ഏഷ്യാനെറ്റ് വേദിയില്‍ ചാനലിനും മാധ്യമങ്ങള്‍ക്കും വിമര്‍ശനവുമായി മുഖ്യമന്ത്രി

ഏഷ്യാനെറ്റ് വേദിയില്‍ ചാനലിനും മാധ്യമങ്ങള്‍ക്കും വിമര്‍ശനവുമായി മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വേദിയില്‍ ചാനലിനെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാരം ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് സമ്മാനിച്ച് സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ മാധ്യമവിമര്‍ശനം.

മുഖ്യമന്ത്രി ഏഷ്യാനെറ്റ് വേദിയില്‍ പറഞ്ഞത്

ഏഷ്യാനെറ്റ് ചെയ്യുന്ന കാര്യങ്ങളോട് വിമര്‍ശനമുള്ളവര്‍ പോലും സാമൂഹികരംഗത്തെ ഏഷ്യാനെറ്റ് ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ സ്വാഗതം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. സാമൂഹിക രംഗത്തെ ഇടപെടലുകളില്‍ കാണുന്ന നാടിനോടും ജനങ്ങളോടുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും അതേ അളവില്‍ തന്നെ വാര്‍ത്താവിന്യാസ കാര്യങ്ങളില്‍ കൂടി ആഗ്രഹിച്ചാല്‍ അവരെ കുറ്റം പറയാനും ആകില്ല

കേരളത്തിന്റെയും കേരളീയരുടെയും പൊതുവായ താത്പര്യം മുന്‍ നിര്‍ത്തിയുള്ള നീക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ മലയാളത്തില്‍ പ്രചാരമുള്ള മാധ്യമങ്ങളില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റായി ആരും കാണില്ല. ഏഷ്യാനെറ്റിന്റെ ചില വാര്‍ത്താ കാമ്പയിനുകളെങ്കിലും കാണുമ്പോള്‍ അത് മറ്റൊരു വിധത്തിലായിരുന്നെങ്കിലെന്ന് കേരളത്തിന്റെ ക്ഷേമത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ താത്പര്യമുള്ള പലരും ചിന്തിച്ചു പോയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മഹാപ്രളയം ഏറ്റുവാങ്ങിയപ്പോള്‍ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന കേന്ദ്രസസഹായം, വാഗ്ദാനം ചെയ്യപ്പെട്ട സഹായധനം, വിദേശരാജ്യങ്ങളില്‍ നിന്ന് ലഭിക്കും എന്ന് വാഗ്ദാനം ലഭിച്ച സഹായധനം, അത് നേടാനുള്ള ശ്രമം, വിദേശ മലയാളികളില്‍ നിന്ന് ലഭിക്കാവുന്ന സഹായം കൈപ്പറ്റാന്‍ സംസ്ഥാനമന്ത്രിമാര്‍ വിദേശത്ത് പോകാന്‍ ഒരുങ്ങിയപ്പോള്‍ അത് വിലക്കിയ കേന്ദ്ര നടപടി, സാലറി ചാലഞ്ച് എന്ന പുതുമയാര്‍ന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ ജീവനക്കാരടക്കം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ കൈക്കൊണ്ട തീരുമാനം, ഇങ്ങനെയുള്ള ഒട്ടേറെ കാര്യങ്ങളില്‍ കേരളത്തിന്റെയും കേരളീയരുടെയും പൊതുവായ താത്പര്യത്തിനൊത്താണോ കേരളത്തിലെ പ്രചാരമുള്ള പല മാധ്യമങ്ങളും നിന്നത് എന്ന കാര്യത്തില്‍ സംശയമുള്ളയാളാണ് ഞാന്‍.

