ആനയെഴുന്നള്ളത്തും വെടിക്കെട്ടും നിര്‍ത്തലാക്കണമെന്ന് പറഞ്ഞ ആര്‍എസ്എസ്, ആനവിലക്ക് രാഷ്ട്രീയമാക്കുമ്പോള്‍ തിരിച്ചടിച്ച് മുന്‍നിലപാട് 

ആനയെഴുന്നള്ളത്തും വെടിക്കെട്ടും നിര്‍ത്തലാക്കണമെന്ന് പറഞ്ഞ ആര്‍എസ്എസ്, ആനവിലക്ക് രാഷ്ട്രീയമാക്കുമ്പോള്‍ തിരിച്ചടിച്ച് മുന്‍നിലപാട് 

Summary

ഭ്രാന്തിനെ ആചാരമെന്ന് വിളിക്കരുതെന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം ആന എഴുന്നള്ളത്തും വെടിക്കെട്ടും നിര്‍ത്തണമെന്നാണ് വിശദീകരിക്കുന്നത്.

അക്രമസ്വഭാവമുള്ള തെച്ചിക്കോട്ട് രാമചന്ദ്രനെന്ന ആനയെ വിലക്കിയതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ നീക്കമാരംഭിച്ച ബിജെപിക്കും സംഘപരിവാറിനും തിരിച്ചടിയായി ആര്‍എസ്എസ് മുഖവാരികയായ കേസരിയിലെ മുഖപ്രസംഗവും കവര്‍ സ്റ്റോറിയും. കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന് പിന്നാലെ ആര്‍എസ്എസ് വാരിക പ്രസിദ്ധീകരിച്ച എഡിറ്റോറിയലും ഇതേ വാരികയിലെ കവര്‍സ്‌റ്റോറിയുമാണ് ആനയെ ഉപയോഗിച്ചുള്ള എഴുന്നള്ളത്തും കരിമരുന്ന് പ്രകടനവും അനാചാരമാണെന്നും, കരിമരുന്ന് പ്രകടനം ആചാരഭ്രാന്താണെന്നും വിശേഷിപ്പിച്ചിരുന്നത്.

പതിമൂന്ന് പേരെ കൊലപ്പെടുത്തുകയും പല ഉത്സവങ്ങളിലും ഇടഞ്ഞ് അക്രമമുണ്ടാക്കുകയും ചെയ്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതോടെ തൃശൂര്‍ പൂരത്തിന്റെ വിളംബരത്തില്‍ ഈ ആനയുടെ അഭാവമുണ്ടാകും. സര്‍ക്കാരും തൃശൂര്‍ കലക്ടര്‍ ടിവി അനുപമയും ചേര്‍ന്ന് തൃശൂര്‍ പൂരം അട്ടിമറിക്കുകയാണെന്ന ആരോപണവുമായി ഇതിനെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും ആര്‍എസ്എസും. ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്കെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആരോപിച്ചത്. ബിജെപി തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും ആനയുടെ വിലക്കിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും തെക്കോട്ടിറക്കത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രംഗത്ത് വന്നു. രാമചന്ദ്രനെ വിലക്കി പൂരത്തിന്റെ മാറ്റ് കുറക്കുകയും അട്ടിമറിക്കുകയുമാണെന്ന് സ്ഥാപിച്ച് ശബരിമല പ്രക്ഷോഭത്തിന് സമാനമായ പ്രതിഷേധത്തിന് ബിജെപിയും ആര്‍എസ്എസും ശ്രമം തുടങ്ങിയിട്ടുമുണ്ട്.

ഈ സാഹചര്യത്തിലാണ് ശബരിമല വിഷയത്തിന് സമാനമായി ആര്‍എസ്എസിന്റെ മുന്‍നിലപാട് ബിജെപിക്കും പരിവാറിനും ബൂമറാംഗാവുന്നത്. കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന ശ്രീനാരായണഗുരുവിന്റെ വാക്യം തലക്കെട്ടാക്കിയായിരുന്നു ഏപ്രില്‍ 22ന് പുറത്തുവന്ന കേസരി വാരികയുടെ കവര്‍ സ്റ്റോറി. സ്വാമി ചിദാനന്ദപുരിയുടെ ലേഖനത്തില്‍ വെടിക്കെട്ടും ആന എഴുന്നള്ളത്തും നിര്‍ത്തേണ്ട കാലം അതിക്രമിച്ചെന്ന് ചിദാനന്ദപുരി പറയുന്നു. ക്ഷേത്രം എന്തെന്ന് അറിയാത്തവര്‍ അന്യോന്യം ഭാഗം തിരിഞ്ഞ് കരിമരുന്ന് പ്രകടനം നടത്തുന്ന മത്സരഭൂമിയായി ക്ഷേത്രങ്ങളെ മാറ്റിയെന്ന് ചിദാനന്ദപുരി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ചിദാനന്ദപുരിയുടെ മുഖലേഖനവും കേസരിയുടെ മുഖപ്രസംഗവും ആന എഴുന്നള്ളത്തും കരിമരുന്ന് പ്രകടനവും അനാചാരമാണെന്നും ഇത് ഉപേക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും ആവശ്യപ്പെടുന്നതാണ്.

