‘ദേശസ്‌നേഹം ഞങ്ങളുടെ ഈമാന്റെ ഭാഗം’, മൂന്നാമത്തെ തട്ടകത്തിലെത്തുമ്പോള്‍ ‘ദേശീയ മുസ്ലി’മെന്ന് അബ്ദുള്ളക്കുട്ടി
Explainer

‘ദേശസ്‌നേഹം ഞങ്ങളുടെ ഈമാന്റെ ഭാഗം’, മൂന്നാമത്തെ തട്ടകത്തിലെത്തുമ്പോള്‍ ‘ദേശീയ മുസ്ലി’മെന്ന് അബ്ദുള്ളക്കുട്ടി

THE CUE

THE CUE

നിങ്ങളെന്നെ കോണ്‍ഗ്രസാക്കി എന്ന പുസ്തകത്തിനുള്ള മുഖവുരയുമായാണ് 2009ല്‍ എ പി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. ന്യൂഡല്‍ഹി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ നിന്ന് വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ കണ്ണൂരിലെ അല്‍ഭുതക്കുട്ടിയായി സിപിഐഎമ്മും പിന്നീട് കോണ്‍ഗ്രസും ആഘോഷിച്ച അബ്ദുളളക്കുട്ടി പറയുന്നത് തന്നെ ഇനി ദേശീയ മുസ്ലിം എന്ന് വിശേഷിപ്പിക്കണമെന്നാണ്.

ജെപി നദ്ദയ്‌ക്കൊപ്പം കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി, എന്‍ഡിഎ ഉപാധ്യക്ഷനും എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അബ്ദുള്ളക്കുട്ടി സമീപദിവസങ്ങളിലെ അഭ്യൂഹങ്ങളെ ശരിവച്ച് ബിജെപിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ആശിര്‍വാദത്തോടെയാണ് ഡല്‍ഹിയില്‍ നിന്ന് അംഗത്വം എടുത്തതെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

പാട്രിയോട്ടിസം, ദേശസ്‌നേഹം ഞങ്ങളുടെ ഈമാന്റെ ഭാഗമാണ്. ദക്ഷിണേന്ത്യയില്‍ ബിജെപി സര്‍ക്കാരും മുസ്ലിങ്ങളും തമ്മില്‍ ചില സ്ഥലങ്ങളിലെങ്കിലും മാനസിക ഐക്യം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. മുസ്ലിങ്ങളും ബിജെപിയും തമ്മിലുള്ള അകലം ഇല്ലാതാക്കാനായിരിക്കും ശ്രമമെന്ന് അബ്ദുള്ളക്കുട്ടി. സിപിഐഎമ്മും പിന്നീട് കോണ്‍ഗ്രസ് പുറത്താക്കിയത് ഒരേ കാരണത്താലാണെന്ന് അബ്ദുള്ളക്കുട്ടി. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സൂപ്പര്‍പവറാകുമെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.

ഇടത് കോട്ടയായ കണ്ണൂരില്‍ നിന്ന് കരുത്തനായ വിദ്യാര്‍ത്ഥി നേതാവായാണ് എസ് എഫ് ഐയിലൂടെ അബ്ദുള്ളക്കുട്ടി രാഷ്ട്രീയത്തിലെത്തുന്നത്. എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തിയ അബ്ദുള്ളക്കുട്ടിയെ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയ നീക്കമാണ് പാര്‍ട്ടിയുടെ അല്‍ഭുതക്കുട്ടിയാണ് ഈ നേതാവിനെ മാറ്റിയത്. മുല്ലപ്പള്ളിയെ തറപറ്റിച്ചുള്ള വിജയം 2004ലും കണ്ണൂരില്‍ മത്സരിക്കാനുള്ള നിയോഗത്തിലെത്തിച്ചു.

