'നഞ്ചിയമ്മയുടെ പാട്ടില്ലാതെ അയ്യപ്പനും കോശിയും ചിന്തിക്കാനാവില്ല'; വിമര്‍ശിക്കുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ജേക്‌സ് ബിജോയ്

'നഞ്ചിയമ്മയുടെ പാട്ടില്ലാതെ അയ്യപ്പനും കോശിയും ചിന്തിക്കാനാവില്ല'; വിമര്‍ശിക്കുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ജേക്‌സ് ബിജോയ്

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിനെ തുടര്‍ന്ന് ഗായകന്‍ ലിനു ലാല്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്. ലിനു ലാലിന്റേത് ബാലിശമായ വാക്കുകളായാണ് തോന്നിയത്. ആ വാക്കുകള്‍ മറുപടി പോലും അര്‍ഹിക്കുന്നില്ലെന്ന് ജേക്‌സ് ബിജോയ് ദ ക്യുവിനോട് പറഞ്ഞു.

അയ്യപ്പനും കോശിയും എന്ന സിനിമ നഞ്ചിയമ്മയുടെ പാട്ടില്ലാതെ ചിന്തിക്കാന്‍ പോലും പറ്റില്ല. പാട്ടും സിനിമയിലെ വിഷ്വല്‍സും അത്രയും ഒത്തു ചേര്‍ന്നാണ് പോകുന്നത്. അതിന്റെ അംഗീകാരമാണ് അവര്‍ക്ക് കൊടുത്തിരിക്കുന്നതെന്നും ജേക്‌സ് അഭിപ്രായപ്പെട്ടു.

'അത് വളരെ ബാലിശമായ വാക്കുകളായാണ് എനിക്ക് തോന്നിയത്. വൈകാരികമായി സംസാരിച്ചത് പോലെ. അതിന് മറുപടി പോലും അര്‍ഹിക്കുന്നില്ല. ദേശീയ പുരസ്‌കാരത്തില്‍ ഒരു സിനിമയില്‍ പാടിയ പാട്ട് ഏറ്റവും നല്ലതാണെന്ന് ജൂറി തീരുമാനിച്ചതില്‍ പിന്നെ തര്‍ക്കിക്കുന്നതില്‍ കാര്യമില്ലല്ലോ. അയ്യപ്പനും കോശിയും എന്ന സിനിമയ്ക്ക് യോജിച്ചതായിരുന്നു ആ പാട്ടുകള്‍. അതുകൊണ്ടാണ് നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് ലഭിച്ചതും. ദേശീയ പുരസ്‌കാര വേദി സംഗീതത്തിന്റെ കഴിവ് തെളിയിക്കുന്ന ഒരു വേദിയല്ലല്ലോ. ഇപ്പോള്‍ ഓസ്‌കാറില്‍ ഒരാള്‍ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചാല്‍ അവരാണ് ലോകത്തിലെ മികച്ച ഗായിക എന്ന് പറയാന്‍ സാധിക്കുമോ? അതിനെ അങ്ങനെ കണ്ടാല്‍ മതി. അല്ലാതെ ശാസ്ത്രീയമായി പഠിച്ച ഒരുപാട് ആളുകളുണ്ട്. അവരെ അപമാനിക്കുന്നതിന് തുല്യമല്ലേ എന്നൊക്കെ ഇത്രയും പുരോഗമനപരമായ സമൂഹത്തില്‍ നിന്ന് ഒരാള്‍ അങ്ങനെ പറയുന്നത് ശരിയല്ല. ഫോക്ക്‌ലോറിനെ ദേശീയ തലത്തില്‍ എത്തിക്കുക എന്നതിലും വലിയ പ്രചോദനമില്ല. ആ ഫോക്ക്‌ലോറുമായി ജീവിക്കുന്ന ഒരുപാട് ആര്‍ട്ടിസ്റ്റുകളെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. ഞാന്‍ റൂട്ട് സീരീസ് എന്ന പേരില്‍ ഫോക്ക്‌ലോറിനെ വെച്ച് മാത്രമൊരു ആല്‍ബം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്', ജേക്‌സ് പറഞ്ഞു.

'ഇപ്പോള്‍ കടുവയിലും ഞാന്‍ പാലാപ്പള്ളി എന്ന പറഞ്ഞൊരു പാട്ട് ചെയ്തപ്പോള്‍ അത് വൈറലാവുകയാണ് ചെയ്തത്. പ്രേക്ഷകര്‍ക്ക് ആ പാട്ട് അത്രയും ഇഷ്ടമായി. അത് നമ്മള്‍ മനസിലാക്കണം. സിനിമയില്‍ അത്തരമൊരു ഗാനം കൃത്യമായ സന്ദര്‍ഭത്തില്‍ വരുമ്പോള്‍ അതിന്റെ ഇഫക്ട് ഇരട്ടിയാണ്. അതുകൊണ്ട് തന്നെ ആ വാദം എനിക്ക് പ്രതികരിക്കേണ്ട ഒന്നാണെന്ന് പോലും തോന്നിയില്ലെ'ന്നും ജേക്‌സ് കൂട്ടിച്ചേര്‍ത്തു.

