മനുഷ്യനില്‍ നിന്ന് പ്രകൃതിയെ കണ്ടെടുക്കുന്ന ആവാസവ്യൂഹം

ആവാസവ്യൂഹം
ആവാസവ്യൂഹം

കാന്‍ ചലച്ചിത്രോത്സവത്തില്‍ Un Certain Regard എന്ന വിഭാഗത്തില്‍ എല്ലാ വര്‍ഷവും പുരസ്കാരങ്ങള്‍ നല്‍കാറുണ്ട്. അസാധാരണ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന, നിലവിലുള്ള രീതിശാസ്ത്രങ്ങളെ പൂര്‍ണമായും നിരസിക്കുന്ന ചിത്രങ്ങളാണ്‌ ഈ വിഭാഗത്തില്‍ പരിഗണിക്കപ്പെടാറുള്ളത്. ഇത്തവണത്തെ IFFK യില്‍ പ്രദര്‍ശിപ്പിച്ച മലയാള ചിത്രമായ ‘ആവാസവ്യൂഹം’ ഓര്‍മിപ്പിച്ചത് Un Certain Regard വിഭാഗത്തില്‍ പുരസ്കരിക്കപ്പെടാരറുള്ള ചിത്രങ്ങളെയാണ്. തികച്ചും അസാധാരണമായ ഒരു വിഷയത്തെ തികച്ചും നവീനമായ ആഖ്യാനസങ്കേതമുപയോഗിച്ചാണ് സംവിധായകന്‍ കൃഷാന്ത് കൈകാര്യം ചെയ്തിരിക്കുന്നത്. പുതിയ നൂറ്റാണ്ടിന്‍റെ രണ്ടാം പതിറ്റാണ്ടോടെ ദൃശ്യമായ ന്യൂജെന്‍ സിനിമയുടെ കാലത്തു നിന്നും ‘പോസ്റ്റ് ന്യൂജെന്‍’ കാലത്തേക്ക് മലയാള സിനിമ പ്രവേശിച്ചുവെന്ന തിരിച്ചറിവും ഈ ചിത്രം സമ്മാനിക്കുന്നു.

ആവാസവ്യൂഹം
ആവാസവ്യൂഹം

മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെ മുന്‍നിര്‍ത്തി നിരവധി ചിത്രങ്ങളിറങ്ങിയിട്ടുണ്ട്. ആവാസവ്യൂഹം ഈ ബന്ധത്തെ തികച്ചും മൗലീകമായ രീതിയില്‍ നോക്കിക്കാണാനും അപഗ്രഥിക്കാനും ശ്രമിക്കുകയാണ്. ഒരേ സമയം ഡോക്യുമെന്‍ററി, ഡോക്യുഫിക്ഷന്‍, അഭിമുഖം, ഫിക്ഷന്‍ തുടങ്ങി വിവിധങ്ങളായ സങ്കേതങ്ങള്‍ മനോഹരമായി വിളക്കിച്ചേര്‍ത്താണ് സംവിധായകന്‍ കൃഷാന്ത് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. മനുഷ്യനും മറ്റു ജീവജാലങ്ങളുമടങ്ങിയ പ്രകൃതിയുടെ വലിയ കാന്‍വാസാണ് ഇവിടെ അനാവൃതമാവുന്നത്. ആവാസവ്യൂഹത്തിന്‍റെ ഘടന പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ഭൂമിയിലെ വിവിധ ജീവജാലങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും ഉഭയജീവികളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്‍ററി ആഖ്യാനം പോലെയാണ് ഒരു ഭാഗം. ഇവിടെ ജന്തുശാസ്ത്ര മേഖലയിലെ വിദഗ്ധര്‍ ഈ ജീവികളെക്കുറിച്ചും അവയുടെ വാസസ്ഥലങ്ങളെക്കുറിച്ചുമെല്ലാം ആധികാരികമായി സംസാരിക്കുന്നുണ്ട്. മറ്റൊരു ഭാഗം ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ അഭിമുഖം നല്‍കുന്ന രൂപത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇത് കഥയെ മുന്നോട്ട് നയിക്കുന്നതില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നു. മൂന്നാം ഭാഗമാണ് ഫിക്ഷണല്‍ ഫീച്ചര്‍ സിനിമയുടെ രൂപത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്‌. തികച്ചും അസാധാരണമായ ആഖ്യാനശൈലിയായിട്ടു പോലും തെല്ലും സങ്കീര്‍ണതകളില്ലാതെ പ്രേക്ഷകരോട് സംവദിക്കാനാവുന്നുവെന്നതാണ്‌ ചിത്രത്തിന്‍റെ വിജയം.

