മല്യയിലും നീരവ് മോദിയിലും തീരുന്നില്ല; മോദി കാലത്ത് രാജ്യംവിട്ട കുറ്റവാളികള്‍ 36

മല്യയിലും നീരവ് മോദിയിലും തീരുന്നില്ല; മോദി കാലത്ത് രാജ്യംവിട്ട കുറ്റവാളികള്‍ 36

സാമ്പത്തിക കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട 36 വ്യവസായ പ്രമുഖര്‍ 5 വര്‍ഷത്തിനിടെ രാജ്യം വിട്ടു.

വിജയ് മല്യയും നീരവ് മോദിയുമടക്കം സാമ്പത്തിക കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് രാജ്യം വിട്ടവര്‍ 36. ആദായ നികുതി വിഭാഗം പ്രത്യേക കോടതിയെ അറിയിച്ചതാണിത്.

അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിയില്‍ നിയമനടപടി നേരിടുന്ന സുഷേന്‍ മോഹന്‍ ഗുപ്തയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള വാദത്തിലാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം, പ്രത്യേക ജഡ്ജ് അരവിന്ദ് കുമാറിന് മുന്‍പാകെ ഇക്കാര്യം ധരിപ്പിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട 36 വ്യവസായ പ്രമുഖര്‍ 5 വര്‍ഷത്തിനിടെ രാജ്യം വിട്ടു. വിജയ്മല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്സി സന്ദേസര സഹോദരങ്ങള്‍ അടക്കമുള്ളവരാണ് ഇത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ അഭയം തേടിയത്.

വിദേശത്തേക്ക് കടന്നവരിലെ പ്രധാനികള്‍

വിജയ് മല്യ

വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടിയുടെ വായ്പാതട്ടിപ്പ് നടത്തി ലണ്ടനിലേക്ക് കടക്കുകയായിരുന്നു മദ്യവ്യവസായി വിജയ് മല്യ.ഇദ്ദേഹത്തെ ലണ്ടനില്‍ അറസ്റ്റ് ചെയ്തെങ്കിലും ഉടന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. മാര്‍ച്ച് 2 ന് ജെറ്റ് എയര്‍വേയ്സ് വിമാനത്തിലാണ് ഇദ്ദേഹം കടന്നുകളഞ്ഞത്.

ലളിത് മോദി

മുന്‍ ഐപിഎല്‍ കമ്മീഷണറായിരുന്നു ലളിത് മോദി. 2009 ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കാണിച്ചാണ് ലളിത് മോദി ഇന്ത്യ വിട്ടത്. കേന്ദ്രമന്ത്രി സുഷമ സ്വരാജ് ലളിത് മോദിക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കിയതായി ആക്ഷേപമുയര്‍ന്നിരുന്നു.

ജതിന്‍ മെഹ്ത

വിന്‍സം ഡയമണ്ട്സ് ചെയര്‍മാനാണ് ജതിന്‍ മെഹ്ത, 15 ബാങ്കുകളില്‍ നിന്നായി 6,800 കോടി രൂപ വായ്പയെടുത്ത് മുങ്ങി. ഇപ്പോള്‍ സെയ്ന്റ് കിറ്റ്സ് എന്ന ദ്വീപ് നിവാസിയായി പൗരത്വമെടുത്തിരിക്കുകയാണ്. ഈ രാജ്യവുമായി ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള കരാറില്ല. വ്യവസായ പ്രമുഖന്‍ ഗൗതം അദാനിയുടെ ബന്ധുകൂടിയാണ് ജതിന്‍ മെഹ്ത. ഗൗതം അദാനി പ്രധാനമന്ത്രി നരേന്ദരമോദിയുടെ അടുപ്പക്കാരനും. മെഹ്തയുടെ മകന്‍ സൂരജ് ഗൗതം അദാനിയുടെ സഹോദര പുത്രിയായ കൃപയെയാണ് വിവാഹം കഴിച്ചത്.

സഞ്ജയ് ഭണ്ഡാരി

പ്രതിരോധ വകുപ്പിന്റെ ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ സഞ്ജായ് ഭണ്ഡാരിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. 2010 ല്‍ സ്വിസ് കമ്പനിയില്‍ നിന്ന് 7,50,000 ഫ്രാങ്ക്സ് ഇദ്ദേഹം കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ലണ്ടനിലേക്ക് കടന്നു.

ദീപക് തല്‍വാര്‍

ആയിരം കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യത്തില്‍ എന്‍ഫോഴ്സ്മെന്റ് കുറ്റവാളിയായി പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് ഇടനിലക്കാരനാണ് ദീപക് തല്‍വാര്‍. ഇടനില നിന്ന് ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള വിമാന കമ്പനികള്‍ക്ക് അനുമതി വാങ്ങിക്കൊടുത്ത് കോടികള്‍ കോഴ കൈപ്പറ്റിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.യുപിഎ ഭരണകാലത്ത് വ്യോമയാനമന്ത്രാലയത്തോട് അടുത്തുകൂടിയാണ് തട്ടിപ്പ് നടത്തിയത്.

നീരവ് മോദി - മെഹുല്‍ ചോക്സി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് രത്നവ്യാപാരി നീരവ് മോദി ലണ്ടനിലേക്ക് കടന്നത്. മോദിയെക്കൂടാതെ ഗീതാഞ്ജലി ഗ്രൂപ്പ് ഉടമ മെഹുല്‍ ചോക്സിയും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാള്‍ ആന്റിഗ്വയിലേക്കാണ് കടന്നത്. ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ 5670 കോടിയുടെ രത്നങ്ങള്‍ പിടിച്ചെടുത്തിരുന്നു.

വിക്രം കോത്താരി

പൊതു മേഖലാ ബാങ്കുകളില്‍ നിന്ന് 800 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് റോട്ടോമാക് പെന്നിന്റെ പ്രമോട്ടര്‍ വിക്രം കോത്താരി കടന്നുകളഞ്ഞത്. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയില്‍ നിന്നാണ് ഇയാള്‍ ഇത്രയും കോടി വായ്പയെടുത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in