എന്തുകൊണ്ട് ചെരിപ്പിട്ട പൊലീസുകാര്‍, യൂണിഫോമിന് ബട്ടന്‍സില്ല; ഓഗസ്റ്റ് ഒന്നിലെ പിഴവിനെക്കുറിച്ച് സിബി മലയില്‍ പറഞ്ഞത്

എന്തുകൊണ്ട് ചെരിപ്പിട്ട പൊലീസുകാര്‍, യൂണിഫോമിന് ബട്ടന്‍സില്ല; ഓഗസ്റ്റ് ഒന്നിലെ പിഴവിനെക്കുറിച്ച് സിബി മലയില്‍ പറഞ്ഞത്

പഴയതോ പുതിയതോ ആകട്ടെ സിനിമയെ സൂക്ഷ്മമായി വിലയിരുത്തുന്ന സിനിമ പ്രേമികളുടെ ഇടപെടലുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും മെഗാഹിറ്റ് ചിത്രങ്ങളായ ആഗസ്റ്റ് 1, ഇരുപതാം നൂറ്റാണ്ട് എന്നീ സിനിമകളിലെ ക്ളൈമാക്സ് രംഗങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി നിൽക്കുന്ന പൊലീസുകാരന്റെ വേഷമാണ് ഇപ്പോൾ ഇവരുടെ കണ്ണിൽപ്പെട്ടിരിക്കുന്നത്.

എയർപോർട്ടിലേക്ക് ജനാർദ്ദനൻ കടന്നുവരുമ്പോൾ ഇരുവശവും നിൽക്കുന്ന പൊലീസുകാരിൽ ഒരാൾ സ്ലിപ്പർ ചെരുപ്പാണ് ഇട്ടത്. ഇത് ഫ്രെയിമിൽ കാണുകയും ചെയ്യാം. ആഗസ്റ്റ് 1 ന്റെ ക്ളൈമാക്സിൽ മമ്മൂട്ടി ബുള്ളറ്റിൽ വന്നിറങ്ങുമ്പോൾ കാക്കി ഷർട്ടിന്റെ മുകളിലെ ബട്ടൻസ് തുറന്നിട്ട് അലക്ഷ്യമായി നിൽക്കുന്ന പൊലീസുകാരനെയും ചിലർ കണ്ടെത്തി. ഫ്രയിമിൽ വരുന്ന ജൂനിയർ ആർട്ടിസ്റ്റുകളുടെ വേഷത്തിൽ പ്രത്യേകിച്ചും പൊലീസ് വേഷത്തിൽ സംവിധായകൻ ശ്രദ്ധിക്കാതെ പോയ പിഴവുകളാണ് പതിറ്റാണ്ടുകൾക്കിപ്പുറം ആരാധകർ കണ്ടെത്തുന്നത്. എന്നാൽ എന്തുക്കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് സിനിമയുടെ സംവിധായകൻ സിബിമലയിൽ ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു സിനിമ ചെയ്യുവാൻ ആവശ്യമായ മിനിമം സാങ്കേതിക പിന്തുണ പോലും നിർമ്മാതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വില കുറഞ്ഞ ക്യാമറയായിരുന്നു ഉപയോഗിച്ചത്. മറ്റ് സാങ്കേതിക സംവിധാനങ്ങൾ, ആർട്ട് ഡയറക്ഷൻ തുടങ്ങിയവയിൽ ഒന്നും നിർമ്മാതാവിന്റെ സഹകരണമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സിബിമലയിൽ അഭിമുഖത്തിൽ പറഞ്ഞത്

ഒരു സിബിഐ ഡയറിക്കുറുപ്പിന്റെ പരിസരത്ത് നിന്നുകൊണ്ടാണ് എസ് എൻ സ്വാമി ഓഗസ്റ്റ് ഒന്നിന്റെ തിരക്കഥ എഴുതുന്നതും. ഈ സിനിമ എനിക്ക് ചെയ്യാൻ പറ്റുമോയെന്ന കാര്യത്തിൽ ആർക്കും വലിയ ഉറപ്പില്ലായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ഈ സിനിമ എന്റെയരികിൽ വന്നത്. ഈ വിധത്തിലുള്ള സിനിമകൾ ഞാൻ മുൻപ് എടുത്തിരുന്നില്ല. എന്നാൽ മമ്മൂട്ടി കാരണമാണ് ഞാൻ ഈ സിനിമയിൽ എത്തിച്ചേർന്നത്. ഈ ഡേറ്റ് ഞാൻ സിബി മലയിലിന് കൊടുത്തതാണെന്നു അദ്ദേഹം നിർമ്മാതാവിനോട് പറഞ്ഞപ്പോൾ എസ് എൻ സ്വാമിയും നിർമ്മാതാവുമായി ചർച്ച നടത്തുകയും തുടർന്ന് ഞാൻ തന്നെ സംവിധാനം ചെയ്യാൻ തീരുമാനമെടുക്കുകയുമായിരുന്നു. അതുകൊണ്ടു ഞാൻ ഒരിക്കലും ഈ സിനിമയെത്തേടി അങ്ങോട്ട് പോയിട്ടില്ല. ഈ സിനിമ എന്റെ അരികിലേക്കാണ് എത്തിയത്. അതിന്റെ കഥന രീതിയിലെ വ്യത്യസ്തത കൊണ്ട് സിനിമ ചെയ്യുവാനും എനിക്ക് രസം തോന്നിയിരുന്നു. എന്നാൽ ഒരു പ്രൊഡ്യൂസറുടെ ഭാഗത്തു നിന്നും കിട്ടേണ്ട ടെക്‌നിക്കൽ സപ്പോർട്ട് ലഭിച്ചിരുന്നില്ല. ഒരു സിനിമയ്ക്ക് ആവശ്യമായ മിനിമം കാര്യങ്ങളിൽ പോലും, അതായത് ക്യാമറ, ആർട് ഡയറക്ഷൻ ഇതൊന്നും നിർമാതാവിന്റെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. ആ സിനിമയുടെ ക്ളൈമാക്സ് ഒരു ദിവസം കൊണ്ട് മൂന്നു ക്യാമറയിലാണ് ഷൂട്ട് ചെയ്തത്. യാതൊരു അനുഭവസമ്പത്തുമില്ലാത്ത ക്യാമറ അസ്സിസ്റ്റന്റുമാരായിരുന്നു ക്യാമറ ചെയ്തത്. പിന്നെ ഏറ്റവും വില കുറഞ്ഞ ക്യാമറയായിരുന്നു ഉപയോഗിച്ചത്. ഫിലിം തീർന്നുപോയ ഘട്ടത്തിൽ നിർമ്മാതാവിനോട് പറഞ്ഞപ്പോൾ 250 അടി ഷൂട്ട് ചെയ്യാൻ പറ്റുന്ന ഫിലിം തന്നു. അത് ഓവർ എക്സ്പോസ്ഡ് ആയ ഫിലിം ആയിരുന്നു. അതും തീർന്നപ്പോൾ അദ്ദേഹത്തിന്റെ അലമാരയിൽ നിന്നും ഈസ്റ്റ്മാന്റെ ഫിലിം കൊണ്ട് ഷൂട്ട് ചെയ്തു. ഇങ്ങനെ പല രീതിയിലുള്ള പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഈ സിനിമ ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in