'തമ്പാനില്‍ വിന്റേജ് സുരേഷ് ഗോപിയെ കാണാം, ബോധപൂര്‍വമല്ല; കാവല്‍ നവംബര്‍ 25ന് തന്നെ': നിതിന്‍ രണ്‍ജി പണിക്കര്‍ അഭിമുഖം

'തമ്പാനില്‍ വിന്റേജ് സുരേഷ് ഗോപിയെ കാണാം, ബോധപൂര്‍വമല്ല; കാവല്‍ നവംബര്‍ 25ന് തന്നെ': നിതിന്‍ രണ്‍ജി പണിക്കര്‍ അഭിമുഖം

സുരേഷ് ഗോപിയുടെ ബോക്സ് ഓഫീസിലേക്കുള്ള ശക്തമായ തിരിച്ചുവരവായി പ്രതീക്ഷിക്കുന്ന ചിത്രമാണ് നിതിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച കാവല്‍. ഹൈറേഞ്ച് പശ്ചാത്തലമാക്കിയുള്ള പീരിഡ് ആക്ഷന്‍ ഡ്രാമയാണ് കാവല്‍. ജോബി ജോര്‍ജ്ജാണ് നിര്‍മ്മാണം. കാവല്‍ നവംബര്‍ 25ന് തന്നെ തിയറ്ററുകളിലെത്തുമെന്ന് നിതിന്‍ രണ്‍ജി പണിക്കര്‍ ദ ക്യുവിനോട്. സുരേഷ് ഗോപിക്കൊപ്പം രണ്‍ജി പണിക്കരും കാവലില്‍ പ്രധാന റോളിലുണ്ട്.

തിയറ്റര്‍ തുറന്നാലുള്ള ആദ്യ സൂപ്പര്‍സ്റ്റാര്‍ റിലീസ്

ഒക്ടോബര്‍ അവസാനത്തോടെ തിയറ്റര്‍ തുറക്കുന്നത് കൊണ്ടാണ് നവംബര്‍ 25 എന്ന റിലീസ് തീയതി തീരുമാനിച്ചത്. തിയറ്റര്‍ തുറക്കുന്ന കാര്യത്തില്‍ മാറ്റം വന്നാല്‍ മാത്രമെ മറ്റൊരു തിയതിയെ കുറിച്ച് ചിന്തിക്കു. അല്ലെങ്കില്‍ നവംബര്‍ 25ന് തന്നെ ചിത്രം തിയറ്ററിലെത്തും. ഒക്ടോബറിലും നവംബര്‍ ആദ്യവും പല സിനിമകളും റിലീസുണ്ട്. പക്ഷെ മലയാളത്തിലെ ആദ്യ ബിഗ്സ്റ്റാര്‍ റിലീസ് കാവല്‍ തന്നെയാവാനാണ് സാധ്യത. ഇനി തിയറ്റര്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം മാറിയാല്‍ മറ്റ് സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ പ്രഖ്യാപിക്കുമോ എന്ന് അറിയില്ല.

തമ്പാന് വിന്റേജ് സുരേഷ് ഗോപിയുടെ സാമ്യമുണ്ട്

കാവലില്‍ രണ്ട് കാലഘട്ടങ്ങളാണ് പറഞ്ഞ് പോകുന്നത്. ഒന്ന് 2000ത്തിന്റെ തുടക്ക കാലവും പിന്നെയുള്ളത് ഇപ്പോഴത്തെ സമയവുമാണ്. ആദ്യ കാലഘട്ടത്തിലുള്ളത് ഒരു നാല്‍പ്പത് നാല്‍പ്പത്തഞ്ച് വയസ് പ്രായം വരുന്ന തമ്പാനെയാണ്. ആ സമയത്ത് ചിലപ്പോള്‍ കഥാപാത്രത്തിന് വിന്റേജ് സുരേഷ് ഗോപിയുടെ സാമ്യം ഉണ്ടാവാം. ഒരിക്കലും വിന്റേജ് സുരേഷ് ഗോപിയാക്കാന്‍ വേണ്ടി ചെയ്തതല്ല. കഥ അത് ഡിമാന്റ് ചെയ്യുന്നത് കൊണ്ടാണ് അത്തരമൊരു സാമ്യം വരുന്നത്. പിന്നെ രണ്ടാമത്തെ കാലഘട്ടത്തിലേക്ക് വരുമ്പോള്‍ ഇത് വരെ കണ്ട് ശീലിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു പെര്‍ഫോമന്‍സാണ് കഥാപാത്രത്തിന് ഉള്ളത്. ഒരു റിയലിസ്റ്റിക്ക് സിനിമയല്ലെങ്കില്‍ പോലും സാധരണ പ്രായം കുടുമ്പോള്‍ ഒരു വ്യക്തിക്ക് ഉണ്ടാവുന്ന മാനസികമായും ശാരീരികമായുമുള്ള മാറ്റങ്ങള്‍ കഥാപാത്രത്തിനും ഉണ്ടാവുന്നുണ്ട്. പിന്നെ കഥാപാത്രത്തിന്റെ രണ്ട് പ്രായങ്ങള്‍ കാണിക്കുന്നത് കൊണ്ട് അതിന്റെതായ വ്യത്യാസങ്ങളും കഥാപാത്രത്തിന് സംഭവിക്കുന്നുണ്ട്. പ്രായം കുറവും കൂടുതലും വ്യക്തമായി അറിയാന്‍ കഴിയുന്ന രീതിയിലുള്ള പെര്‍ഫോമെന്‍സും ക്യാരക്കറ്ററൈസേഷനുമാണ് ചെയ്തിരിക്കുന്നത്.