ആവാസവ്യൂഹം
ആവാസവ്യൂഹം

എവിടുന്നു വന്നുവെന്ന്‍ ആര്‍ക്കുമറിയാത്ത ജോയ് എന്ന കഥാപാത്രമാണ് ഈ ചിത്രത്തിന്‍റെ കേന്ദ്രബിന്ദു. അയാള്‍ ചില സ്ഥലങ്ങളില്‍ എത്തിപ്പെടുകയും അവിടുത്തെ ചില മനുഷ്യരുടെ ജീവിതങ്ങളില്‍ തന്‍റെ സ്വാധീനം ചെലുത്തുകയുമാണ്‌. ഒരിക്കല്‍ ജോയിയെ കൂടെ കൂട്ടുന്ന ഒരാള്‍ക്കും അയാളെ ഉപേക്ഷിക്കാനാവില്ല. ജോയ് എന്ന കഥാപാത്രത്തിന്‍റെ മാന്ത്രിക സിദ്ധികളെ വര്‍ണ്ണിക്കുന്നിടത്ത് ചിത്രം മാജിക്കല്‍ റിയലിസ്റ്റിക് സങ്കേതങ്ങളെ അതിമനോഹരമായി ഉപയോഗിക്കുന്നുണ്ട്. ഒരു മുഴുനീള ഫാന്‍റസി ചിത്രമാക്കി മാറ്റാതെയാണ് ഇവിടെ സംവിധായകന്‍ തന്‍റെ വിഷയത്തെ പരിചരിക്കുന്നത്. ചില പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് മത്സ്യങ്ങളെയും, ഞണ്ടുകളെയുമൊക്കെ വിളിച്ചു വരുത്താന്‍ കഴിവുള്ളയാളാണ് ജോയ്. ഇത് അയാള്‍ ഉപയോഗിക്കുന്നതാവട്ടെ തനിക്ക് അഭയം നല്‍കിയവരുടെ ഇംഗിതങ്ങള്‍ക്കനുസരിച്ചും. ജര്‍മ്മന്‍ തത്വചിന്തകനായ ഫ്രെഡറിക്ക് നീഷേയുടെ ‘അതിമാനുഷന്‍’ (Superman) എന്ന സങ്കല്‍പ്പത്തെ അനുസ്മരിപ്പിക്കുന ഒന്നാണ് ജോയ് എന്ന പാത്രസൃഷ്ടി. അവിശ്വസനീയമായ ശക്തിക്ക് ഉടമയായ അയാള്‍ നന്മയെ പ്രതിനിധാനം ചെയ്യുകയും, പ്രകൃതിയും മനുഷ്യനുമിടയിലെ ചങ്ങലക്കണ്ണിയായി വര്‍ത്തിക്കുകയുമാണ്‌. ‘ദൈവം മരിച്ചു’വെന്ന നീഷിയന്‍ സങ്കല്‍പ്പത്തിനും ഇവിടെ പ്രാധാന്യമുണ്ട്. സര്‍വ്വശക്തനായ ദൈവത്തിനെക്കാള്‍ പ്രകൃതിയെ സൃഷ്ടിയുടേയും, സംഹാരത്തിന്‍റെയും അവസാനവാക്കായി മനസ്സിലാക്കാവുന്നതാണ്‌. ജോയ് മനുഷ്യാവസ്ഥയുടെ കേവല നിര്‍വചനങ്ങളെ പൂര്‍ണമായും അപനിര്‍മ്മിച്ചു കൊണ്ട് പുതിയൊരു അസ്തിത്വം കണ്ടെത്തുകയാണ്. മനുഷ്യരെ ഭയചകിതരാക്കുന്ന,അവരുടെ യുക്തികള്‍ക്ക് വഴങ്ങാത്ത രൂപവും അസ്തിത്വവും ജോയ്ക്ക് പ്രകൃതി അനുഗ്രഹിച്ചു നല്‍കുകയാണ്. മനുഷ്യര്‍ ചൂഷണം ചെയ്തുപേക്ഷിക്കുന്ന ജോയിയെ പ്രകൃതി ഏറ്റെടുക്കുന്നു.

