വിമാനത്താവളം അദാനിക്കല്ല, സര്‍ക്കാരിന് വേണം, പ്രധാനമന്ത്രിക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ ആവശ്യങ്ങള്‍

വിമാനത്താവളം അദാനിക്കല്ല, സര്‍ക്കാരിന് വേണം, പ്രധാനമന്ത്രിക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ ആവശ്യങ്ങള്‍
Summary

കേരളത്തില്‍ നിന്നും ഒന്നും നടക്കില്ലെന്ന പ്രതീതി അവസാനിപ്പിക്കാന്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ ദൗത്യം ഉപകരിച്ചുവെന്ന് നിസംശയം പറയാമെന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വിമാനത്താവള സ്വകാര്യവത്ക്കരണ പ്രക്രിയയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം മുന്‍പരിചയമില്ലാത്ത അദാനി ഗ്രൂപ്പിനല്ല, സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള സിയാലിന് തന്നെ നല്‍കണമെന്നാണ് ആവശ്യം. പ്രധാനമന്ത്രി അധ്യക്ഷനായ നിതി ആയോഗ് യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

അദാനിക്കല്ല, സംസ്ഥാന സര്‍ക്കാരിന് വേണം

കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും സ്വീകാര്യമായ വ്യവസ്ഥകളില്‍ വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് കൈമാറണം. പൊതു സ്വകാര്യ ഉടമസ്ഥതയില്‍ രണ്ട് സുപ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ നടത്താനുള്ള കഴിവ് സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചിട്ടുള്ളതാണ്. ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ പോലും കേരള സര്‍ക്കാരിന്റെ വിമാനത്താവള മോഡലുകളെ അഭിനന്ദിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സ്വകാര്യമേഖലയെ പരിഗണിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ വിശ്വാസത്തിലെടുത്ത് മാത്രമായിരിക്കുമെന്ന് 2003 ല്‍ കേന്ദ്ര വ്യോമയാന സെക്രട്ടറി രേഖാമൂലം ഉറപ്പുനല്‍കിയിട്ടുള്ളതാണ്. 635 ഏക്കര്‍ സ്ഥലത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ മഹാരാജാവും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഭൂമിയാണ് ഇതിലധികവും. ബാക്കിയുള്ളത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് സൗജന്യമായി നല്‍യിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തില്‍ വിമാനത്താവളം ഒരു സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് നീതികരിക്കാന്‍ കഴിയില്ല. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും (കെ.എസ്.ഐ.ഡി.സി) തിരുവനന്തപുര വിമാനത്താവള നടത്തിപ്പിനുള്ള കരാറില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അല്‍പ്പം ഉയര്‍ന്ന തുക ക്വോട്ട് ചെയ്തു എന്ന കാരണത്താല്‍ ഈ മേഖലയില്‍ യാതൊരുവിധ പരിചയവും ഇല്ലാത്ത അദാനി ഗ്രൂപ്പിനാണ് വിമാനത്താവള നടത്തിപ്പ് കൈമാറാന്‍ ശ്രമിക്കുന്നത്.

കേരളം സമര്‍പ്പിച്ച വസ്തുതകള്‍ പ്രധാനമന്ത്രി ശ്രദ്ധാപൂര്‍വ്വം കേട്ടതായി മുഖ്യമന്ത്രി. കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയെന്നും പിണറായി വിജയന്‍. ഇതുസംബന്ധിച്ച് വ്യോമയാന വകുപ്പില്‍ നിന്നും വിശദാംശങ്ങള്‍ തേടുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ കേരളം സൃഷ്ടിച്ച മാതൃകയെ പ്രധാനമന്ത്രി അഭിനന്ദിച്ചതായും മുഖ്യമന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഗെയില്‍ പൈപ്പ് ലൈന്‍ അടുത്തമാസം പ്രവര്‍ത്തനക്ഷമമാകും

വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍ പൂര്‍ത്തിയാകുന്ന കാര്യം പ്രധാനമന്ത്രിയെ അറിയിച്ചെന്ന് മുഖ്യമന്ത്രി. ഒരുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും. വാതക പൈപ്പ് ലൈന്‍ പദ്ധതി മുടങ്ങിക്കിടക്കുന്നതു കൊണ്ട് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്ന വസ്തുത ആദ്യ കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നതായും പിണറായി വിജയന്‍. എല്ലാ തടസങ്ങളും നീക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രിക്ക് അന്ന് ഉറപ്പു നല്‍കിയിരുന്നു. അത് യാഥാര്‍ത്ഥ്യമാകുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. കേരളത്തില്‍ നിന്നും ഒന്നും നടക്കില്ലെന്ന പ്രതീതി അവസാനിപ്പിക്കാന്‍ വാതക പൈപ്പ് ലൈന്‍ ദൗത്യം ഉപകരിച്ചുവെന്ന് നിസംശയം പറയാമെന്ന് മുഖ്യമന്ത്രി.