മന്ത്രിമാര്‍ ചെന്നാല്‍ വിദേശത്തു നിന്ന് കൂടുതല്‍ പണം സമാഹരിക്കാന്‍ കഴിയുമെന്നിരിക്കെ അവരെ ആ ദൗത്യവുമായി അയക്കാന്‍ തീരുമാനിച്ചതിനെ മന്ത്രിമാരുടെ ലോകം ചുറ്റാനുള്ള വ്യഗ്രതയായാണോ അവതരിപ്പിക്കേണ്ടത്. അത്തരം ഒരു സന്ദര്‍ഭത്തില്‍ കേരളത്തിന്റെ താത്പര്യത്തിനൊത്താണോ അതോ ആ സാധ്യതയെ തന്നെ അടച്ചുകളഞ്ഞ വിലക്കിന്റെ താത്പര്യത്തിനൊത്താണോ കേരളത്തിലെ മാധ്യമങ്ങള്‍ നില്‍ക്കേണ്ടത് ?

മുഖ്യമന്ത്രി പിണറായി വിജയന്‍

ഇത് എന്റെ മാത്രം വ്യക്തിപരമായ സംശയമല്ല, ദുരിതാശ്വാസ നിധിയിലേക്കും കേരള പുനനിര്‍മാണ നിധിയിലേക്കും ഉദാരമായി സംഭാവന ചെയ്യാന്‍ എത്തിയ നിരവധി പേര്‍ സംഭാവന ചെയ്യുന്ന വേളയില്‍ പങ്കിട്ട ഉത്കണ്ഠ കൂടിയാണിത്, എന്ത് കൊണ്ടാണ് മാധ്യമങ്ങള്‍ ഇങ്ങനെയെന്ന് ചോദിച്ച നിരവധി പേരുണ്ട്. ദുരിതാശ്വാസനിധി ശക്തിപ്പെടേണ്ടതും കേരള പുനര്‍നിര്‍മ്മാണപ്രക്രിയ ശക്തിപ്പെടേണ്ടതും ഏതെങ്കിലും ഒരു സര്‍ക്കാരിന്റെയോ രാഷ്ട്രീയ മുന്നണിയുടെയോ മാത്രം താത്പര്യമാണോ ?

മന്ത്രിമാര്‍ ചെന്നാല്‍ വിദേശത്തു നിന്ന് കൂടുതല്‍ പണം സമാഹരിക്കാന്‍ കഴിയുമെന്നിരിക്കെ അവരെ ആ ദൗത്യവുമായി അയക്കാന്‍ തീരുമാനിച്ചതിനെ മന്ത്രിമാരുടെ ലോകം ചുറ്റാനുള്ള വ്യഗ്രതയായാണോ അവതരിപ്പിക്കേണ്ടത്. അത്തരം ഒരു സന്ദര്‍ഭത്തില്‍ കേരളത്തിന്റെ താത്പര്യത്തിനൊത്താണോ അതോ ആ സാധ്യതയെ തന്നെ അടച്ചുകളഞ്ഞ വിലക്കിന്റെ താത്പര്യത്തിനൊത്താണോ കേരളത്തിലെ മാധ്യമങ്ങള്‍ നില്‍ക്കേണ്ടത് ?