ഉത്സവകാലത്തിനിടയില്‍ മാത്രം എത്ര പേരുടെ ജീവനും എത്ര കോടിയുടെ സ്വത്തുമാണ് ആന ഇടഞ്ഞ് അമ്പലപ്പറമ്പില്‍ പൊലിഞ്ഞ് പോയിട്ടുള്ളത്. ഒരിക്കലും പൂര്‍ണ്ണമായി ഇണങ്ങാത്ത ഒരു വന്യജീവിയാണ് ആനയെന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞ് തീവട്ടിയുടെയും തീവെയിലിന്റെയും വെടിക്കെട്ടിന്റെയും നടുവില്‍ നിര്‍ത്തി ആ സാധുജീവിയെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുകയാണ് വേണ്ടത്.

കേസരി വാരിക മുഖപ്രസംഗം/ ഏപ്രില്‍ 22 2016 

ഭ്രാന്തിനെ ആചാരമെന്ന് വിളിക്കരുതെന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം ആന എഴുന്നള്ളത്തും വെടിക്കെട്ടും നിര്‍ത്തണമെന്നാണ് വിശദീകരിക്കുന്നത്. ഭാഗം തിരിഞ്ഞു പൂരത്തെ അനാചാരമെന്ന് വിശേഷിപ്പിക്കുന്നതിലൂടെ തൃശൂര്‍ പൂരത്തിലെ ചടങ്ങുകളെ ഉള്‍പ്പെടെയാണ് വിമര്‍ശിച്ചിരിക്കുന്നതും.

ശ്രീനാരായണഗുരുദേവന്‍ കരിയേയും കരിമരുന്നിനേയും ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് ഉപദേശിച്ചിട്ടുണ്ട്. ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ പോലും കരിയും കരിമരുന്നുമാണ് എന്നതാണ് ഇന്നത്തെ ദുഃസ്ഥിതി. പണ്ട് വിശാലമായ ക്ഷേത്ര മൈതാനങ്ങളില്‍ കരിമരുന്നുപ്രയോഗം നടത്തിയെങ്കില്‍ ഇന്ന് ജനങ്ങള്‍ തിങ്ങി താമസിക്കുന്ന, ഇടുങ്ങിയ സ്ഥലങ്ങളില്‍ പോലും കരിമരുന്നു പ്രയോഗം നടത്തുകയാണ്. ഏതുവിധേനയും ഈ പ്രവണത അവസാനിപ്പിച്ചേ പറ്റൂ. ഇതേ സമയം ശ്രദ്ധിക്കേണ്ട ഒരു വിഷയമുണ്ട്. ഹിന്ദുക്കളുടെ ക്ഷേത്രങ്ങളില്‍ മാത്രമാകരുത് ഇതു നിരോധിക്കുന്നത്. മുസ്ലീങ്ങളുടെ പള്ളികളില്‍ ഉറൂസ്, ചന്ദനക്കുടം തുടങ്ങിയ ചടങ്ങുകളില്‍ ആനയെഴുന്നള്ളിപ്പും കരിമരുന്നുപ്രയോഗമുണ്ട്. ക്രിസ്ത്യന്‍ പള്ളികളില്‍ പള്ളിപ്പെരുന്നാളിന് കരിമരുന്ന് പ്രയോഗമുണ്ട്. നമ്മുടെ രാജ്യത്തെ മിക്കവാറും രാഷ്ട്രീയ കക്ഷികളുടെ സമ്മേളനവേളയിലും വിജയാഹ്ലാദങ്ങളിലും കരിമരുന്നു പ്രയോഗമുണ്ട്. ഇവയ്‌ക്കൊക്കെ ഇതു ബാധകമാക്കണം. കേവലം ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രമാവരുത് നിരോധനം.കോടിക്കണക്കിന് രൂപ കത്തിച്ചുകളയുക മാത്രമല്ല അന്തരീക്ഷമലിനീകരണം സൃഷ്ടിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സയിഡ്, സോഡിയം ഓക്‌സയിഡ്, ലഡ് ഓക്‌സയിഡ് തുടങ്ങിയ മാരകമായ വിഷങ്ങള്‍ അന്തരീക്ഷത്തില്‍ കലര്‍ത്തുകയും വന്‍ശബ്ദങ്ങള്‍ ഉണ്ടാക്കി ശബ്ദമലിനീകരണം സൃഷ്ടിക്കുകയും ചെയ്യുന്ന കരിമരുന്നു പ്രയോഗം നിര്‍ത്തിയേ പറ്റൂ. ഇത്തരം കാര്യങ്ങള്‍ക്ക് പണം തരില്ല എന്നു പറയാന്‍ ജനങ്ങള്‍ തയ്യാറാവണം. കരിമരുന്നുപ്രയോഗത്തിന്റെ തീവ്രത കുറയ്ക്കണമെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. ഇതിന്റെ തീവ്രത അളക്കാനോ നിശ്ചയിക്കാനോ ഉള്ള ശാസ്ത്രീയവും പ്രായോഗികവുമായ ഒരു സംവിധാനവും ഇന്നു നിലവിലില്ല. അതിനാല്‍ കരിമരുന്നു പ്രയോഗം നിര്‍ത്തുക എന്നാണു ഏകപോംവഴി 

