ഭൂതകാലം: ഭൂതം അകത്തോ പുറത്തോ? Bhoothakaalam review

Bhoothakaalam Review

Bhoothakaalam Review

Bhoothakaalam

ഭയം മനുഷ്യൻ്റെ സഹജവികാരമാണ്. അതുകൊണ്ടുതന്നെ ഹൊറർ ചിത്രങ്ങൾ എല്ലാ കാലത്തും വലിയൊരു വിഭാഗം പ്രേക്ഷകരെ ആകർഷിച്ചിട്ടുമുണ്ട്. എന്നാൽ, ജീവിച്ചിരുന്ന കാലത്ത് ഒരു ദുരന്തത്തിനിരയായ ഒരു പ്രേതവും അതിൻ്റെ പ്രതികാരവും പ്രമേയത്തിൻ്റെ പ്രധാനകേന്ദ്രമായി ഒരാചാരം പോലെ കടന്നുവരുന്ന ഏർപ്പാട് ആവർത്തിച്ചുകൊണ്ടും ഉപരിപ്ലവമായ വിധം ഡിജിറ്റൽ ശബ്ദവിന്യാസത്തിലൂടെ സ്ഥാനത്തും അസ്ഥാനത്തും യുക്തിരഹിതമായി പ്രേക്ഷകനെ ഞെട്ടിക്കാൻ ശ്രമിച്ചും , നമ്മുടെ നാട്ടിൽ സമീപകാലത്തുണ്ടായ ഹൊറർ സിനിമകൾ മിക്കവാറും വിരസങ്ങളും നിരാശപ്പെടുത്തുന്നവയുമായി. ഈ സാഹചര്യത്തിലാണ് ഒരമ്മയുടെയും മകൻ്റെയും മടുപ്പിക്കുന്ന ജീവിതസാഹചര്യങ്ങളുടെ പ്രമേയപരിസരങ്ങളിൽ സ്വാഭാവികമാം വിധം ഭയത്തെ അലിയിച്ചു ചേർത്തുകൊണ്ട് 'ഭൂതകാലം' പരാമർശിക്കപ്പെടേണ്ട ഒരു സിനിമയായി മാറുന്നത്.

Bhoothakaalam

Bhoothakaalam

ആദ്യ രംഗത്തിൽ തന്നെ സിനിമയുടെ ഉള്ളടക്കത്തിനോടും മൂഡിനോടും ഇഴുകിച്ചേർന്ന് നില്ക്കുന്ന വിധത്തിലുള്ള, കുടുസ്സായ വീടിനകത്തുള്ള കുടുങ്ങിപ്പോയ ജീവിതങ്ങൾ വളരെ സൂക്ഷ്മമായി പ്രേക്ഷകനു പരിചയപ്പെടുത്തുന്നുണ്ട് സംവിധായകനായ രാഹുൽ സദാശിവൻ.തൊഴിലും വരുമാനവുമില്ലാത്ത ചെറുപ്പക്കാരനും അയാളുടെ വിഷാദരോഗിയായ അമ്മയും സ്ട്രോക്കിനെ തുടർന്ന് ഓർമ്മ നഷ്ടപ്പെട്ട് ഡയപ്പർ മാറ്റാൻ പോലും പരസഹായം വേണ്ട അമ്മമ്മയും ചേർന്ന ആ ദൃശ്യങ്ങളിൽ ബന്ധങ്ങൾക്കകത്തെ അതൃപ്തിയും മടുപ്പും വ്യക്തം. അതേ രംഗത്തോടു തന്നെ ചേർന്ന് സിനിമയിലെ ഭയജനകമായ ആന്തരികാംശം വെളിവാക്കുന്ന സൂചനയും അമ്മമ്മ കാണുന്നതായി പ്രേക്ഷകനു മുമ്പിലെത്തുന്നുണ്ട്.