കൂടംകുളത്തു നിന്നുള്ള വൈദ്യുതി എത്തിക്കാനുള്ള കൊച്ചി ഇടമണ്‍ ഊര്‍ജ്ജ പാതയും അവസാന ഘട്ടത്തിലാണ്. ഒരു ടവര്‍ കൂടി നിര്‍മ്മിച്ചാല്‍ ഇതു യാഥാര്‍ത്ഥ്യമാകും. ഹൈക്കോടതിയില്‍ കേസുള്ളതു കൊണ്ടാണ് ഈ ടവറിന്റെ നിര്‍മ്മാണം വൈകുന്നത്.

കേരളത്തിന് AIIMS അനുവദിക്കണം

കേരളത്തിന് AIIMS അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 200 ഏക്കര്‍ ഇതിനായി നമ്മള്‍ കണ്ടെത്തിയിട്ടുള്ളത്. ആരോഗ്യ രംഗത്ത് ഉയര്‍ന്ന നിലവാരം കൈവരിക്കാന്‍ എയിംസ് അനിവാര്യമാണ്. പൊതു ആരോഗ്യ രംഗത്ത് കേരളം മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇത്തരമൊരു ആരോഗ്യ സ്ഥാപനം കേരളത്തിന് നിഷേധിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി. കേന്ദ്ര സര്‍ക്കാര്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഇതിനാവശ്യമായ പരിഗണന നല്‍കണം. കേരളത്തിന്റെ ആവശ്യം പരിശോധിക്കുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചതായും പിണറായി വിജയന്‍.

കേരളത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ആയുര്‍വേദ ഗവേഷണ കേന്ദ്രം വേണമെന്ന ആവശ്യവും പ്രധാനമന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്. ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ലബോറട്ടറി സൗകര്യമുള്ള സമഗ്രമായ ഗവേഷണ പഠനം സാധ്യമാക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടാണ് വിഭാവനം ചെയ്യുന്നത്. ആയുര്‍വേദ രംഗത്ത് കേരളത്തിന്റെ സംഭാവന ലോക പ്രസിദ്ധമാണെന്നും ആഗോള നിലവാരമുള്ള അന്താരാഷ്ട്ര ആയുര്‍വേദ സ്ഥാപനങ്ങള്‍ രാജ്യത്തിന് ആവശ്യമുണ്ടെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു.

ചെന്നെ ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടണമെന്ന് ദീര്‍ഘകാല ആവശ്യം ഒരിക്കല്‍ കൂടി പ്രധാമന്ത്രിയുടെ മുമ്പില്‍ അവതരിപ്പിച്ചു. വിശദമായ റിപ്പോര്‍ട്ട് ദേശീയ വ്യവസായ ഇടനാഴി വികസന ട്രസ്റ്റിന് (നാഷണല്‍ ഇന്‍ഡ്സ്ട്രിയല്‍ കോറിഡോര്‍ ഡവലപ്പെമെന്റ് ഇംപ്ലിമെന്‍േറഷന്‍ ട്രസ്റ്റ്) നല്‍കിയിട്ടുള്ളതാണ്. ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി അന്തിമഘട്ടം എത്തിയിരിക്കുന്നതിനാല്‍ ഇടനാഴി വികസനം വ്യാവസായിക കുതിച്ചുചാട്ടത്തിന് സഹായകരമാകുമെന്ന് മുഖ്യമന്ത്രി.. ഇതിനുള്ള അനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിനും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പെട്രോള്‍ കെമിക്കല്‍ കോംപ്ലക്സ് നിര്‍മ്മിക്കുന്നതിനും കൊച്ചി റിഫൈനറിയുടെ വികസനത്തിനുമായി എഅഇഠ യുടെ 600 ഏക്കര്‍ ഭൂമി കൈമാറാന്‍ കേന്ദ്ര രാസവള രാസവസ്തു വകുപ്പ് (മിനിസ്ട്രി ഓഫ് കെമിക്കല്‍സ് & ഫെര്‍ട്ടിലൈസേഴ്സ്) മന്ത്രാലയത്തില്‍ നിന്നും അനുമതി ആവശ്യമാണ്. ഇതിനും പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിച്ചതായും മുഖ്യമന്ത്രി.

No stories found.
The Cue
www.thecue.in