ന് ഒരുമടിയുമില്ലാതെ എഴുതുന്ന, അതിലെന്താണ് പ്രശ്‌നമെന്ന് ചോദിക്കുന്ന, പെണ്‍കുട്ടികളോട് പ്രൊഫൈല്‍ പിച്ചറിടതരുതെന്ന് പറയുന്ന, സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് വിധിയെഴുതുന്ന പൊലീസിന് മനസിലാകണമെന്നില്ല. അവരെകൂടി പഠിപ്പിക്കേണ്ടതുണ്ട്.

ഫെമിസൈഡിനെക്കുറിച്ച് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലൂടെ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വിവരം ലോകത്ത് ആകെ നടക്കുന്ന സ്ത്രീകളുടെ കൊലപാതകത്തില്‍ 35 ശതമാനവും ഇന്റിമേറ്റ് ഫെമിസൈഡ് ആണ് എന്നതാണ്. അതായത് ലോകത്തിലെ 35 ശതമാനം സ്ത്രീകളെയും കൊലപ്പെടുത്തുന്നത് അവരുടെ ജീവിത പങ്കാളിയോ കാമുകരോ ആണ്. മറ്റൊന്ന് നോണ്‍ ഇന്റിമേറ്റ് ഫെമിസൈഡുകളുടെ എണ്ണവും ലോകത്ത് വര്‍ദ്ധിച്ചുവരുന്നുവെന്നാണ്. നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഈ കണക്കുകള്‍ കേരളത്തെയും ആശങ്കപ്പെടുത്തേണ്ടതുണ്ട്. എന്ത് ചെയ്യാനാകുമെന്ന് നമ്മുടെ സംവിധാനങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. അവയ്ക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

Related Stories

No stories found.
The Cue
www.thecue.in