'ആവാസ വ്യൂഹം ആര്‍ട്ട് ഹൗസ് സ്വഭാവമുള്ള സിനിമയല്ല എന്റര്‍ട്ടെയിനര്‍ ആണ്': കൃഷ്ന്ത് ആര്‍ കെ അഭിമുഖം

'ആവാസ വ്യൂഹം ആര്‍ട്ട് ഹൗസ് സ്വഭാവമുള്ള സിനിമയല്ല എന്റര്‍ട്ടെയിനര്‍ ആണ്': കൃഷ്ന്ത് ആര്‍ കെ അഭിമുഖം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 26ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത സിനിമയാണ് ആവാസ വ്യൂഹം. കൃഷ്ന്ത് ആര്‍ കെ സംവിധാനം ചെയ്ത ചിത്രം പ്രകൃതിയും മനുഷ്യനും മതവും ശാസ്ത്രവും എല്ലാം ഉള്‍പ്പെടുന്ന ഒരു ആവാസ വ്യസ്ഥയുടെ കഥയാണ് പറയുന്നത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു എന്റര്‍ട്ടെയിനറാണ് ആവാസ വ്യൂഹമെന്ന് സംവിധായകന്‍ കൃഷ്ന്ത് ദ ക്യുവിനോട് പറഞ്ഞു.

രാഹുല്‍ രാജഗോപാലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോയ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഷിന്‍സ് ഷാന്‍, ഗീതി സംഗീത, നിലീന്‍ സാന്ദ്ര, നിഖില്‍ പി എസ്, ശ്രീനാഥ് ബാബു, ശ്രീജിത്ത്, അജയ്‌ഘോഷ് എന്നിവരുള്‍പ്പടെ 42 താരങ്ങളാണ് ചിത്രത്തിലുള്ളത്. വിഷ്ണു പ്രഭാകറാണ് ആവാസ വ്യൂഹത്തിന്റെ ഛായാഗ്രാഹകന്‍.

സിനിമയില്‍ എക്കോളജിക്കല്‍ എലമെന്റുള്ളതുകൊണ്ടാണ് ആവാസ വ്യൂഹമെന്ന് പേരിട്ടത്

'ഒരു എന്റര്‍ട്ടെയിനറായി ഡിസൈന്‍ ചെയ്തിട്ടുണ്ടെങ്കിലും സിനിമ കുറച്ച് എക്കോളജിക്കല്‍ എലമെന്റുകള്‍ ഉണ്ട്. നമ്മുടെ പ്രകൃതിയില്‍ കാണുന്ന ചില കാര്യങ്ങളുടെ ഒരു നിരീക്ഷണം കൂടിയാണ് ആവാസ വ്യൂഹം. അതുപോലെ ഇന്ന് മാധ്യമങ്ങളും, മതവും, രാഷ്ട്രീയവും, ശാസ്ത്രവും മനുഷ്യനും എല്ലാം ചേര്‍ന്നൊരു ആവാസ വ്യൂഹമുണ്ടല്ലോ. അത്തരത്തില്‍ ഒരു ഫുഡ്‌ചെയിന്‍ പോലൊരു സംഭവത്തെ കുറിച്ചും സിനിമയില്‍ പറയുന്നുണ്ട്. ഇതെല്ലാം ചേര്‍ത്ത് ഒരു എന്റര്‍ട്ടെയിനര്‍ രീതിയില്‍ ഹൃമറും കൂടി ഉള്‍പ്പെടുത്തിയാണ് സിനിമ ചെയ്തിരിക്കുന്നത്. ആവാസ വ്യവസ്ഥ എന്നും സിനിമയ്ക്ക് പേരിടാന്‍ ഉദ്ദേശിച്ചിരുന്നു. പക്ഷെ ആവാസ വ്യൂഹത്തിലൂടെ ഒരു ട്രാപ്പ് പോലൊരു അവസ്ഥയെ കൂടിയാണ് പറഞ്ഞുവെക്കുന്നത്. ജൈവവൈവിധ്യ ആവാസവ്യൂഹം എന്നായിരുന്നു ആദ്യത്തെ പേര്. ഇംഗ്ലീഷില്‍ 'The Arbit Documentation of an Amphibian Hunt' എന്നാണ്. ഡോക്യുമെന്ററി പോലൊരു സ്വഭാവവും സിനിമയ്ക്കുണ്ട്. പ്രകൃതിയെ കുറിച്ചൊക്കെ പറയുന്ന ഒരു സിനിമയായത് കൊണ്ടാണ് ആവാസ വ്യൂഹം എന്ന് പേരിട്ടത്. സിനിമയില്‍ ഡെവലെപ്പ്‌മെന്റല്‍ ടെററിസത്തെ കുറിച്ചെല്ലാം പറഞ്ഞ് പോകുന്നുണ്ട്. എന്നാല്‍ അതുമാത്രമല്ല സിനിമ.

