ഒപ്പമുണ്ടെന്ന് മഞ്ജുവാര്യര്‍, ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ

ഒപ്പമുണ്ടെന്ന് മഞ്ജുവാര്യര്‍, ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ

അഞ്ച് വര്‍ഷമായി പേരും വ്യക്തിത്വവും തനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടെന്ന ആക്രമിക്കപ്പെട്ട നടിയുടെ പ്രതികരണത്തില്‍ ഐക്യദാര്‍ഡ്യവുമായി സുഹൃത്തും നടിയുമായ മഞ്ജു വാര്യര്‍.

നടിയുടെ വാക്കുകള്‍

കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്നഹത്തിന് നന്ദി.

മുന്‍നിര താരങ്ങളില്‍ പലരും നിശബ്ദത പാലിച്ചെങ്കിലും ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, ഡബ്ല്യുസിസി അംഗങ്ങളായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, സയനോര തുടങ്ങി നിരവധി പേരാണ് നടിയുടെ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ആഷിഖ് അബു, അന്ന ബെന്‍, ആര്യ, ജിയോ ബേബി, സ്മൃതി കിരണ്‍, സുപ്രിയ മേനോന്‍ പൃഥ്വിരാജ്, ഫെമിന ജോര്‍ജ്ജ്, മൃദുല മുരളി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരും ഐക്യദാര്‍ഡ്യമറിയിച്ച് രംഗത്ത് വന്നിരുന്നു.

എന്നും നിന്റെ കൂടെ എന്ന തലക്കെട്ടോടെയാണ് ഗായിക സയനോര കുറിപ്പ് പങ്കുവെച്ചത്. 'ബഹുമാനം' എന്നെഴുതിയാണ് സംവിധായക ഗീതു മോഹന്‍ദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ആക്രമിക്കപ്പെട്ട നടി നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. അതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പുമായി നടി രംഗത്തെത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in