വിദേശത്തു നിന്ന് പണം ലഭിക്കുമെന്ന് വന്നു, ആ ഘട്ടത്തില്‍ കേരളത്തിലെ മാധ്യമസ്ഥാപനങ്ങള്‍ ആ പണം ലഭിക്കുന്നതിന് അനുകൂലമായ നിലപാടാണോ എടുക്കേണ്ടത് അതോ ആ പണം ലഭിക്കുന്നതിനെ വിലക്കുന്നതിന് അനുകൂലമായ നടപടിയാണോ എടുക്കേണ്ടത് ? ഊര്‍ജസ്വലമാം വിധം കേരളത്തില് എമ്പാടും പുനര്‍നിര്‍മാണ പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രതീക്ഷിച്ച വേഗത്തിലാകാത്ത ഒന്ന് എവിടെ നിന്നോ കണ്ടെത്തി പൊതു സ്ഥിതി അതാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് കാമ്പയിന്‍ നടത്തുന്നത് മാധ്യമധര്‍മ്മമാണോ ? അങ്ങനെ ചെയ്യുന്നത് പൊതുവിലുള്ള ക്ഷേമവികസന പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നതില്‍ നിന്ന് പിന്തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഒന്നാവില്ലേ ഇങ്ങനെയൊക്കെയുള്ള നിരവധി ചോദ്യങ്ങള്‍ ദുരിതാശ്വാസ തുക ഏറ്റുവാങ്ങുന്ന ഘട്ടങ്ങളില്‍ എനിക്ക് നേരിടേണ്ടി വന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക പൂര്‍ണ്ണമായും കിട്ടാത്ത നില പലതാത്പര്യങ്ങള്‍ ചേര്‍ന്ന് ഇവിടെ ഉണ്ടാക്കിയിട്ടും, പുതിയ വഴികള്‍ കണ്ട് പ്രതിസന്ധികളെ മറികടന്ന് സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ് ചെയ്തത്. അതിലൊന്നാണ് കുട്ടനാടും സമീപപ്രദേശങ്ങളില്‍ പുതിയ നിര്‍മാണ രീതികള്‍ അവലംഭിച്ച് ഉണ്ടാക്കിയ പുതിയ കെട്ടിടങ്ങള്‍. അവ അന്നൊന്നും കാണാന്‍ കൂട്ടാക്കാഞ്ഞ കെട്ടിടങ്ങള്‍ ഇക്കൊല്ലം പ്രളയം വന്നപ്പോള്‍ ആ കെട്ടിടങ്ങള്‍ മുങ്ങിയില്ല എന്നു റിപ്പോര്‍ട്ട് ചെയ്തു. മുങ്ങാത്ത കെട്ടിടങ്ങള്‍ അവിടെ സ്വയംഭൂവായി ഉയര്‍ന്നു വന്നതല്ല എന്ന് ഓര്‍മിപ്പിക്കട്ടെ കേരളത്തിന്റെ പൊതുവായ താത്പര്യം സംരക്ഷിക്കലാണ് പ്രധാനം. രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഒന്നിച്ചു നിന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും നിര്‍ഭാഗ്യവശാല്‍ പലപ്പോഴും അതുണ്ടാവുന്നില്ല.

ചിലരെങ്കിലും ചിലപ്പോള്‍ കേരളീയരുടെയും കേരളത്തിന്റെയും പൊതുനിലപാടുകളെ ഹനിക്കുന്നവരുടെ നിലപാടുകളെ പ്രകീര്‍ത്തിക്കുന്ന സ്ഥിതിയുണ്ടാകുന്നു. രാഷ്ട്രീയമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്ന സര്‍ക്കാരാണിത്. ഇവിടെ അഭ്യര്‍ഥിക്കുന്നത് രാഷ്ട്രീാ താത്പര്യങ്ങള്‍ ക്ഷേമവികസനതാത്പര്യങ്ങളെ അട്ടിമറിക്കുന്ന വിധത്തിലാകരുത്

മാധ്യമങ്ങളോട് കൂടുതല്‍ സൗഹൃദം സ്വീകരിക്കണം

മുഖ്യമന്ത്രി തങ്ങളോടും മാധ്യമങ്ങളോടും കൂടുതല്‍ സൗഹൃദം സ്വീകരിക്കണമെന്ന അഭ്യര്‍ഥനയുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ പറഞ്ഞു. വ്യക്തിപരമായി കുടുംബബന്ധുവിനെ പോലെയും ജ്യേഷ്ഠ സഹോദരനെ പോലെയും അറിയാവുന്ന വ്യക്തിയാണ്. പക്ഷേ മാധ്യമ പ്രവര്‍ത്തകനായ എന്നെ അദ്ദേഹം പൂരപ്പറമ്പില്‍ കണ്ട പരിചയം പോലും കാണിക്കാറില്ല എന്നത് ശരിയാണ് നാല് വര്‍ഷമായി ഞാന്‍ അഭിമുഖം ചോദിക്കുന്നു, അല്‍പ്പം അതിരുകടന്ന സ്വാതന്ത്ര്യമെടുത്തു കൊണ്ടാണ് താന്‍ ഇത് പറയുന്നതെന്നും എം ജി രാധാകൃഷ്ണന്‍.

No stories found.
The Cue
www.thecue.in