വിട്ടുവീഴ്ചകളില്ലാതെ രാഷ്ട്രീയം പറയുന്ന പട

വിട്ടുവീഴ്ചകളില്ലാതെ രാഷ്ട്രീയം പറയുന്ന പട

വിട്ടുവീഴ്ചകളില്ലാതെ രാഷ്ട്രീയം പറയുന്ന സിനിമ, അതും പറയുന്ന രാഷ്ട്രീയം, കേരളം മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുവലതു സര്‍ക്കാരുകളുടെ, ഭരണകൂടത്തിന്റെ മുഖത്ത് നോക്കി വിറയോ ഇടര്‍ച്ചയോ ഇല്ലാതെ പറയുന്ന സിനിമ- ഇതായിരിക്കും കമല്‍ കെ.എം സംവിധാനം ചെയ്ത പടയ്ക്ക് ചേരുന്ന വിശേഷണം. അതുകൊണ്ട് തന്നെ പട മറ്റൊരു സമരം തന്നെയാവുകയും ചെയ്യുന്നു.

1996 ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പാസാക്കിയ, നിയമസഭയിലെ കെആര്‍ ഗൗരിയമ്മ മാത്രം എതിര്‍ത്ത് ചോദ്യം ചെയ്ത ആദിവാസി ഭൂനിയമ ഭേദഗതി റദ്ദാക്കണമെന്ന ആവശ്യവുമായി പാലക്കാട് കളക്ടറെ ബന്ദിയാക്കിയ അയ്യങ്കാളിപ്പടയുടെ പ്രവര്‍ത്തകരായ നാല് പേരുടെ കഥയാണ് പട. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ നീതിനിഷേധത്തിന്റെയും അതിനെതിരെ നടന്ന പ്രതിഷേധത്തിന്റെയും ഓര്‍മപ്പെടുത്തലാണ് പട.

അന്ന് ആദിവാസികള്‍ക്ക് വേണ്ടി ആ നാല് പേരുയര്‍ത്തിയ ചോദ്യമാണ് ഈ സിനിമയും മുന്നോട്ട് വെക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ മലയാളത്തില്‍ പുറത്തിറങ്ങിയ മികച്ച രാഷ്ട്രീയ സിനിമകളിലൊന്ന് കൂടിയാണ് പട.

പട നയിക്കാനിറങ്ങിയ കല്ലാര്‍ ബാലു, നാരായണന്‍ കുട്ടി, അരവിന്ദന്‍ മണ്ണൂര്‍, കാഞ്ഞങ്ങാട് രാകേഷ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ തുടങ്ങുന്നത്, പ്രത്യേകിച്ചും വിനായകന്‍ അവതരിപ്പിച്ച ബാലുവിലൂടെ. തോളില്‍ തയ്യല്‍ മെഷീന്‍ കയറ്റിവെച്ച് ഭാര്യക്കും മക്കള്‍ക്കുമൊപ്പം കാട്ടിലൂടെ നടന്ന് പോകുന്ന വിഷ്വലില്‍ തന്നെ ബാലു പരിചിതനാകുന്നുണ്ട്. മകളൂരിക്കൊടുത്ത പ്ലാസ്റ്റിക് കളിവാച്ചുകെട്ടി അയാള്‍ ചിരിക്കുമ്പോള്‍ തന്നെ തിരിച്ചുവരവുണ്ടാവുമോ ഇല്ലയോ എന്നറിയാതെയുള്ള അയാള്‍ക്കും ഭാര്യക്കുമിടയിലുള്ള നിശബ്ദത പ്രേക്ഷകര്‍ അനുഭവിച്ചു തുടങ്ങുന്നുണ്ട്. നാരയണന്‍ കുട്ടിയായെത്തിയ ദിലീഷ് പോത്തനിലും അരവിന്ദനായെത്തിയ ജോജുവിലും നമ്മളിലൊരാളെന്ന് തോന്നുന്ന ഇതേ പരിചിതത്വമുണ്ട്. പകരക്കാരനായി ഞാനുണ്ട് എന്ന് ഒട്ടും താമസിക്കാതെ പറഞ്ഞിറങ്ങുന്ന, തന്നെ നോക്കി നില്‍ക്കുന്ന ഭാര്യക്ക് മുഖം കൊടുക്കാത്ത നാരായണന്‍ കുട്ടിയുടെ കണ്ണിലും, കളക്ടറേറ്റിലേക്ക് നടന്ന് കയറുന്ന അരവിന്ദന്റെ തേഞ്ഞ് തീരാറായ ചെരിപ്പിലും അതേ പരിചിത്വമുണ്ട്. ഇതില്‍ നിന്നെല്ലാം മാറി, വേണ്ടിവന്നാല്‍ തോക്കെടുത്ത് ഒന്ന് പൊട്ടിക്കാം എന്ന ഉറപ്പോടെ അവരുടെ മാന്‍പവറാകുന്ന മലയാളിയുടെ രാഷ്ട്രീയചരിത്രത്തില്‍ ഒരുപാട് കണ്ട്ശീലിച്ചിട്ടുള്ള ക്ഷുഭിതയൗവ്വനമായ രാകേഷായി കുഞ്ചാക്കോ ബോബനുമെത്തുന്നു. എന്താണ് ഇവര്‍ ചെയ്യാന്‍ പോകുന്നതെന്ന് സിനിമയുടെ ആദ്യ ഘട്ടത്തില്‍ ഒരിടത്തും പറയുന്നില്ലെങ്കിലും അവരുടെ തയ്യാറെടുപ്പും മുന്നൊരുക്കവുമെല്ലാം കണ്ട് അവരുടെ പക്ഷത്തേക്ക് പ്രേക്ഷകനെ നിര്‍ത്താന്‍ കാരണം ഈ കഥാപാത്ര സൃഷ്ടികള്‍ തന്നെയാണ്.

