ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കോടതി കയറുന്നതിന് ആരാണ് ഉത്തരവാദി 

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കോടതി കയറുന്നതിന് ആരാണ് ഉത്തരവാദി 

സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായ മാറ്റം ലക്ഷ്യമിട്ട് പദ്ധതി നിര്‍ദേശിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഖാദര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകാണ്. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷവും അധ്യാപക സംഘടനകളും രംഗത്തെത്തിയിരുന്നു. അധ്യാപക സംഘടനകളും പ്രധാനാധ്യപകരുമാണ് കോടതിയെ സമീപിച്ചത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഏകീകരണമാണ് പ്രതിഷേധത്തിന് പ്രധാന കാരണം. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ ഒരു ഡയറക്ടറേറ്റിന് ഉള്ളില്‍ കൊണ്ടു വരണമെന്നതാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മുഖ്യനിര്‍ദേശം.

എന്താണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്

എസ് സി ഇ ആര്‍ ടി മുന്‍ ഡയറക്ടര്‍ പ്രൊഫസര്‍ എം എ ഖാദര്‍ അധ്യക്ഷനായ മൂന്നംഗ സമിതി. പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ സമഗ്രമായ മാറ്റം വരുത്തുന്നതിനായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് സമിതിയെ നിയോഗിച്ചത്. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, അധ്യാപക സംഘടനകള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും അഭിപ്രായം രൂപീകരിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം സര്‍ക്കാറിന് സമര്‍പ്പിച്ചു. വിദ്യാഭ്യാസ ഘടന, ഘട്ടം, അധ്യാപകരുടെ യോഗ്യത, അധ്യാപകര്‍ക്കുള്ള പരിശീലനം എന്നിവ ഉള്‍പ്പടെ പതിനാല് വിഷയങ്ങളെക്കുറിച്ച് നിര്‍ദേശങ്ങളുണ്ട് ഈ റിപ്പോര്‍ട്ടില്‍. രണ്ടാം ഭാഗം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് കമ്മിറ്റി പറയുന്നത്.

വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങളും ഭരണനിര്‍വഹണവുമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കാന്‍ സംസ്ഥന സര്‍ക്കാര്‍ തീരുമാനിച്ചത്. പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കും, ഒറ്റ പരീക്ഷാ കമീഷണര്‍, എല്‍ പി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ളവ അതേപടി തുടരും. ഹൈസ്‌കൂള്‍ ഓഫീസ് പൊതുവായ ഓഫീസ്, ജില്ല, ഉപജില്ലാ സംവിധാനങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. സ്‌കൂളുകളുടെ മേധാവി പ്രിന്‍സിപ്പല്‍ ആയിരിക്കും. നിലവിലെ ഹെഡ്മാസ്റ്റര്‍ വൈസ് പ്രന്‍സിപ്പലാകും. പ്ലസ്ടു ഇല്ലാത്ത സ്‌കൂളുകളില്‍ നിലവിലുള്ള സംവിധാനം തുടരാം. ഒരു സ്ഥാപനത്തില്‍ ഒന്നിലധികം അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നതിലൂടെയുള്ള പ്രശനം പരിഹരിക്കാം. ഇതിലൂടെ അക്കാദമിക് മികവിന് വഴിയൊരുക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

ഒന്നാം ഭാഗം ലഭിച്ചതിന് പിന്നാലെ ഇതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ത്ഥി. അധ്യാപക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. റിപ്പോര്‍ട്ട് പൂര്‍ണമായും ലഭിക്കുന്നതിന് മുമ്പേ നടപ്പിലാക്കുന്നതെന്തിനാണെന്നാണ് പ്രധാന ചോദ്യം. വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ ആവശ്യമായ ചര്‍ച്ച ഇക്കാര്യത്തിലുണ്ടായില്ലെന്നും ആരോപണമുയരുന്നു.

