രാജു നാരായണസ്വാമി
രാജു നാരായണസ്വാമി

നിറം നോക്കാതെ എലിയെ പിടിച്ച പൂച്ച: ആരാണ് രാജു നാരായണസ്വാമി?

22 വര്‍ഷങ്ങള്‍ക്കിടെ 20 ട്രാന്‍സ്ഫറുകള്‍. ശരാശരി കണക്കാക്കിയാല്‍ ഒരു തസ്തികയില്‍ 13 മാസം മാത്രം. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷഒന്നാം റാങ്കോടെ പാസായ ചങ്ങനാശ്ശേരിക്കാരന്‍ രാജു നാരായണ സ്വാമി ഐഎഎസിന്റെ ട്രാക്ക് റെക്കോഡാണിത്. ഈ സ്ഥാനമാറ്റങ്ങളില്‍ ഒന്നുപോലും കൃത്യവിലോപത്തിന്റേയോ ക്രമക്കേടിന്റെയോ പേരില്‍ അല്ല എന്നുകൂടി ചേര്‍ത്താല്‍ മതി രാജു നാരായണ സ്വാമി ആരാണ് എന്നറിയാന്‍.

വിഎസ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ദൗത്യത്തിന്റെ കാലത്താണ് രാജു നാരായണസ്വാമി എന്ന പേര് ഏറ്റവും കൂടുതല്‍ തവണ ഉയര്‍ന്നുകേട്ടത്. 'നിറം നോക്കാതെ എലിയെ പിടിക്കുന്ന പൂച്ച' എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച രാജു അന്ന് ഇടുക്കി കളക്ടറായിരുന്നു. 2007ല്‍ ഇടുക്കി കളക്ടറായിരുന്ന സമയത്ത് തന്നെ രാജു നടത്തിയ അന്വേഷണത്തേത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി യു കുരുവിളയ്ക്ക് രാജിവെക്കേണ്ടിവന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് മന്ത്രി രാജിവെക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. മുന്‍ മന്ത്രി പി ജെ ജോസഫിനും ബന്ധുക്കള്‍ക്കും അനധികൃത ഭൂമിയുണ്ടെന്ന ആരോപണത്തിന്മേലും അദ്ദേഹം അന്വേഷണം നടത്തിയിരുന്നു.

മദ്രാസ് ഐഐടി റാങ്ക് ഹോള്‍ഡറായ രാജു 16 ബിരുദാനന്തര ബിരുദ പരീക്ഷകളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പല വിഷയങ്ങളിലായി 26 പുസ്തകങ്ങളുടെ രചയിതാവുമാണ് രാജു നാരായണസ്വാമി. ‘ശാന്ത്രിമന്ത്രം മുഴങ്ങുന്ന താഴ്‌വരയില്‍’ എന്ന യാത്രാനുഭവം അദ്ദേഹത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹനാക്കി.

ഇടുക്കിയടക്കം അഞ്ച് ജില്ലകളിലാണ് രാജു കളക്ടറായി സേവനം അനുഷ്ഠിച്ചത്. ഫിഷറീസിന്റേയും കോളേജ് വിദ്യാഭ്യാസകാര്യവകുപ്പിന്റേയും ഡയറക്ടറായി. സിവില്‍ സപ്ലൈസ് വകുപ്പില്‍ കമ്മീഷണര്‍ ആയിരിക്കവെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. വകുപ്പിന് കീഴില്‍ നടക്കുന്ന വലിയൊരു അഴിമതി വെളിച്ചത്ത് കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തെ തെറിപ്പിച്ചതെന്ന് ആരോപണമുണ്ട്. മാര്‍ക്കറ്റ്‌ഫെഡ് മാനേജിങ് ഡയറക്ടറായിരുന്ന കാലത്ത് ചെയര്‍മാനായിരുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ചില താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നതിനാല്‍ നിര്‍ബന്ധിത ലീവില്‍ പ്രവേശിപ്പിക്കപ്പെട്ടു. മന്ത്രി ടി യു കുരുവിള രാജി വെച്ച 2007ന് ശേഷമാണ് 'മണികെട്ടല്‍' അടുത്തതലത്തിലേക്ക് കടക്കുന്നത്. ചെറിയ ചുമതലകളിലേക്ക് അദ്ദേഹത്തെ ഒതുക്കി. രാജു നാരായണസ്വാമി തന്നേക്കാളും ജൂനിയറായ ഉദ്യോഗസ്ഥരുടെ കീഴില്‍ ജോലി ചെയ്തു. 2007ന് ശേഷമുള്ള കുറേക്കാലം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ കമ്മീഷനുകീഴില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്നു അദ്ദേഹം. അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷറായും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുള്ള രാജു ഏറ്റവും ഒടുവില്‍ എത്തിയത് നാളികേര വികസന ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്താണ്. മാര്‍ച്ചില്‍ സിഡിബിയിലെ ചുമതലയില്‍ നിന്നും 'അഴിമതി രഹിത' സര്‍ക്കാര്‍ അദ്ദേഹത്തെ നീക്കി.

നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ സ്വീകരിച്ച അഴിമതി വിരുദ്ധ നടപടികള്‍ക്ക് ലഭിച്ച പ്രതിഫലമാണ് ഇത്. സിഡിബിയിലെ അഴിമതിയേക്കുറിച്ച് വിശദമായി അന്വേഷണം നടത്തി സിബിഐക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആയിരക്കണക്കിന് അഴിമതികളില്‍ നിന്ന് മുകള്‍തട്ടിലുള്ളവയാണ് കണ്ടെത്തിയത്. ഞാന്‍ തിരിച്ചെത്തിയാല്‍ ഇതിന് പിന്നിലുള്ള എല്ലാവരേയും കണ്ടെത്തും എന്നതിനാലാണ് എനിക്കെതിരെ നടപടിയുണ്ടായത്.

രാജു നാരായണസ്വാമി

രാജു നാരായണസ്വാമി
‘നാല് മാസമായി ശമ്പളമില്ല’; പുറത്താക്കാനുള്ള സര്‍ക്കാര്‍ വേട്ട അഴിമതി കണ്ടെത്തിയതിനാലെന്ന് രാജു നാരായണസ്വാമി

സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചത് ചൂണ്ടിക്കാട്ടിയാണ് തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തേക്കുറിച്ച് രാജു നാരായണ സ്വാമി പ്രതികരിച്ചത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ച അന്ന് തന്നെ ഇത്തരത്തിലൊരു നീക്കം തനിക്കെതിരെയുണ്ടായത് സംവിധാനത്തിന്റെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഗോഡ്ഫാദര്‍മാരുള്ളവര്‍ക്ക് മാത്രമാണ് സംരക്ഷണം ലഭിക്കുന്നത്. അഴിമതിക്കെതിരെ നിലപാട് എടുക്കുന്നവരുടെ ജീവിതമാര്‍ഗം വഴിമുട്ടിക്കുകയാണെന്നും ഇക്കാര്യത്തില്‍ ആരേയും കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറയുന്നു. നൂറുകണക്കിന് ഐഎഎസ് ഉദ്യോഗസ്ഥരുള്ള ഈ നാട്ടില്‍ എന്തുകൊണ്ടാണ് സത്യസന്ധമായി കൃത്യനിര്‍വ്വഹണം നടത്തുന്നത് ഇത്രയേറെ വാര്‍ത്തയും വിവാദങ്ങളും സൃഷ്ടിക്കുന്നത്? അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി പതിറ്റാണ്ടുകളായി ശിക്ഷകള്‍ ഏറ്റുവാങ്ങുന്ന ഒരു ഉദ്യോഗസ്ഥന്‍ വീഴ്ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ആരെയെല്ലാമാണ് കുറ്റപ്പെടുത്തേണ്ടത്? ആരെല്ലാമാണ് പരാജയപ്പെടുന്നത്?

Related Stories

No stories found.
logo
The Cue
www.thecue.in