'ഒരു ഭൂപ്രദേശം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യുമ്പോള്‍, ആ പ്രദേശത്തിന്റെ സംഗീതം ക്യാപച്വര്‍ ചെയ്യുന്നത് നല്ലതാണ് എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. അയ്യപ്പനും കോശിയും അതിന്റെ ഉത്തമ ഉദാഹരണമാണ്. അട്ടപ്പാടി എന്ന പ്രദേശത്തിന് ആ കഥയില്‍ വളരെ പ്രാധാന്യം ഉണ്ടായിരുന്നു. സച്ചിയേട്ടന്‍ അട്ടപ്പാടിയില്‍ സംഗീതം ചെയ്യുന്ന കുറച്ച് ട്രൂപ്പുകള്‍ ഉണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. എനിക്ക് അവര്‍ പാടുന്നത് റെക്കോര്‍ഡ് ചെയ്യണം എന്നത് നിര്‍ബന്ധമായിരുന്നു. അങ്ങനെയൊരു ട്രൂപ്പ് റെക്കോര്‍ഡിംഗിനായി വരുകയായിരുന്നു. അവര്‍ ആരാണ്, എന്താണ് എന്നൊന്നും എനിക്ക് ഒരു ധാരണയും ഇല്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ അവിടെ റെക്കോര്‍ഡിംഗ് തുടങ്ങിയപ്പോഴാണ് നഞ്ചിയമ്മയാണ് അവരുടെ ലീഡ് സിംഗര്‍ എന്ന് മനസിലായത്. സാധാരണ ഒരു സ്ത്രീ. എന്ത് പറഞ്ഞാലും പേടിയോട് കൂടി, 'ഇത് പാടട്ടുമാ' എന്ന് നമ്മളോട് ചോദിക്കും. അങ്ങനെ ഞാന്‍ എല്ലാം പാടിപ്പിച്ച് കാപ്ച്വര്‍ ചെയ്യുകയും ചെയ്തു', ജേക്‌സ് പറയുന്നു.

'അതില്‍ ദൈവ മകളെ എന്ന പാട്ടായിരുന്നു ഞങ്ങളുടെ ഹൈലൈറ്റ്. അത് പാടിക്കഴിഞ്ഞപ്പോള്‍ ശരിക്കും എല്ലാവരും ആ പാട്ടിന്റെ വൈബ്രേഷനില്‍ ഇമോഷണലാവുകയായിരുന്നു. അങ്ങനെ കണ്ണമ്മയെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന സീനില്‍ ഞാന്‍ ആ പാട്ട് ഉപയോഗിക്കുകയായിരുന്നു. ആ സീനില്‍ കാണിക്കുന്നത് ഒരു നാടിന്റെ വേദനയാണ്. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ മുദ്ര കുത്തപ്പെടുന്ന എത്രയോ ആള്‍ക്കാരുടെ കണ്ണീരാണ് അത് ശരിക്കും. സച്ചിയേട്ടനും ആ പാട്ട് അവിടെ വേണമെന്ന് നിര്‍ബന്ധമായിരുന്നു. ദൈവമകളെ കേട്ടപ്പോള്‍ സച്ചിയേട്ടന്‍ കരയാന്‍ തുടങ്ങി. എന്നിട്ട് എന്റെ കണ്ണമ്മയുടെ ശബ്ദമാണ് അത് എന്ന് പറയുകയായിരുന്നു' എന്നാണ് ജേക്‌സ് പറഞ്ഞത്.

'പിന്നെ കലക്കാത്തെ എന്ന പാട്ട് റെക്കോര്‍ഡ് ചെയ്ത് വെച്ച് ഒരുപാട് പാട്ടുകളില്‍ ഒന്നാണ്. ടീസര്‍ ചെയ്യാന്‍ വേണ്ടി തന്ന സമയത്ത് ഞാന്‍ ഏതോ ഒരു മ്യൂസിക് വെച്ച് ടീസര്‍ ചെയ്തു. അത് സച്ചിയേട്ടന്‍ ഓക്കെ പറഞ്ഞു. പക്ഷെ എന്തോ മിസ് ആയ പോലെ എനിക്ക് തോന്നി. അങ്ങനെയാണ് കലക്കാത്ത ടീസറില്‍ വെക്കുന്നത്. അപ്പോഴാണ് ആ ടീസറിന് ഒരു ലൈഫ് വന്നത്. അങ്ങനെയാണ് സിനിമയിലും ആ പാട്ട് ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നത്. അയ്യപ്പനും കോശിയും എന്ന സിനിമ നഞ്ചിയമ്മയുടെ പാട്ടില്ലാതെ ചിന്തിക്കാന്‍ പോലും പറ്റില്ല. പാട്ടും സിനിമയിലെ വിഷ്വല്‍സും അത്രയും ഒത്തു ചേര്‍ന്നാണ് പോകുന്നത്. അതിന്റെ അംഗീകാരമാണ് അവര്‍ക്ക് കൊടുത്തിരിക്കുന്നതെ'ന്നും ജേക്‌സ് വ്യക്തമാക്കി.

Related Stories

No stories found.
The Cue
www.thecue.in