ഗൗതം മേനോനും സൂര്യയും ലെജന്‍ഡ്‌സ്, പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് ലഭിച്ചു: നവരസയെക്കുറിച്ച് പ്രയാഗ മാര്‍ട്ടിന്‍

ഗൗതം മേനോനും സൂര്യയും ലെജന്‍ഡ്‌സ്, പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് ലഭിച്ചു: നവരസയെക്കുറിച്ച് പ്രയാഗ മാര്‍ട്ടിന്‍

നെറ്റ്ഫ്ളിക്സ് ആന്തോളജി 'നവരസ'യിലെ ആകര്‍ഷണങ്ങളിലൊന്നാണ് ഗൗതം മേനോന്‍ സൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'ഗിറ്റാര്‍ കമ്പി മേലേ'. പിസാസ് എന്ന മിഷ്‌കിന്‍ ചിത്രത്തിലൂടെ തമിഴകത്ത് മികച്ച ഓപ്പണിംഗ് ലഭിച്ച പ്രയാഗാ മാര്‍ട്ടിന്‍ ആണ് സൂര്യയുടെ നായിക. പി.സി ശ്രീറാം ആണ് ക്യാമറ. ഒരു സംഗീതജ്ഞന്റെ റോളാണ് സൂര്യ അവതരിപ്പിക്കുന്നത്.

ഗൗതം മേനോനും സൂര്യയും പി സി ശ്രീറാമും ഇതിഹാസങ്ങളാണെന്നും പ്രകടനത്തിന് ഗുണം ചെയ്യുന്ന രീതിയില്‍ കംഫര്‍ട്ട് സോണ്‍ ഒരുക്കുമെന്നും പ്രയാഗ മാര്‍ട്ടിന്‍. പുതിയ ആളായത് കൊണ്ട് നമ്മളെ മാറ്റിനിര്‍ത്തുകയില്ല. നമ്മുടെ സംശയങ്ങള്‍ ചോദിക്കുവാനുള്ള എല്ലാ സ്വാതന്ത്ര്യം അവര്‍ നല്‍കുമെന്നും ഒടിടിപ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രയാഗ പറഞ്ഞു. മണിരത്നമാണ് 9 ഷോര്‍ട്ട് ഫിലിംസ് ഉള്‍ക്കൊള്ളിച്ചുള്ള നവരസയുടെ ക്രിയേറ്ററും മേല്‍നോട്ടവും. ജയേന്ദ്ര പച്ചപകേസനും മണിരത്നവുമാണ് നിര്‍മ്മാണം. ആഗസ്റ്റ് ആറിന് നവരസ പ്രേക്ഷകരിലെത്തും.

പ്രയാഗ മാര്‍ട്ടിന്‍ അഭിമുഖത്തില്‍ പറഞ്ഞത്

ഗൗതം സാറും സൂര്യ സാറും ശ്രീറാം സാറും അവരവരുടെ മേഖലകളില്‍ ലെജന്‍ഡുകളാണ്. എന്നാല്‍ നമ്മളില്‍ യാതൊരു തരത്തിലും അവര്‍ അങ്ങനെയൊരു പേടിയുണ്ടാക്കുന്നില്ല. നമ്മള്‍ പുതിയ ആളായത് കൊണ്ട് അകറ്റി നിര്‍ത്തുകയുമില്ല. നമ്മള്‍ അര്‍ഹിക്കുന്ന സ്ഥാനം അവര്‍ നല്‍കും. പരസ്പരം മനസ്സിലാക്കിയായിരുന്നു മുന്നോട്ടു പോയിരുന്നത്. സംശയങ്ങള്‍ ചോദിക്കുവാനുള്ള സ്‌പേസ് അവര്‍ നല്‍കിയിരുന്നു. നമ്മള്‍ എത്രത്തോളം റിലാക്‌സ് ആയിരിക്കുന്നു എന്നതാണ് കൂട്ടായ്മയില്‍ വര്‍ക്ക് ചെയ്യുന്നതിന് പിന്നിലെ തന്ത്രം. എനിക്ക് പെര്‍ഫോം ചെയ്യുവാന്‍ ആവശ്യമായ കംഫര്‍ട്ട് സോണ്‍ ആ സെറ്റില്‍ അനുഭവപ്പെട്ടിരുന്നു.

നേത്ര എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഏല്ലാവര്‍ക്കും റിലേറ്റ് ചെയ്യുവാന്‍ സാധിക്കുന്ന കഥാപാത്രമാണ് നേത്ര. എന്നാല്‍ അവള്‍ പല കാര്യങ്ങളിലും മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തയുമാണ്. ഈ അവസരത്തില്‍ അവളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. സാധാരണക്കാരിയായ 22 വയസ്സുള്ള പെണ്‍കുട്ടിയാണെന്ന് തോന്നിയേക്കാം. പക്ഷേ അവളില്‍ ചില പ്രത്യേകതയുണ്ട്.

Related Stories

No stories found.
The Cue
www.thecue.in