ഉയരുന്ന എതിര്‍പ്പുകള്‍, വിമര്‍ശനങ്ങള്‍

അധ്യാപകരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നതാണ് അധ്യാപക സംഘടനകളുടെ പ്രതിഷേധത്തിനുള്ള മുഖ്യ കാരണം. റിപ്പോര്‍ട്ടില്‍ പറയുന്ന മികവ് എന്നത് ചോദ്യം ചെയ്യപ്പെട്ടു. മികവിനെക്കുറിച്ച് ഒന്നാം ഭാഗത്തില്‍ പറയുന്നില്ല, ഘടനയെക്കുറിച്ച് മാത്രമേയുള്ളു. ഒറ്റ ഡയറക്ടേറ്റിലേക്ക് മാറ്റുന്നത് അധികാര കേന്ദ്രീകരണത്തിന് കാരണമാകും. അധ്യാപകരുടെ യോഗ്യത തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. വേണ്ടത്ര ആലോചനകളോ ചര്‍ച്ചകളോ നടത്താതെ വിദ്യാഭ്യാസ മേഖലയില്‍ മാറ്റം കൊണ്ടു വരരുത്. ഹയര്‍സെക്കണ്ടറി മേഖലയിലയില്‍ വലിയ സ്വാധീനമില്ലാത്ത കെ എസ് ടി എയ്ക്ക് ഇവിടേക്ക് കടന്നു കയറുന്നതിന് വേണ്ടിയുള്ള സൗകര്യമൊരുക്കുകാണ് സംസ്ഥാന സര്‍ക്കാര്‍. ഇവയായിരുന്നു പ്രധാന വിമര്‍ശനങ്ങള്‍.

റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗുണത്തെക്കുറിച്ച് സര്‍ക്കാറിനോട് ചോദിച്ചു. മറുപടിയില്ല. മികവിന്റെ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള നേട്ടം എന്താണെന്ന് പറയേണ്ടേ. മാത്രമല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ രണ്ട് പേര്‍ മുന്‍വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ അസിസ്റ്റന്റ് സെക്രട്ടറിമാരായിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ വിഷയാധിഷ്ഠിത പഠനം നടപ്പാക്കുന്നത് വലിയ ദോഷം ചെയ്യും. ഇനിയും നടപ്പാക്കാനാണ് തീരുമാനമെങ്കില്‍ ഞങ്ങള്‍ അനുവദിക്കില്ല.

കെ എം അഭിജിത്ത്,കെ എസ് യു സംസ്ഥാന പ്രസിഡന്റ് 

എന്നാല്‍ ഗുണപരമായ മാറ്റമുണ്ടാക്കുന്ന നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. വിവിധ ഘടകങ്ങളായി നില്‍ക്കുന്ന സ്ഥാപനങ്ങളെ ഒന്നാക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യുമെന്നും അക്കാദമിക പ്രശനങ്ങള്‍ പരിഹരിക്കപ്പെടുമെന്നുമാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

രണ്ട് റിപ്പോര്‍ട്ടും ലഭിച്ചതിന് ശേഷമല്ലേ നടപ്പാക്കേണ്ടത് എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ ശരിയാണെന്ന് തോന്നും. എന്നാല്‍ ഘടനാപരമായ പ്രശ്‌നം കാരണം നിലവില്‍ വലിയ പ്രതിസന്ധി പല സ്‌കൂളുകളിലും ഉണ്ട്. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, വി എച്ച് സി സി എന്നിവ വേറെ വേറെ സ്ഥാപനങ്ങളായി നില്‍ക്കുമ്പോള്‍ ഭരണപരമായ പ്രശ്‌നത്തിന് ഇടയാക്കാറുണ്ട്. ഒറ്റ ഹെഡ് എന്നത് അതിനുള്ള പരിഹാരമാണ്. നിലവിലുള്ള സ്‌കൂള്‍ സംവിധാനത്തെ പൊളിക്കുകയോ സ്റ്റാഫ് പാറ്റേണിനെ ബാധിക്കുകയോ ഇല്ല. അത് വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തും നടപ്പാക്കുമ്പോള്‍ ഗുണമുണ്ടാക്കും. ലോജിക്കലായ കാരണങ്ങളില്ലാതെയാണ് എതിര്‍ക്കുന്നത്.

അബ്ദുള്‍ ഹക്കിം എ കെ, കേരള സ്‌കൂള്‍ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗവും വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ 

No stories found.
The Cue
www.thecue.in