എല്ലാ പ്രേക്ഷകര്‍ക്കും ആസ്വദക്കാവുന്ന എന്റര്‍ട്ടെയിനര്‍

ആവാസ വ്യൂഹം കുറച്ച് കൂടി ഫണ്‍ ആന്റ് എന്റര്‍ട്ടെയിനിങ്ങ് ആയ സിനിമയാണ്. കാരണം എന്റെ ആദ്യത്തെ സിനിമ 'വൃത്താകൃതിയിലുള്ള ചതുരം' കൂടുതലും ആസ്വദിക്കാന്‍ സാധിച്ചത് സിനിമയുടെ വിഷ്വല്‍ ഭാഷയില്‍ അറിവുള്ള പ്രേക്ഷകരായിരുന്നു. സിനിമ അവര്‍ക്ക് മാത്രം ആസ്വദിച്ചാല്‍ പോരല്ലോ, സാധാരണ പ്രേക്ഷകര്‍ക്കും ആസ്വദിക്കണമല്ലോ. അതുകൊണ്ടാണ് ആവാസ വ്യൂഹത്തെ ഒരു എന്റര്‍ട്ടെയിനറായി ചെയ്തത്. സിനിമ സമൂഹത്തിലെ ചില പ്രധാന പ്രശ്‌നങ്ങളെ കുറിച്ചെല്ലാം പറഞ്ഞുപോകുന്നുണ്ട്. രാഷ്ട്രീയമുള്ള സിനിമ തന്നെയാണ് ആവാസ വ്യൂഹം. എന്നാല്‍ ചിത്രീകരിച്ചിരിക്കുന്നത് ഒരു എന്റര്‍ട്ടെയിനറായാണ്. അതുകൊണ്ട് തന്നെ എല്ലാ തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന സിനിമയാണിത്. ആവാസ വ്യൂഹം ആര്‍ട്ട് ഹൗസ് സ്വഭാവമുള്ള സിനിമയല്ല.

നാല് വര്‍ഷം കൊണ്ട് ചിത്രീകരിച്ച സിനിമ

2012ല്‍ ഞാന്‍ എഴുതിയ ഒരു ചെറുകഥയില്‍ നിന്നാണ് ആവാസ വ്യൂഹം എന്ന സിനിമയുണ്ടാവുന്നത്. ഏകദേശം നാല് വര്‍ഷമെടുത്ത് ചിത്രീകരിച്ച സിനിമയാണ്. പിന്നെ കൊവിഡ് വന്നത് കൊണ്ട് റിലീസ് ചെയ്യാന്‍ ഏഴ് മാസം കാത്തിരിക്കേണ്ടി വന്നു. അല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന സിനിമയായിരുന്നു.