മനുഷ്യരുടെ ആവശ്യങ്ങള്‍ക്കുള്ളതെല്ലാം ഈ ഭൂമിയിലുണ്ടെന്നും അവരുടെ ആര്‍ത്തി ശമിപ്പിക്കാനുള്ളത് ഇവിടെയില്ലെന്നുമുള്ള ഗാന്ധി വാക്യം നിരന്തരമോര്‍മിപ്പിക്കുന്നുണ്ട് ഈ ചിത്രത്തിലെ ചില കഥാപാത്രങ്ങള്‍. അതിലൂടെ മനുഷ്യവര്‍ഗ്ഗം പ്രകൃതിയെ എങ്ങനെയെല്ലാം ചൂഷണം ചെയ്യുന്നുവെന്ന ആഴത്തിലുള്ള ചിന്തയും സംവിധായകന്‍ പങ്കു വയ്ക്കുകയാണ്. അലാവുദീന് അത്ഭുതവിളക്കിലൂടെ ലഭിച്ച ജിന്നിനെപ്പോലെയാണ് ജോയ് തന്‍റെ യജമാനന്മാരുടെ ആജ്ഞകള്‍ നിറവേറ്റുന്നത്. ഇടയ്ക്കെങ്കിലും താന്‍ ചെയ്യുന്നത് ശരിയാണോയെന്ന ധാര്‍മികവ്യഥയെ അഭിമുഖീകരിക്കുന്ന ജോയ് ഒടുവില്‍ തന്‍റെ ശരികളെക്കാള്‍ യജമാനന്മാരുടെ ശരികള്‍ക്ക് കീഴ്പ്പെടുകയാണ്‌.

അതിജീവനമെന്ന പ്രകൃതി യാഥാര്‍ഥ്യം ജോയ് എന്ന കഥാപാത്രത്തിലൂടെ പുതിയ അര്‍ഥങ്ങള്‍ കണ്ടെത്തുന്നുണ്ട്. മനുഷ്യന്‍റെ ദുരയുടെ,പ്രകൃതി ചൂഷണത്തിന്‍റെ തീഷ്ണമായ അനന്തരഫലങ്ങള്‍ക്ക് അയാള്‍ ഇരയാവുന്നുണ്ട്. ഇരയായി ഒടുങ്ങാതെ, പുതിയ രൂപത്തില്‍ അതിജീവനം കണ്ടെത്തുന്നതിലൂടെയാണ് ജോയ് പ്രകൃതിയിലേക്ക് അലിഞ്ഞു ചേര്‍ന്നതായി പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. തീരപ്രദേശങ്ങളിലെ മിത്തുകളിലും വാമൊഴികളിലുമുള്ള ‘കടല്‍മനുഷ്യന്‍’ എന്ന സങ്കല്‍പവും ഇവിടെ പ്രസക്തമാവുന്നുണ്ട്.

ആവാസവ്യൂഹം
ആവാസവ്യൂഹം

Ecocritical വായനകള്‍ക്ക് വലിയ സാധ്യതകള്‍ തുറന്നിടുന്ന ഒരു ചിത്രം കൂടിയാണ് ‘ആവാസവ്യൂഹം’. പ്രകൃതിയോടുള്ള ആധുനിക മനുഷ്യന്‍റെ സമീപനങ്ങളെ മുന്‍വിധികളില്ലാതെ തന്നെ ചിത്രം വിശകലനവിധേയമാക്കുന്നു. ചിത്രത്തിലെ കൃത്യമായ രാഷ്രീയ സൂചകങ്ങളും ശ്രദ്ധേയമാണ്. ഏറണാകുളം ജില്ലയിലെ പുതുവൈപ്പ് എന്ന പ്രകൃതിലോല പ്രദേശമാണ് ചിത്രത്തിന്‍റെ കഥാപരിസരം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പുതിയ എല്‍.പി.ജി ടെര്‍മിനല്‍ അവിടെ സ്ഥാപിക്കുന്നതിനെതിരെയുള്ള പ്രദേശവാസികളുടെ സമരത്തിന്‍റെ ഫൂട്ടേജുകള്‍ ചിത്രത്തിലുണ്ട്. പോലീസ് ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ച സമരം വലിയ ജനപിന്തുണ നേടിയിരുന്നു. നിലനില്‍പിനായുള്ള പുതുവൈപ്പ് നിവാസികളുടെ സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുണ്ട് സംവിധായകന്‍ കൃഷാന്ത്. ഫിക്ഷനില്‍ നിന്നും ഡോക്യുഫിഷന്‍ സ്വഭാവത്തിലേക്ക് ചിത്രം അനായാസമായി രൂപം മാറുന്നതും ഇവിടെ ശ്രദ്ധേയമാണ്. പൗരത്വത്തെ വിവേചനത്തിനുള്ള ആയുധമാക്കി മാറ്റുന്ന കാലത്ത് മുഖ്യകഥാപാത്രമായ ജോയിയുടെ ഐഡന്‍റിറ്റി ഒരുപാട് നെറ്റികള്‍ ചുളിയാന്‍ കാരണമാവുന്നുണ്ട്. ആധാര്‍ കാര്‍ഡിലൂടെ മാത്രം സ്വയം അടയാളപ്പെടേണ്ട ഇന്നത്തെ ഇന്ത്യന്‍ പൗരരുടെ കാലത്ത് അയാള്‍ ആരാണെന്നും എവിടുന്നു വന്നുവെന്നുമുള്ള ചോദ്യങ്ങള്‍ ഒരു നാടിനെ മൊത്തമായി അലട്ടുകയാണ്. ശ്രീലങ്കക്കാരനോ മാവോയിസ്റ്റോ ആയിരിക്കാമെന്ന ഊഹാപോഹങ്ങളും പറന്നുനടക്കുന്നു.

