രുക്മിണിയും വാസന്തിയും സ്ത്രീ സൗഹൃദങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ : പത്മപ്രിയ

രുക്മിണിയും വാസന്തിയും സ്ത്രീ സൗഹൃദങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ : പത്മപ്രിയ

ജി.ആര്‍ ഇന്ദു ഗോപന്റെ അമ്മിണിപ്പിള്ള വെട്ടു കേസിനെ ആസ്പദമാക്കി ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു തെക്കന്‍ തല്ലു കേസ്. കഥയിലെ അമ്മിണിപ്പിള്ളയുടെ ഭാര്യയായ രുക്മിണിയെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത് പത്മപ്രിയയാണ്. രുക്മിണിയില്‍ തന്റെ അമ്മമ്മയെ കാണാന്‍ തനിക്ക് കഴിഞ്ഞുവെന്ന് പത്മപ്രിയ പറഞ്ഞു. സ്ത്രീ സൗഹൃദങ്ങളെ വളരെ സ്വാഭാവികമായി എക്സ്പ്ലോര്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ചെയ്തിരുന്നില്ല എന്ന വിഷമം മാറിയത് ചിത്രത്തിലെ വാസന്തിക്കൊപ്പമുള്ള രംഗങ്ങള്‍ ചെയ്തതിന് ശേഷമാണെന്നും പത്മപ്രിയ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പത്മപ്രിയ പറഞ്ഞത്

'എന്നോട് ഒരുപാട് പേര്‍ കഥ പറയുന്നുണ്ടായിരുന്നു. അതില്‍ ഭൂരിഭാഗം പേരും, വളരെ ഇന്ററസ്റ്റിങായ സ്ത്രീ കഥാപാത്രങ്ങളെ ഉണ്ടാക്കിയ ശേഷം അങ്ങ് വിട്ടു കളയും, കഥാപാത്രങ്ങളെ ഇന്ററസ്റ്റിങ് ആക്കുന്നതിനപ്പുറത്തേയ്ക്ക് ഒരു പൂര്‍ണ്ണത ആ കഥാപാത്രങ്ങള്‍ക്ക് ഇല്ല. എന്നാല്‍ രൂഗ്മിണി വെല്‍ ഡിഫൈന്‍ഡ് ആയിട്ടുള്ള ഒരു കഥാപാത്രമാണ്. എന്നെ ആകര്‍ഷിച്ച ഘടകവും അതാണ്. രുഗ്മിണിയില്‍ ഞാന്‍ എന്റെ അമ്മമ്മയെ കണ്ടിട്ടുണ്ട്. അവരൊരു വീട്ടമ്മ ആയിരിക്കാം, പക്ഷേ അവരുടെ വാക്ക് അവസാനത്തേത് ആയിരിക്കും. അത് അധികാരം അല്ല, പകരം സ്നേഹം കൊണ്ടുണ്ടാകുന്ന, അവരുടെ സ്ത്രീത്വത്തില്‍ നിന്നു വരുന്ന അധികാരമാണത്. ഞാന്‍ എന്റെ ജീവിതം എങ്ങനെ ജീവിക്കും എന്ന കൃത്യമായ ധാരണയുള്ള സ്ത്രീകളാണ് അവര്‍. അതു കൊണ്ട് തന്നെ രുഗ്മിണി എനിക്കൊരു കഥാപാത്രം ആയിരുന്നില്ല, അതൊരു മനോഹരമായ അനുഭവമായിരുന്നു. എനിക്ക് രുക്മിണി സ്വയം പുനരാലോചിക്കാന്‍ സമയം നല്‍കി. രുക്മിണിയെ അവതരിപ്പിക്കുമ്പോള്‍ ഞാന്‍ എന്റെ അമ്മമ്മയെ തന്നെയാണ് കണ്ടത്. ഈ സിനിമ ചെയ്യുന്ന വരെ സ്ത്രീ സൗഹൃദങ്ങളെ വളരെ സ്വാഭാവികമായി എക്സ്പ്ലോര്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ചെയ്തിരുന്നില്ല. അതിന്റെ വിഷമം എനിക്ക് ഉണ്ടായിരുന്നു. ഈ സിനിമയിലെ വാസന്തി എന്ന കഥാപാത്രത്തിന്റെ ഒപ്പമുള്ള രംഗങ്ങള്‍ ചെയ്തപ്പോള്‍ അത് മാറി.

5 വര്‍ഷങ്ങള്‍ക്ക് ശേഷം പത്മപ്രിയ അഭിനയിക്കുന്ന മലയാള സിനിമയാണ് ഒരു തെക്കന്‍ തല്ല് കേസ്. ചിത്രത്തില്‍ അമ്മിണിപ്പിള്ളയായി ബിജു മേനോനെത്തുന്നു. നിമിഷ സജയനാണ് വാസന്തിയാകുന്നത്. മധു നീലകണ്ഠനാണ് ക്യാമറ. രാജേഷ് പിന്നാടന്‍ തിരക്കഥ. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ദിലീപ് നാഥ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സമീറ സനീഷ് കോസ്റ്റിയൂം. തപസ് നായക് സൗണ്ട് ഡിസൈനും അന്‍വര്‍ അലി ഗാനരചനയും.

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അയ്യപ്പനും കോശിയും എന്ന സിനിമയിലെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തിന് ശേഷം മാസ് കഥാപാത്രമായി ബിജു മേനോന്‍ എത്തുന്നുവെന്ന പ്രത്യേതയും തല്ല് കേസിനുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in