തനിയാവര്‍ത്തനം: റീലിലെ റിയലുകള്‍

തനിയാവര്‍ത്തനം
തനിയാവര്‍ത്തനം
Summary

എഴുത്തുകാരനും ചലച്ചിത്രനിരൂപകനും സംവിധായകനുമായ ഡോ. അജു കെ. നാരായണന്‍ എഴുതുന്നു.

1987-ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് തനിയാവര്‍ത്തനം. ലോഹിതദാസിന്റെ ആദ്യ തിരക്കഥയ്ക്ക് സിബി മലയിലിന്റെ തിരഭാഷ്യം. മമ്മൂട്ടി എന്ന അഭിനേതാവിന്റെ ആക്ടിംഗ് കരിയറിലെ സവിശേഷമായ ഒരു മുദ്രണം - ബാലന്‍ മാഷ്. മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് പുറത്തിറങ്ങിയ ഈ ചിത്രം എന്തുകൊണ്ടാവാം പ്രേക്ഷകര്‍ക്ക് ഇപ്പോഴും പ്രിയങ്കരമാവുന്നത്? ഈ ചോദ്യത്തിനു പലതരം ഉത്തരങ്ങള്‍ പറയാന്‍ കഴിഞ്ഞേക്കും. എന്നാല്‍ എല്ലാ ഉത്തരങ്ങളും ചെന്നെത്തുന്ന ഒരു കണ്‍വേര്‍ജിംഗ് പോയ്ന്റ് ഉണ്ട്. അത്, മമ്മൂട്ടി എന്ന നടന്റെ പ്രകടനതട്ടകമാണ്. മമ്മൂട്ടി എന്ന റിയാലിറ്റിയില്‍നിന്ന് ബാലന്‍ മാഷ് എന്ന കഥാപാത്രത്തിലേക്കുള്ള ഒരു ഫ്‌ളൈറ്റ് അഥവാ ഒരു ട്രാന്‍സ് അവിടെ സംഭവിക്കുന്നു. ഇത്, മറ്റൊരുതരം യാഥാര്‍ത്ഥ്യത്തെ/റിയലിനെ സൃഷ്ടിക്കുകയാണ്. ചലച്ചിത്രപാഠത്തിലെ യാഥാര്‍ത്ഥ്യം എന്നിതിനെ വിളിക്കാം. അഭിനയത്തിലെ ഈ യാഥാര്‍ത്ഥ്യനിര്‍മ്മിതി വളരെ സൂക്ഷ്മവും സവിശേഷവുമായതിനാലാണ് ബാലന്‍മാഷ് ഒരു യഥാര്‍ത്ഥ കഥാപാത്രമായി പ്രേക്ഷകന് അനുഭവപ്പെടുന്നത്. 'യഥാര്‍ത്ഥ കഥാപാത്രം' എന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥം എന്നതു റിയല്‍ തന്നെ; പക്ഷേ കഥാപാത്രം ഭാവനാപരമാണ്. ഭാവനയെ യാഥാര്‍ത്ഥ്യമാക്കി മാറ്റുന്ന ഈ പ്രക്രിയ സൃഷ്ടിക്കുന്ന ഒരുതരം ടെന്‍ഷന്‍/സംഘര്‍ഷം ഉണ്ട്. ഈ ബലപരീക്ഷയാണ് കേവലമായ അഭിനയത്തെ അഭിനയകല എന്ന നിലയിലേക്ക് പരാവര്‍ത്തനം ചെയ്യുന്നത്. ഈയര്‍ത്ഥത്തില്‍ ബാലന്‍മാഷിനെ അവതരിപ്പിച്ച മമ്മൂട്ടി ഒരു അഭിനയ-കലാകാരനാവുന്നു.