2009ല്‍ സിപിഐഎമ്മും പത്ത് വര്‍ഷത്തിനിപ്പുറം 2019ല്‍ കോണ്‍ഗ്രസും അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത് ഒരേ കാരണത്തിലാണെന്നതിലാണ് കൗതുകം. രണ്ട് വട്ടം നരേന്ദ്രമോദി ആരാധനയാണ് അബ്ദുള്ളക്കുട്ടിക്ക് വിനയായത്. സിപിഐഎമ്മില്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി ഇനിയൊരു ഊഴം ലഭിക്കില്ലെന്നും പാര്‍ട്ടിയില്‍ വളര്‍ച്ചയുണ്ടാവില്ലെന്നും മനസിലാക്കി മറ്റൊരു പാര്‍ട്ടിയില്‍ ചേക്കാറാന്‍ അബ്ദുള്ളക്കുട്ടി ശ്രമം തുടങ്ങിയിരുന്നതിന് പിന്നാലെയായിരുന്നു ആദ്യ മോദി സ്തുതി. സിപിഐഎം എംപിയായിരിക്കെ നരേന്ദ്രമോദിയുടെ ഗുജറാത്ത് വികസന മോഡലിലെ വാനോളം വാഴ്ത്തിയ അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍ നിന്ന് പുറത്തായതിന് പിന്നാലെ നിങ്ങളെന്നെ കോണ്‍ഗ്രസാക്കി എന്ന പുസ്തകവും പുറത്തിറക്കി.

സിപിഎമ്മിനെ ബദ്ധവൈരിയായി കാണുന്ന കെ സുധാകരന്റെ ആശിര്‍വാദത്തോടെയാണ് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തുന്നത്. സുധാകരന്റെ വിശ്വസ്ഥനായാണ് പിന്നീട് അറിയപ്പെട്ടിരുന്നതും. അബ്ദുള്ളക്കുട്ടി മുസ്ലീം ലീഗിലേക്ക് പോകാന്‍ ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന അഭ്യൂഹം നിലനില്‍ക്കെയായിരുന്നു കോണ്‍ഗ്രസിലേക്കുള്ള കൂടുമാറ്റം. കെ സുധാകരന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉണ്ടായ ഒഴില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി. പിന്നീട് 2011ലും കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് എംഎല്‍എ.

കോണ്‍ഗ്രസിലും നില പരുങ്ങലിലാണെന്ന തിരിച്ചറിവിലാണ് അബ്ദുള്ളക്കുട്ടി കളം മാറാന്‍ ആലോചന തുടങ്ങിയത്. സിപിഐഎം പുറത്താക്കിയപ്പോള്‍ കൈപിടിച്ച് കോണ്‍ഗ്രസിലെത്തിച്ച കെ സുധാകരനുമായി അകന്നതും നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പാര്‍ട്ടി പദവികളിലും പ്രതീക്ഷിക്കുന്ന പരിഗണന ഇനി കിട്ടാനില്ലെന്ന് മനസിലാക്കി തന്നെയാണ് കണ്ണൂരില്‍

ഇടതിനും വലതിനും അത്ഭുതക്കുട്ടിയായിരുന്ന നേതാവ് മൂന്നാം താവളത്തിലേക്ക് ചേക്കേറിയതെന്ന് വേണം മനസിലാക്കാന്‍. സിപിഐഎമ്മിലൂടെ രണ്ട് തവണ ലോക്‌സഭയിലേക്കും, കോണ്‍ഗ്രസിലൂടെ രണ്ട് തവണ നിയമസഭയിലേക്കും ജയിച്ചെത്താനായ നേതാവെന്നതും അബ്ദുള്ളക്കുട്ടിക്ക് ബിജെപി ദേശീയ നേതൃത്വവുമായി അടുപ്പമുണ്ടാക്കാന്‍ സഹായകമായിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറും വി മുരളീധരനുമാണ് അബ്ദുള്ളക്കുട്ടിയുടെ ബിജെപി പാളയത്തിലേക്കുള്ള യാത്ര എളുപ്പമാക്കിയതെന്നറിയുന്നു.

The Cue
www.thecue.in