പല അദ്ധ്യായങ്ങളിലായി ഒരുക്കിയിരിക്കുന്ന ചിത്രം, കാഴ്ചയുടെയും ആഖ്യാനത്തിന്‍റെയും അനിതരസാധാരണമായ പുതു വഴികളിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുകയാണ്. മലയാള സിനിമയുടെ സാമ്പ്രദായിക ചട്ടക്കൂടുകളെ പൂര്‍ണ്ണമായും അവഗണിക്കുന്ന ചിത്രം കൂടിയായി ആവാസവ്യൂഹം അടയാളപ്പെടുന്നുണ്ട്. ചിത്രം സാങ്കേതികനിലവാരത്തിലും ഒട്ടും വിട്ടുവീഴ്ച ചെയ്യുന്നില്ല. ചിത്രത്തില്‍ ദൃശ്യവും ശബ്ദവും അനുയോജ്യമായ രീതിയില്‍ ഉന്നതനിലവാരത്തില്‍ തന്നെ സന്നിവേശിപ്പിച്ചിട്ടുണ്ട്. കാണികള്‍ക്ക് ലഭിക്കുന്ന സിനിമാനുഭവം ആ അര്‍ഥത്തില്‍ ഏറെക്കുറെ പൂര്‍ണമാണ്. വിഷ്ണു പ്രഭാകറിന്‍റെ ക്യാമറയും , അജ്മല്‍ ഹസ്ബുള്ളയുടെ എഡിറ്റിംഗും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. ചിത്രം കണ്ടിറങ്ങുന്ന ഏതൊരാളുടെ മനസ്സിലും ചിന്തയിലും നിറഞ്ഞു നില്‍ക്കുന്ന ജോയിയെ അവതരിപ്പിച്ചിരിക്കുന്നത് രാഹുല്‍ രാജഗോപാലാണ്. സിനിമയിലെ പരീക്ഷണങ്ങള്‍ക്ക്, ആ മീഡിയത്തിന്‍റെ സാധ്യതകള്‍ക്ക് ഒരു പുതിയ ബെഞ്ച്‌മാര്‍ക്ക് കൂടി സൃഷ്ടിക്കുന്നുണ്ട് ഈ ചിത്രം.

ആവാസവ്യൂഹം
ആവാസവ്യൂഹം

തന്‍റെ മുന്‍ ചിത്രമായ വൃത്താകൃതിയിലുള്ള ചതുരത്തിലൂടെ ശ്രദ്ധേയനായ കൃഷാന്ത് ഇനി അറിയപ്പെടുക ഈ ചിത്രത്തിന്‍റെ പേരിലാവും. ഈ സിനിമയോടുള്ള ഏക വിമര്‍ശനം കഥാപാത്രങ്ങളുടെ സംസാരശൈലി സൃഷ്ടിക്കുന്ന ചില സന്ദേഹങ്ങളാണ്. അഴീക്കോട്‌ താമസിക്കുന്നതായി കാണിക്കുന്ന ചിലര്‍ കൊച്ചി ഭാഷയയിലും മറ്റു ചിലര്‍ തിരുവനന്തപുരം ഭാഷയിലും സംസാരിക്കുന്നുണ്ട്. ഈ സിനിമ പ്രേക്ഷകര്‍ക്ക് ടോട്ടാലിറ്റിയില്‍ അനുഭവവേദ്യമാക്കുന്ന കാഴ്ചാനുഭവം പരിഗണിക്കുമ്പോള്‍ അവഗണിക്കാവുന്ന ഒന്നു മാത്രമാണിത്. തീയറ്ററില്‍ തന്നെ മലയാളികള്‍ കണ്ടിരിക്കേണ്ട ചിത്രമാണ്‌ ആവാസവ്യൂഹം എന്നതിന് IFFK പ്രദര്‍ശനത്തിനു ശേഷമുണ്ടായ നിലയ്ക്കാത്ത കരഘോഷം സാക്ഷി.

ഒറ്റപ്പാലം NSS കോളേജ് അസിസ്റ്റന്റ് പ്രൊഫസറും ചലച്ചിത്രനിരൂപകനുമാണ് S. ഹരിനാരായണന്‍

Related Stories

No stories found.
logo
The Cue
www.thecue.in