തനിയാവര്‍ത്തനം
തനിയാവര്‍ത്തനം

ഒരു കുടുംബത്തിലെ പുരുഷന്മാര്‍ക്ക് പാരമ്പര്യമായി വന്നു ഭവിക്കുന്ന ഭ്രാന്തും അതു സൃഷ്ടിക്കുന്ന വിഹ്വലതകളുമാണ് സിനിമയുടെ പ്രമേയം. സ്‌കൂള്‍ മാഷായ ബാലനാണ് കുടുംബത്തിന്റെ കേന്ദ്രം. അയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ട്. അനുജനും അനുജത്തിയും അമ്മയും അമ്മൂമ്മയും കൂടാതെ മുകളിലത്തെ ഇരുണ്ടമുറിയില്‍ ഭ്രാന്തനായ ശ്രീധരനുമുണ്ട്. ദേവിയുടെ അടങ്ങാത്ത കോപംമൂലം തറവാട്ടില്‍ എപ്പോഴും ഒരു ഭ്രാന്തനുണ്ടായിത്തീരുമെന്നാണ് വിശ്വാസം. ഇതിനെ മുറുകെപ്പിടിക്കുന്നവരാണ് വല്യമ്മാവനും അമ്മൂമ്മയും നാട്ടുകാരും. എന്നാല്‍ അനുജനായ ഗോപി പുരോഗമനവാദിയാണ്. അയാള്‍ക്ക് പാരമ്പര്യത്തിലൊന്നും വിശ്വാസമില്ല. തറവാട്ടില്‍ ഇപ്പോഴുള്ള ഭ്രാന്തന്‍ മരിക്കുന്നതോടെ അടുത്ത ഭ്രാന്തന്‍ ആരെന്നായി വിശ്വാസികളുടെ അന്വേഷണം. അവരുടെ നോട്ടങ്ങള്‍ ചെന്നു പതിക്കുന്നത് ബാലന്‍ മാഷിലാണ്.

ബാലന്‍മാഷിന് ഒരസുഖവുമില്ല. പക്ഷേ, അയാളുടെ സാധാരണ ചേഷ്ടകളില്‍പ്പോലും മറ്റുള്ളവര്‍ ഭ്രാന്ത് ദര്‍ശിക്കുന്നു; ആരോപിക്കുന്നു. ചുരുക്കത്തില്‍, എല്ലാവരും കൂടിച്ചേര്‍ന്ന് അയാളെ ഭ്രാന്തനാക്കുന്നു. അങ്ങനെ പാരമ്പര്യം/ഭ്രാന്ത് തനിയാവര്‍ത്തിക്കപ്പെടുന്നു. ബാലന്റെ ദാരുണാവസ്ഥ താങ്ങാനാവാതെ അമ്മ അവനു വിഷം കൊടുക്കുന്നു; ഇരുവരും മരിക്കുന്നു. ബാലന്‍മാഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനും 'ഭ്രാന്താവസ്ഥ' കൈവന്നേക്കാം എന്ന ദൃശ്യസൂചകത്തോടെ സിനിമ പര്യവസാനിക്കുന്നു.