സ്വന്തം സിനിമയുടെ സ്വഭാവവും ദൗത്യവും തിരിച്ചറിഞ്ഞ ഒരു സ്രഷ്ടാവിൻ്റെ സാന്നിദ്ധ്യം അനുഭവപ്പെടുത്താൻ ഒരു നവസംവിധായകന് കഴിയുന്നുവെന്നത് ശ്രദ്ധേയമാണ് ! കേവലമായ ഞെട്ടിക്കലും പേടിപ്പിക്കലുമല്ല തൻ്റെ സിനിമയുടെ ലക്ഷ്യമെന്ന ബോദ്ധ്യം രാഹുൽ സദാശിവനുണ്ട്. അതുകൊണ്ടു തന്നെ ആദ്യ രംഗം മുതലേ ഞെട്ടാനും പേടിക്കാനും തയ്യാറായും ഉദ്വേഗഭരിതമായ ഒരു ത്രില്ലറിൻ്റെ കുതിരവേഗം പ്രതീക്ഷിച്ചും സിനിമ കാണാനിരിക്കുന്നവരെ ഒരു പക്ഷേ 'ഭൂതകാലം' സംതൃപ്തരാക്കിയെന്നു വരില്ല. മറ്റേതു വികാരങ്ങളെയും പോലെ മനുഷ്യാവസ്ഥകളിൽ നിന്നും ജീവിതസന്ദർഭങ്ങളിൽ നിന്നും നൈസർഗ്ഗികമായും ജൈവീകമായും സ്വാഭാവികതയോടെ ഉരുവാകുന്നതാണ് ഭയവുമെന്ന കാഴ്ചപ്പാടാണ് 'ഭൂതകാല'ത്തിൻ്റെ സിനിമാറ്റിക് സമീപനത്തിന് അടിത്തറയാകുന്നത്.

Bhoothakaalam

Bhoothakaalam

Bhoothakaalam

പരസ്പരം ഏറെ സ്നേഹിക്കുന്നുണ്ട് 'ഭൂതകാല'ത്തിലെ അമ്മയും മകനും. എന്നാൽ അവർക്കിടയിലെ വൈകാരികമായ പിരിമുറുക്കങ്ങളും ആശയുടെ വിഷാദാവസ്ഥകളും വിനുവിൻ്റെ നൈരാശ്യബോധവും ആ സ്നേഹത്തെ പ്രകടമാക്കപ്പെടുന്നതിൽ നിന്ന് തടഞ്ഞുനിർത്തുന്നുണ്ട്.

മകൻ ജോലി കിട്ടി ദൂരെ പോയാൽ താൻ ഒറ്റയ്ക്കാവില്ലേയെന്നും തനിക്ക് വേറെയാരാണുള്ളതെന്നും ആകുലപ്പെടുന്ന ആശയുടെ ആത്മസംഘർഷങ്ങളും വിഷാദരോഗവുമാണ് സിനിമയുടെ പ്രമേയത്തിന് പ്രധാന പരിസരങ്ങളൊരുക്കുന്നത്. ആശയുടെ മാനസികപ്രശ്നങ്ങൾ അവർ ജോലി ചെയ്യുന്ന നഴ്സറിയിലെ കുട്ടികളോടുള്ള പെരുമാറ്റത്തിൽ പോലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ബാറിൽ ചെന്ന് രണ്ട് പെഗ് മദ്യം വാങ്ങി, ആളുകളിൽ നിന്ന് മാറിയൊരിടത്തു ചെന്ന് അത് കഴിക്കുന്ന വിനുവിൻ്റെ രീതികളിലും സൂക്ഷ്മമായ കഥാപാത്ര വിശകലനമുണ്ട്. മൂടിക്കെട്ടാൻ തുടങ്ങുന്ന വിഷാദത്തിൽ മുങ്ങിപ്പൊങ്ങിത്തന്നെയാണ് വിനുവും കടന്നുപോകുന്നത്. അമ്മമ്മയെയും അമ്മയെയും കടന്ന് മകനിലേയ്ക്കും നീണ്ടുകിടക്കുന്ന വിഷാദത്തിൻ്റെ ആ ചരടിലാണ് സിനിമയുടെ രംഗങ്ങൾ കോർത്തു കിടക്കുന്നത്.