കരിയും വേണ്ട കരിമരുന്നും വേണ്ട : സ്വാമി ചിദാനന്ദപുരി  /കേസരി / 2016  ഏപ്രില്‍ 22

 ജെ നന്ദകുമാര്‍
ജെ നന്ദകുമാര്‍

ഉത്സവകാലത്തിനിടയില്‍ മാത്രം എത്ര പേരുടെ ജീവനും എത്ര കോടിയുടെ സ്വത്തുമാണ് ആന ഇടഞ്ഞ് അമ്പലപ്പറമ്പില്‍ പൊലിഞ്ഞ് പോയിട്ടുള്ളത്. ഒരിക്കലും പൂര്‍ണ്ണമായി ഇണങ്ങാത്ത ഒരു വന്യജീവിയാണ് ആനയെന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞ് തീവട്ടിയുടെയും തീവെയിലിന്റെയും വെടിക്കെട്ടിന്റെയും നടുവില്‍ നിര്‍ത്തി ആ സാധുജീവിയെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുകയാണ് വേണ്ടതെന്നാണ് കേസരി അന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലെ കാതലായ ഭാഗം.

ആനയെഴുന്നള്ളതും കരിമരുന്നു പ്രയോഗവുമൊന്നും ക്ഷേത്രങ്ങളിലെ അനിവാര്യമായ ആചാരങ്ങളുടെ ഭാഗമാണ് എന്ന് ഒരു തന്ത്രശാസ്ത്രഗ്രന്ഥവും പറയുന്നില്ലെന്നും നന്ദകുമാര്‍

ആനയെഴുന്നള്ളതും കരിമരുന്ന് പ്രകടനവും എളവൂര്‍ തൂക്കം നിരോധിച്ചത് പോലെ അവസാനിപ്പിച്ച് പ്രതീകാത്മക ചടങ്ങാക്കി മാറ്റണമെന്ന് ആര്‍എസ്എസ് ്അഖിലേന്ത്യാ സംയോജക് ആയ ജെ നന്ദകുമാര്‍ പുറ്റിംഗല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞിരുന്നു. ആനയെഴുന്നള്ളത്തും കരിമരുന്നു പ്രയോഗവുമൊന്നും ക്ഷേത്രങ്ങളിലെ അനിവാര്യമായ ആചാരങ്ങളുടെ ഭാഗമാണ് എന്ന് ഒരു തന്ത്രശാസ്ത്രഗ്രന്ഥവും പറയുന്നില്ലെന്നും നന്ദകുമാര്‍ വിശദീകരിക്കുന്നു.

ശബരിമല യുവതി പ്രവേശനത്തിലും അനുകൂല നിലപാടായിരുന്നു ദേശീയ തലത്തില്‍ ആര്‍ എസ് എസ് എടുത്തത്. യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയെ ആര്‍എസ്എസ് സ്വാഗതം ചെയ്യുകയുമുണ്ടായി. പിന്നീട് കേരളത്തിലെ വിശ്വാസികളില്‍ ഒരു വിഭാഗം പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് ആര്‍എസ്എസും ബിജെപിയും നിലപാടില്‍ മലക്കം മറിഞ്ഞ് യുവതിപ്രവേശനത്തിനെതിരെ സമരമുഖത്തെത്തിയത്.

കേസരി മുഖപ്രസംഗം: ഭ്രാന്തിനെ ആചാരമെന്നു വിളിക്കരുത്

കേസരി മുഖലേഖനം: കരിയും വേണ്ട കരിമരുന്നും വേണ്ട സ്വാമി ചിദാനന്ദപുരി

Related Stories

No stories found.
logo
The Cue
www.thecue.in