തനിയാവര്‍ത്തനം
തനിയാവര്‍ത്തനം

ഇല്ലാത്ത ഭ്രാന്ത് ആരോപിച്ചുണ്ടാക്കുന്നു എന്നതാണ് സിനിമയിലെ പ്രധാനപ്പെട്ട മോട്ടിഫ്. ഒരു നടനെ സംബന്ധിച്ചിടത്തോളം അഭിനയത്തിന്റെ വിവിധ പ്രതലങ്ങള്‍ ആവശ്യപ്പെടുന്ന നിരവധി കഥാസന്ദർഭങ്ങള്‍ ഇവിടെയുണ്ട്. ഭാര്യയും കുട്ടികളുമൊത്തുള്ള ബാലന്‍മാഷിന്റെ മുഹൂര്‍ത്തങ്ങളില്‍നിന്ന് എത്രയോ വിഭിന്നമാണ് അമ്മാവനോടും മുത്തശ്ശിയോടുമൊത്തുള്ള സന്ദര്‍ഭങ്ങള്‍. ഇതൊന്നുമല്ല അയാള്‍ അനുജനോടും അനുജത്തിയോടും സംസാരിക്കുമ്പോള്‍. ഭ്രാന്തനായ ശ്രീധരനോട് സ്‌നേഹത്തോടും അനുകമ്പയോടും പെരുമാറുന്ന ബാലന്‍മാഷ് മറ്റൊരാളാണ്. ഈ ബാലന്‍മാഷേയല്ല ചായക്കടയിലെയും സ്‌കൂളിലെയും. ഭ്രാന്ത് ആരോപിക്കപ്പെട്ട ശേഷമുള്ള ബാലന്‍മാഷ് നാം അതുവരെക്കണ്ട ആളുമല്ല. സിനിമയില്‍ പലതരം 'ബാലന്‍മാഷുമാര്‍' ഉണ്ടെു സാരം. ഒരു കഥാപാത്രത്തില്‍ത്തന്നെെയുള്ള ഇത്തരം പിളര്‍പ്പുകള്‍ സൃഷ്ടിക്കുന്ന ബഹുമുഖതയും ബഹുസ്വരതയും മമ്മൂട്ടി എന്ന നടന്‍ സാക്ഷാത്ക്കരിക്കുന്നത് അഭിനയത്തിന്റെ അതിസമര്‍ത്ഥമായ ഡീറ്റെയിലിംഗിലൂടെയാണ്. റിയലിസ്റ്റ് ചിത്രകലയിലെ ഒരു സവിശേഷ മെത്തേഡാണ് ഡീറ്റെയിലിംഗ് എന്ന കാര്യം ഇവിടെ ഓര്‍മ്മിക്കാം.മറ്റൊരു കാര്യം: ഒരു സിനിമയില്‍ പ്രൊട്ടഗോണിസ്റ്റ് തന്റെ പ്രകടനത്തെ (performance) തിട്ടപ്പെടുത്തുന്നത്/നിജപ്പെടുത്തുന്നത് എങ്ങനെയാണ്? ഒരു അപരസാന്നിദ്ധ്യത്തെ (other) മുന്‍നിര്‍ത്തിയാവും നായകന്‍ തന്റെ നടനത്തിന്റെ അളവുകോല്‍ പ്രസ്തുത സിനിമയ്ക്കുവേണ്ടി രൂപപ്പെടുത്തുക. അപരസാന്നിദ്ധ്യം എന്നതു വില്ലനോ കാമുകിയോ ഒക്കെയാവാം. 'തനിയാവര്‍ത്തനം' എന്ന സിനിമയിലെ പ്രൊട്ടഗോണിസ്റ്റിന്റെ അപരം എന്താണ്? പാരമ്പര്യം (tradition) ആണ് ഇവിടെ അപരം. മൂര്‍ത്തവല്‍ക്കരിക്കപ്പെട്ട ഒരു കഥാപാത്രമല്ല പാരമ്പര്യം. അത് അമൂര്‍ത്തമാണ്. പാരമ്പര്യത്തിന്റെ ജിഹ്വയായി വല്യമ്മാവന്‍ രംഗപ്രവേശം ചെയ്യുന്നുണ്ടെങ്കിലും അയാളെയും അതിവര്‍ത്തിച്ചാണ് പാരമ്പര്യം നില്‍ക്കുന്നത്. ഇതു പ്രൊട്ടഗോണിസ്റ്റിന് നടനപരമായ ഒരു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മാത്രവുമല്ല, അനുജനായ ഗോപിയെപ്പോലെ പുരോഗമനവാദിയോ യുക്തിവാദിയോ അല്ല ബാലന്‍മാഷ്.