രാത്രിയിൽ വിനുവിന് പരിചിതമായ, മുറിയടച്ചുള്ള അമ്മയുടെ കരച്ചിലിൻ്റെ ശബ്ദത്തിനും നായ്ക്കളുടെ കുരയ്ക്കുമപ്പുറം അവൻ കേട്ടുതുടങ്ങുന്ന അപരിചിത ശബ്ദങ്ങളിലൂടെയാണ് വീട്ടിലെ മറ്റു ചില സാന്നിദ്ധ്യങ്ങളെ നിഴലായും ഇരുളിലെ അവ്യക്തരൂപമായും അമ്മമ്മയുടെ വീൽചെയറിൻ്റെ സൂക്ഷ്മമായ ചില ചലനങ്ങളായും

സിനിമ രേഖപ്പെടുത്തുന്നത്. എന്നാൽ തൻ്റെ അനുഭവങ്ങളെ ഉറക്കമില്ലായ്മയുടെയും ലഹരിയുടെയുമൊക്കെ കണക്കിലാണ് അമ്മ പോലും വരവുവെക്കുന്നതെന്ന് മനസ്സിലാവുമ്പോൾ വിനു അഭയം പ്രതീക്ഷിക്കുന്നത് തൻ്റെ പ്രണയത്തിലാണ്. എന്നാൽ ഭയത്തോടെയും ആശങ്കകളോടെയും തന്നെ വീക്ഷിക്കുന്ന പ്രണയിനിയെ കൂടി മനസ്സിലാക്കുമ്പോഴാണ് അതിജീവിക്കാൻ വീട്ടിൽ നിന്ന് പുറത്തു കടക്കുകയെന്ന ഒറ്റവഴിയേ ഉള്ളൂവെന്ന് വിനുവിൻ്റെ ബോദ്ധ്യം ബലപ്പെടുന്നത്. മുമ്പൊരിക്കൽ സേലത്ത് ജോലി കിട്ടിയിട്ടും തന്നെ പോകാൻ അനുവദിക്കാതിരുന്ന കാര്യം ഓർമ്മിപ്പിച്ച് അമ്മയോട് വിനു കലഹിക്കുന്നുണ്ട്. അമ്മയുടെ കരച്ചിലിൽ തൻ്റെ തീരുമാനം ഒലിച്ചുപോകില്ലെന്ന് അവൻ സ്വയം ഉറപ്പിക്കുന്നുമുണ്ട്.

എന്നാൽ വീട്ടിൽ നിന്ന് രക്ഷപ്പെടുകയെന്നത് ബന്ധങ്ങളുടെയും സാഹചര്യങ്ങളുടെയും മടുപ്പിക്കുന്ന കെട്ടുപാടുകളിൽ നിന്നല്ല, മറിച്ച് അക്ഷരാർത്ഥത്തിൽ വീട്ടിനകത്തുനിന്നു തന്നെയെന്ന വിനുവിൻ്റെയും മെല്ലെ മെല്ലെ ആശയുടെയും തിരിച്ചറിവ് സിനിമയുടെ പരിവർത്തനഘട്ടമായി പരിണമിക്കുന്നു.

Bhoothakaalam Review

Bhoothakaalam Review

Bhoothakaalam Review

പരസ്പരം ഏറെ സ്നേഹിക്കുന്നുണ്ട് 'ഭൂതകാല'ത്തിലെ അമ്മയും മകനും. എന്നാൽ അവർക്കിടയിലെ വൈകാരികമായ പിരിമുറുക്കങ്ങളും ആശയുടെ വിഷാദാവസ്ഥകളും വിനുവിൻ്റെ നൈരാശ്യബോധവും ആ സ്നേഹത്തെ പ്രകടമാക്കപ്പെടുന്നതിൽ നിന്ന് തടഞ്ഞുനിർത്തുന്നുണ്ട്. ആ സ്നേഹത്തെ കെട്ടഴിച്ചുവിടുകയെന്ന ദൗത്യം നിർവ്വഹിക്കുന്നതിലേക്ക് ചിത്രത്തിലെ ഭയത്തിൻ്റെ എലമെൻറിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നു എന്നതാണ് 'ഭൂതകാല'ത്തിൻ്റെ വലിയൊരു പ്ലസ്.