മാസ് ഓഡിയന്‍സിനെ എന്റര്‍ടെയിന്‍ ചെയ്യുന്ന സിനിമ

'സിനിമയില്‍ റിയലിസം വരുന്നത് പെര്‍ഫോമന്‍സിലൂടെയാണ്. ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സും പരിസരവുമെല്ലാം വളരെ റിയലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ബാക്കിയെല്ലാം സിനിമാറ്റിക്ക് ട്രീറ്റ്‌മെന്റ് തന്നെയാണ്. തിയറ്ററിലേക്ക് വരുന്ന ഭൂരിപക്ഷം പ്രേക്ഷകരെയും എന്റര്‍ട്ടെയിന്‍ ചെയ്യാന്‍ സാധിക്കുന്ന സ്വഭാവമുള്ള സിനിമയാണ് കാവല്‍ എന്നാണ് പ്രതീക്ഷ.

അച്ഛന്‍ എഴുതിയ ടെയില്‍ എന്‍ഡ്

സിനിമയുടെ ടെയില്‍ എന്‍ഡ് സീക്വന്‍സിന്റെ വോയിസ് ഓവറാണ് അച്ഛന്‍ എഴുതിയിരിക്കുന്നത്. ഒരുപക്ഷെ ഞാന്‍ എഴുതുന്നതിനെക്കാള്‍ അച്ഛന്‍ എഴുതിയാല്‍ നന്നാവും എന്ന് തോന്നിയത് കൊണ്ടും, പിന്നെ അച്ഛന്റെ എഴുത്തിന്റെ സാന്നിധ്യം സിനിമയില്‍ ഉണ്ടാവണം എന്ന സ്വാര്‍ത്ഥ താത്പര്യത്തിന്റെ പുറത്തുമാണ് അത് അച്ഛനെ കൊണ്ട് എഴുതിച്ചത്.

സുരേഷ് ഏട്ടനും അച്ഛനും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി

സുരേഷ് ഏട്ടനും അച്ഛനും(രണ്‍ജി പണിക്കര്‍) ആ കലാഘട്ടത്തില്‍ ഒരുപാട് സിനിമകള്‍ ഒരുമിച്ച് ചെയ്തു. ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ അച്ഛനും ഒരു നടന്‍ എന്ന നിലയില്‍ സുരേഷ് ഏട്ടനും വളര്‍ന്ന് വരുന്ന സമയമായിരുന്നു അത്. പിന്നെ സുരേഷ് ഗോപി എന്ന സ്റ്റാര്‍ പ്രേക്ഷകരിലേക്ക് എത്തുന്നതും ഇവര്‍ ഒരുമിച്ച് ചെയ്ത സിനിമകളിലൂടെയാണല്ലോ. അതുകൊണ്ട് തന്നെ ഓഫ് സ്‌ക്രീനില്‍ ഇവര്‍ തമ്മിലുള്ള ബന്ധം എല്ലാ കാലത്തും വളരെ ദൃഢമായിരുന്നു. ചെറുപ്പം തൊട്ടേ ഇവര്‍ തമ്മിലുള്ള ഒരു ഇക്വേഷനും കെമിസ്ട്രിയുമൊക്കെ എനിക്ക് അറിയാവുന്നതാണ്. സിനിമയില്‍ അവര്‍ നടന്‍മാര്‍ എന്ന നിലയില്‍ ഒന്നിച്ച് എത്തിയപ്പോള്‍ അത് വേറൊരു തരം കെമിസ്ട്രിയായിരുന്നു. രണ്ട് പേരും പരസ്പരം കൃത്യമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യുകയും അച്ഛന്റെ ചില ഡയലോഗ് സുരേഷ് ഏട്ടന്‍ പറഞ്ഞാല്‍ നന്നാകും എന്ന് പറയുകയും ഒക്കെ ചെയ്തിരുന്നു.

അടുത്തത് യുവനിരയെ വെച്ചുള്ള സിനിമ

കാവലിന് ശേഷം വരാനിരിക്കുന്നത് ഒരു വലിയ പ്രൊജക്റ്റാണ്. അത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ എഴുതാന്‍ തുടങ്ങുന്നത് കുറച്ച് യങ്ങ്‌സ്റ്റേഴ്‌സിനെ വെച്ചിട്ടുള്ള ഒരു സിനിമയാണ്. അതേ കുറിച്ച് കൂടുതലൊന്നും പറയാന്‍ ആയിട്ടില്ല. എഴുത്ത് കഴിഞ്ഞാല്‍ മാത്രമെ അതിന്റെ ബാക്കി കാര്യങ്ങളിലേക്ക് പോവുകയുള്ളു.

Related Stories

No stories found.
logo
The Cue
www.thecue.in