രമ്യയും ബല്‍റാമും കാണിച്ചത് തെമ്മാടിത്തം,എതിര്‍ക്കുന്ന ഈ ബോര്‍ഡുകള്‍ ദളിത് വിരുദ്ധത: ഹരീഷ് പേരടി

രമ്യയും ബല്‍റാമും കാണിച്ചത് തെമ്മാടിത്തം,എതിര്‍ക്കുന്ന ഈ ബോര്‍ഡുകള്‍ ദളിത് വിരുദ്ധത: ഹരീഷ് പേരടി

ലോക്ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസ് എം.പിയും മുന്‍ എംഎല്‍എ വി.ടി ബല്‍റാമും ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ‘ഹോട്ടൽ ഗോകുൽ, പാർസൽ മാത്രം.. രമ്യയടി അനുവദിക്കില്ല, പ്രോട്ടോക്കോൾ പാലിക്കുക’ എന്ന കുറിപ്പോടെയുള്ള ബോർഡ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പക്ക സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ് ഇത്തരം പ്രവർത്തിയെന്നും .ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് പ്രചരിക്കുന്നതാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നതെന്നും ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകൾ:

രമ്യയും, ബല്‍റാമും കൂട്ടുകാരും കാണിച്ചത് തെമ്മാടിത്തരമാണ്…അതിനെ എതിർക്കാൻ ഇത്തരം വാക്കുകൾ നിറഞ്ഞ ബോർഡുകൾ പ്രചരിപ്പിക്കുന്നത് അതിനേക്കാൾ വലിയ തെമ്മാടിത്തരമാണ്…പക്ക സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ്…ജയിക്കാൻ വേണ്ടി എന്തും പറയാൻ തയ്യാറാവുന്നത് ഇടതുപക്ഷ വിരുദ്ധതയുമാണ്…ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് പ്രചരിക്കുന്നതാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നത്.

അതെ സമയം രമ്യ ഹരിദാസ് എം.പി, വിടി ബല്‍റാം തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്ന ആരോപണത്തില്‍ വിടി ബല്‍റാം, പാളയം പ്രദീപ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചു എന്നതിലാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിട്ടുണ്ട്. കയ്യേറ്റം, ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആലത്തൂര്‍ എംപി രമ്യഹരിദാസ്, തൃത്താല മുന്‍ എം.എല്‍.എ വിടി ബല്‍റാം, കോണ്‍ഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പാളയം പ്രദീപ് തുടങ്ങിയവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഇരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in