ആശയായി വരുന്ന രേവതിയുടെ അഭിനയത്തെ മലയാള സിനിമയിൽ നാളിതുവരെയുണ്ടായിട്ടുള്ള ഏറ്റവും ഭാവതീവ്രമായ പെൺപ്രകടനങ്ങളിൽ ഒന്നായിത്തന്നെ ഉൾപ്പെടുത്താം. "ഇങ്ങനെ കിടക്കുന്നതിലും ഭേദമല്ലേ, പോയതു നന്നായീന്നു വിചാരിച്ച് സമാധാനിക്ക്യാ'' എന്ന് തൻ്റെ അമ്മയുടെ മരണവേളയിൽ സമാധാനിപ്പിക്കാനെത്തുന്ന ബന്ധുവായ സ്ത്രീയുടെ നേർക്കെറിയുന്ന ഒരൊറ്റ നോട്ടം മതി രേവതി എന്ന അഭിനേത്രിയുടെ ക്ലാസ്സ് ഒരിക്കൽക്കൂടി ബോദ്ധ്യപ്പെടാൻ. മകനോടുള്ള സ്നേഹവും അതേ സമയം വ്യക്തിയെന്ന നിലയിലുള്ള അരക്ഷിതബോധവും വിഷാദത്തിൻ്റെ നിസ്സഹായാവസ്ഥകളും പൊട്ടിത്തെറികളുമെല്ലാമായി ഉലഞ്ഞുനില്ക്കുന്ന ആശയെ അടിമുടി ഉൾക്കൊള്ളുന്നുണ്ട് രേവതിയുടെ പ്രകടനം.

Bhoothakaalam Review

Bhoothakaalam Review

Bhoothakaalam Review

കണ്ടതിനേക്കാൾ കാണാനിരിക്കുന്ന നടനാണ് ഷെയ്ൻ നിഗം എന്ന് പണ്ടേ തോന്നിയിട്ടുണ്ട്. വിനുവായുള്ള ഷെയ്നിൻ്റെ അഭിനയം ആ തോന്നലിനെ ബലപ്പെടുത്തുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ നമ്മുടെ സിനിമയിൽ യുവതാരങ്ങളിൽ നിന്നുമുണ്ടായിട്ടുള്ള ഏറ്റവും മികച്ച ഒരു പിടി കഥാപാത്രങ്ങളുടെ മുൻനിരയിൽ ഇടം നേടാൻ അർഹനാകുന്നുണ്ട് വിനു. അത്രമേൽ നിയന്ത്രിതമായി സൂക്ഷ്മാംശങ്ങളിൽ പോലും വിസ്മയിപ്പിക്കുന്ന ശ്രദ്ധയും മികവുമാണ് ഷെയ്ൻ പ്രദർശിപ്പിക്കുന്നത്. തന്നെ പൊതിഞ്ഞുനില്ക്കുന്ന വീട്ടിലെയും ബന്ധങ്ങളിലെയും ക്ലേശകരമായ സാഹചര്യങ്ങളെയും തൊഴിലില്ലാത്ത യുവത്വത്തിൻ്റെ അപകർഷതാബോധത്തെയും നിരാശയെയുമെല്ലാം മറികടന്ന് അതിജീവനത്തിനായി ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരൻ്റെ വളരെ സങ്കീർണ്ണമായ ജീവിതാവസ്ഥകളിലൂടെയും മാനസികസംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന വിനു എന്ന കഥാപാത്രത്തിൻ്റെ വിവിധങ്ങളായ ഭാവപരിണാമങ്ങളെ നടനെന്ന നിലയിൽ പൂർണ്ണമായും ഉൾക്കൊള്ളാൻ ഷെയ്നു കഴിഞ്ഞിട്ടുണ്ട്.

ഭയം എന്ന വികാരം അഭിനയിച്ചു ഫലിപ്പിക്കുകയെന്നത് ഏറെ ക്ലേശകരമാണ്. മിക്കവാറും അഭിനേതാക്കളും വിയർത്തമുഖവും തുറിച്ച കണ്ണുകളുടെ ക്ലോസപ്പും ഡിജിറ്റൽ ശബ്ദബഹളവും കൊണ്ട് കഷ്ടിച്ചു രക്ഷപ്പെട്ടുപോകുന്ന ഇടമാണത്. എന്നാൽ ഷെയ്ൻ ഭയത്തെ തൊലിപ്പുറത്തല്ലാതെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചാണ് ആ രംഗങ്ങളെ സമീപിച്ചിരിക്കുന്നത്. മരണപ്പെട്ട അമ്മമ്മയുടെ മുറിയിൽ കുടുങ്ങിപ്പോകുന്ന രാത്രിക്കു ശേഷമുള്ള രംഗങ്ങളിൽ ഓരോ ഫ്രെയിമിലും ഷെയ്ൻ തൻ്റെ അഭിനയത്തിലും ശരീരത്തിലും ഭയത്തെ സന്നിവേശിപ്പിച്ചിട്ടുണ്ട്. തൻ്റെ കഥാപാത്രത്തെ വേരുകളോടെ മനസ്സിലാക്കാൻ ശേഷിയുള്ള ഒരു നടനുമാത്രം കഴിയുന്ന ഒന്ന് !

