വേടന്റെ ക്ഷമാപണ പോസ്റ്റിലെ ലൈക്ക്: ഖേദപ്രകടനവുമായി പാര്‍വതി തിരുവോത്ത്, എന്നും സര്‍വൈവറിനൊപ്പമായിരിക്കും

വേടന്റെ ക്ഷമാപണ പോസ്റ്റിലെ ലൈക്ക്: ഖേദപ്രകടനവുമായി പാര്‍വതി തിരുവോത്ത്, എന്നും സര്‍വൈവറിനൊപ്പമായിരിക്കും

മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ ആരോപണ വിധേയനായ റാപ്പര്‍ വേടന്‍ നടത്തിയ ക്ഷമാപണ പോസ്റ്റിന് ലൈക്കടിച്ചതില്‍ ഖേദപ്രകടനവുമായി നടി പാര്‍വതി തിരുവോത്ത്. ലൈംഗികാക്രമണം നേരിട്ട അതിജീവിതയോട് മാപ്പ് ചോദിക്കുന്നതായും പാര്‍വതി തിരുവോത്ത്. ഫെമിനിസ്റ്റ് നിലപാടുള്ള പാര്‍വതി തിരുവോത്ത് മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ വേടന്‍ (ഹിരണ്‍ദാസ് മുരളി) നടത്തിയ ക്ഷമാപണ പോസ്റ്റിന് ലൈക്കടിച്ചത് ഇരട്ടത്താപ്പാണെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വേടന്‍ നടത്തിയ ക്ഷമാപണം ആഘോഷിക്കേണ്ട ഒന്നല്ലെന്ന് വ്യക്തമായി അറിയാമെന്നും കേസുമായി മുന്നോട്ട് പോകുന്ന അതിജീവിതയെ ബഹുമാനിക്കുന്നതായും പാര്‍വതി തിരുവോത്ത്.

പാര്‍വതി തിരുവോത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

അതിജീവിച്ചവരോട് (survivors) ക്ഷമാപണം

ആരോപണവിധേയനായ ഗായകന്‍ വേടനെതിരെ ധീരമായ തുറന്നുപറച്ചില്‍ നടത്തിയ അതിജീവിതരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പൊതുവേ പല പുരുഷന്മാരും സ്വന്തം തെറ്റുകള്‍ സമ്മതിക്കാന്‍ തയ്യാറാകില്ല. ആ ബോധ്യത്തിലാണ് വേടന്റെ ക്ഷമാപണ പോസ്റ്റ് ഞാന്‍ ലൈക് ചെയ്തത്. ഇതൊന്നും ആഘോഷിക്കേണ്ട കാര്യങ്ങളല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. നിയമപരമായി നീങ്ങാനുള്ള സര്‍വൈവറുടെ നിലപാടാണ് ആദരിക്കപ്പെടേണ്ടത്. വേടന്റെ ക്ഷമാപണം ആത്മാര്‍ത്ഥമല്ലെന്ന് സര്‍വൈവേഴ്‌സില്‍ കുറച്ചുപേര്‍ പറഞ്ഞതായി അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ എന്റെ 'ലൈക്ക്' പിന്‍വലിച്ചിരുന്നു. ഞാന്‍ തിരുത്തുന്നു. മാപ്പ് നല്‍കണോ എന്നത് അതിജീവിച്ചവരുടെ അവകാശമാണ്. അതിജീവിക്കേണ്ടതും അവരാണ്. ഞാന്‍ എല്ലായ്‌പ്പോഴും അവര്‍ക്കൊപ്പമായിരിക്കും. എന്റെ പ്രവര്‍ത്തി മൂലം വിഷമം നേരിട്ടെങ്കില്‍ നിങ്ങളോടും മാപ്പപേക്ഷിക്കുന്നു.



വേടനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തില്‍ ദി റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ മുഹ്സിന്‍ പാരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' നിര്‍ത്തിവെച്ചിരുന്നു. പ്രശ്നത്തിന് ബന്ധപ്പെട്ടവര്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട എല്ലാ വര്‍ക്കുകളും നിര്‍ത്തിവെക്കുകയാണെന്ന് ദ റൈറ്റിംഗ് കമ്പനി അറിയിച്ചു.ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്നും അടിയന്തിര ഇടപെടലും പരിഹാരവും ആവശ്യപ്പെടുന്നതാണെന്നും ദ റൈറ്റിംഗ് കമ്പനി വ്യക്തമാക്കി. സംവിധായകനും എഴുത്തുകാരനുമായ മുഹ്സിന്‍ പാരാരിയുടെ നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ സീരീസിലെ മൂന്നാമത്തെ മ്യൂസിക് വീഡിയോ ആയിരുന്നു ഫ്രം എ നേറ്റീവ് ഡോട്ടര്‍. ചിന്‍മയി ശ്രീപദ, അറിവ്, ഹാരിസ് സലിം, വേടന്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചായിരുന്നു മ്യൂസിക് വീഡിയോ.

Related Stories

No stories found.
logo
The Cue
www.thecue.in