ആവാസ വ്യൂഹത്തിന് ഡോക്യുമെന്ററി സ്വഭാവമുള്ളതിനാല്‍ മുന്‍നിര താരങ്ങളില്ല

ആദ്യത്തെ സിനിമയായ വൃത്താകൃതിയിലുള്ള ചതുരത്തില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ ഒക്കെ മെയിന്‍സ്ട്രീം താരമായിരുന്നു. പിന്നെ ജീവന്‍ മാമന്‍ കരിക്കിലൂടെ ശ്രദ്ധേയനായ താരമാണ്. പക്ഷെ ആവാസ വ്യൂഹത്തിന് ഒരു ഡോക്യുമെന്ററി സ്വഭാവമുള്ളത് കൊണ്ടാണ് മെയിന്‍സ്ട്രീം താരങ്ങളെ ഉള്‍പ്പെടുത്താതിരുന്നത്. ആവാസ വ്യൂഹത്തില്‍ ഉള്ളവരില്‍ മിക്കവരും യൂട്യൂബ് കണ്ടന്റുകളിലൂടെ ശ്രദ്ധേയരായവരാണ്.

ഒടിടി റിലീസ് ചര്‍ച്ചകള്‍ നടക്കുന്നു

വൃത്താകൃതിയിലുള്ള ചതുരം എംഎക്‌സ് പ്ലെയര്‍ എന്ന ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം തുടക്കത്തിലായിരുന്നു റിലീസ്. ആവാസ വ്യൂഹം ഒടിടി റിലീസിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഐഎഫ്എഫ്‌കെയില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോഴും ഒടിടി റിലീസിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നായിരിക്കും റിലീസ് എന്ന് അറിയില്ല.

പണത്തിന് അപ്പുറത്ത് ഒരുപാട് സാധ്യതകള്‍ സിനിമയ്ക്ക് നല്‍കാനാവും

അറിയപ്പെടുന്ന താരങ്ങള്‍ സിനിമയില്‍ ഇല്ലാത്തതു കൊണ്ട് മുന്‍നിര ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമ സ്വീകരിക്കാത്തത് പ്രശ്‌നം തന്നെയാണ്. എന്റെ ആദ്യ സിനിമയായ വൃത്താകൃതിയിലുള്ള ചതുരം ഐഎഫ്എഫ്‌കെയില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ആരും ആ സിനിമയെ കുറിച്ച് അറിയില്ലായിരുന്നു. അങ്ങനെ ഒരുപാട് സിനിമകള്‍ ആളുകള്‍ കേള്‍ക്കാതെ പോകുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് നമ്മള്‍ സിനിമ ഫെസ്റ്റിവലുകളില്‍ അയക്കുന്നത്. പിന്നെ മത്സരവിഭാഗത്തില്‍ പോയാല്‍ ഒരുപാട് ആളുകള്‍ സിനിമയെ കുറിച്ച് അറിയും. പിന്നെ കേരളത്തില്‍ നിന്ന് ഒരുപാട് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്. അതെല്ലാം കൂടുതല്‍ പേ പെര്‍ വ്യൂ എന്ന നിലയിലാണ്. അത്് നിര്‍മ്മാതാവിന് പൂര്‍ണ്ണമായി എപ്പോഴും ഗുണം ചെയ്യണമെന്നില്ല. പിന്നെ ഇത്തരം സിനിമകളില്‍ നിന്ന് ലഭിക്കുന്ന ലാഭം പണം മാത്രമല്ല. ഒരു സംവിധായകന്‍ എന്ന നിലയില്‍ ചെയ്ത സിനിമകള്‍ ഫിലിം ഫെസ്റ്റിവലില്‍ തെരഞ്ഞെടുക്കപ്പെടുന്നത് കൊണ്ട് മറ്റ് മെയിന്‍സ്ട്രീം സിനിമകള്‍ നമ്മളെ തേടി വരും. പൈസ എന്നതിനപ്പുറത്ത് ഒരുപാട് സാധ്യതകള്‍ ഇത്തരം സിനിമകള്‍ക്കുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in