Bhoothakaalam Review

Bhoothakaalam Review

Bhoothakaalam Review

വീടിനകത്ത് മനസ്സുകൊണ്ടും ജീവിതം കൊണ്ടും കുടുങ്ങിപ്പോയ മനുഷ്യരെ ഇടുങ്ങിയ ബ്ലോക്കുകളിലൂടെയും തിളക്കമറ്റ ഫ്രെയിമുകളിലൂടെയും അവതരിപ്പിച്ചുകൊണ്ട് ഷഹനാദ് ജലാലിൻ്റെ ക്യാമറ സിനിമയുടെ മൂഡിനെയും കാഴ്ചപ്പാടിനെയും ഉത്തരവാദിത്വത്തോടെ പ്രതിഫലിപ്പിക്കുന്നു. ഗോപി സുന്ദറിൻ്റെ പശ്ചാത്തലസംഗീതവും മികവു പുലർത്തുന്നു.

സിനിമയുടെ സ്വഭാവത്തിൽ നിന്നും ഘടനയിൽ നിന്നും വേറിട്ടുനില്ക്കുന്ന ഗാനരംഗം ഒരു ന്യൂനതയായി അനുഭവപ്പെട്ടുവെന്നത് പറയാതെ വയ്യ. സിനിമയുടെ ആദ്യ ഭാഗങ്ങളിൽ ആശയുടെയും വിനുവിൻ്റെയും പരസ്പരബന്ധത്തിൻ്റെ സ്വഭാവത്തെയും അവർ തമ്മിൽ നടക്കുന്ന ആശയവിനിമയത്തിൻ്റെ രീതികളെയും അവതരിപ്പിക്കുമ്പോൾ സംവിധായകൻ പുലർത്തിയ ജാഗ്രതയും കയ്യൊതുക്കവും കഥ പുരോഗമിക്കവെ നഷ്ടപ്പെട്ടുപോകുന്നുണ്ടെന്നതും പറയേണ്ടതുണ്ട്.

ആറു പതിറ്റാണ്ടുകൾക്കു മുമ്പേ 'യക്ഷി' എന്ന സങ്കല്പത്തെ സർഗ്ഗാത്മകമായും അനുഭവപരമായും പുതുക്കിക്കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ചിട്ടുണ്ട് 'ഭാർഗ്ഗവി നിലയം'. ഇത്രകാലം കഴിഞ്ഞിട്ടും പക്ഷേ, പ്രേത സങ്കല്പത്തെ കേവലമൊരു പ്രതികാര കഥ എന്നതിനപ്പുറം 'ഭയം' എന്ന വികാരത്തെ ഭാവുകത്വപരമായും മനശാസ്ത്രപരമായും അവതരിപ്പിക്കാനുള്ള ഒരു സാദ്ധ്യതയായി ഉപയോഗപ്പെടുത്തുന്ന സിനിമാശ്രമങ്ങൾ ഒരു പരിധി വരെ 'മണിച്ചിത്രത്താഴ്' ഒഴിച്ചുനിർത്തിയാൽ മലയാളത്തിൽ അധികമൊന്നും ഉണ്ടായില്ല.

അകത്താണോ പുറത്താണോ ഭയമെന്ന ഒരു ചിന്തയുടെ മനശാസ്ത്രപരമായ അടരുകളും കൂടി അവശേഷിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ചലച്ചിത്രമെന്ന നിലയിലും 'ഭൂതകാലം' പ്രസക്തി നേടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in