ഗോപിയുമായുള്ള ബാലന്‍മാഷിന്റെ സംഭാഷണം ഓർമ്മിക്കുക. ബാലന്‍മാഷിന്റെ ഉള്ളില്‍ പാരമ്പര്യവിശ്വാസം പ്രവര്‍ത്തിക്കുന്നുണ്ട്. അതായത്, ദേവീകോപവും ഭ്രാന്തുമായി ബന്ധപ്പെട്ട മിത്തുമെല്ലാം ബാലന്‍മാഷിന്റെ മനസ്സിലുമുണ്ട്. ഇങ്ങനെ വരുന്നതോടെ, പ്രൊട്ടഗോണിസ്റ്റിന്റെ ഉള്ളില്‍ത്തന്നെ അപരം (other) ഉണ്ടെന്നു വരുന്നു. ഇതു മറ്റൊരു വെല്ലുവിളിയായിത്തീരുന്നു. അതായത്, ദേവീകോപംമൂലം കുടുംബത്തില്‍ ഭ്രാന്ത് തനിയാവര്‍ത്തിക്കപ്പെടും എന്നു വിശ്വസിക്കുന്ന ഒരു കടുത്ത പാരമ്പര്യവാദി ബാലന്‍മാഷില്‍ത്തെന്നെയുണ്ടെന്നു സാരം. ഇങ്ങനെവരുന്നതോടെ, ബാലന്‍മാഷില്‍ ഭ്രാന്ത് ആരോപിക്കുന്നത് ചുറ്റുമുള്ളവര്‍ മാത്രമല്ല, ബാലന്‍മാഷിലെ പാരമ്പര്യവിശ്വാസികൂടിയാണ്. അതുകൊണ്ടാണ് ഏതോ ഒരു വേള തനിക്ക് ഭ്രാന്തുണ്ടെന്ന് ബാലന്‍മാഷിനുതന്നെ തോന്നിപ്പോകുന്ന മട്ടിലുള്ള ഒരു ദൃശ്യം സിനിമയിലുണ്ടായിത്തീരുന്നത്. ഇത്തരം തോന്നലുകള്‍ പ്രേക്ഷകനു ലഭിക്കുന്നത് മമ്മൂട്ടി എന്ന നടന്റെ നിശിതവും ചതുരവുമായ (subtle) അഭിനയലീലയില്‍ നിന്നാണ്. തിരക്കഥാകൃത്തും സംവിധായകനും ഇക്കാര്യത്തെപ്പറ്റി ബോധവാന്മാരായിരുന്നുവോ എന്നത് ഇവിടെ വിഷയമല്ല. മമ്മൂട്ടി എന്ന നടന്റെ അഭിനയം ഇപ്രകാരം ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു എന്നതാണ് പ്രസക്തം.

തനിയാവര്‍ത്തനം
തനിയാവര്‍ത്തനംpinklungi

എല്ലാത്തരം അഭിനയങ്ങളെയും പ്രശ്‌നവല്‍ക്കരിച്ച സൈദ്ധാന്തികനാണ് റിച്ചാര്‍ഡ് ഷെഹ്നര്‍. അദ്ദേഹം അവതരിപ്പിച്ച വിഖ്യാതമായ പ്രകടനസിദ്ധാന്തം (performance theory) അഭിനേതാവിന്റെ/അഭിനേത്രിയുടെ കര്‍ത്തൃസ്ഥാനത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അഭിനേതാവിന്റെ കര്‍ത്തൃത്വം (subjectivity) സന്ദിഗ്ദ്ധമായ ഒരു മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്നുവെന്നാണ് ഷെഹ്നറുടെ വാദം. 'തനിയാവര്‍ത്തന'ത്തിലെ മമ്മൂട്ടി എന്ന നടന്‍, സന്ദിഗ്ദ്ധമായ പലതരം കര്‍ത്തൃസ്ഥാനങ്ങള്‍ കൈയാളുന്നുണ്ടെന്നു പറയേണ്ടതില്ലല്ലോ. ഒരു നടന്‍ തന്റെ പ്രകടനസഞ്ചാരങ്ങള്‍ക്കുശേഷം പൂര്‍വ കര്‍ത്തൃസ്ഥാനം കൈയാളുന്നുവെന്ന ലാഘവയുക്തിക്കപ്പുറം, ഒരു കഥാപാത്രത്തിന്റെതന്നെ ഉള്ളിലുള്ള - ബാലന്‍ മാഷുമാര്‍ക്കിടയിലുള്ള- സന്ദിഗ്ദ്ധതകളെ വ്യത്യസ്ത യാഥാര്‍ത്ഥ്യങ്ങളായി അവതരിപ്പിക്കുകയായിരുന്നു മമ്മൂട്ടി എന്ന പെര്‍ഫോര്‍മര്‍. ഇങ്ങനെയൊക്കെയാണ് അദ്ദേഹം ഒരു 'റിയൽ ആക്ടര്‍' ആകുന്നത്.

Real in the reel is not real; but, Real than real.

Related Stories

No stories found.
logo
The Cue
www.thecue.in