പടയൊരുക്കത്തിന് പുറത്ത് നിന്ന് സപ്പോര്‍ട്ട് നല്‍കുന്ന ഉസ്മാന്‍ എന്ന കഥാപാത്രമായി അടാട്ട് ഗോപാലനും ടെലിഫോണ്‍ ബൂത്തിലേക്കുള്ള അയാളുടെ നടത്തവും, കോഡ് ഭാഷയിലുള്ള സംസാരവും മാത്രമല്ല, തലേനാള്‍ പൊതികെട്ടി ഭക്ഷണവുമായി അയാളെത്തുമ്പോള്‍ തന്നെ അതിസാധാരാണക്കാരായ ഒരുകൂട്ടം ആളുകളാണ് രണ്ടും കല്‍പ്പിച്ചിറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് നമുക്കറിയാം. പിന്നീട് കാഴ്ചക്കാരനായി അയാള്‍ മാറുമ്പോള്‍ അയാള്‍ക്കൊപ്പമാണ് പ്രേക്ഷകനും കളക്ടറേറ്റിനകത്തേക്ക് നോക്കി നില്‍ക്കുന്നത്.

കഥയ്ക്ക് ആധാരമായ അയ്യങ്കാളിപ്പട പ്രവർത്തകരായ കല്ലറ ബാബു, അരവിന്ദൻ മണ്ണൂർ, വിളയോടി ശിവൻ കുട്ടി, കാഞ്ഞങ്ങാട് രമേശൻ എന്നിവർ നടൻ വിനായകനൊപ്പം

പടയിലെ കഥാപാത്രങ്ങളെ മൂന്നായി തിരിച്ചാല്‍ ആദ്യത്തേത് പടയ്ക്കിറങ്ങിയവരും ഒപ്പം നിന്നവരും രണ്ടാമത്തേത് എതിര്‍ത്ത ഭരണകൂടവും പൊലീസും മൂന്നാമത്തേത് അത് കണ്ട് നിന്നവരുമാണ്. അതില്‍ തൊണ്ണൂറ്റിയാറിലെ ജനതയും ഇന്നത്തെ പ്രേക്ഷകരുമുണ്ട്. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരമൊരു സമരത്തിന്റെ ആവിഷ്‌കാരമുണ്ടാകുമ്പോള്‍ ആ ഇന്‍സിഡന്റിനൊപ്പം നീതിപുലര്‍ത്തേണ്ടത് അന്നത്തെ ഭരണകൂടത്തിന്റെയും പൊലീസിന്റെയുമെല്ലാം അന്നത്തെ ഇടപെടല്‍ എങ്ങനെയായിരുന്നു എന്നതില്‍ കൂടിയാണ്. കളക്ടറേറ്റ് വളയുന്ന രാഷ്ട്രീയ നേതാക്കളിലും പ്രശ്‌നത്തെ ഒട്ടുമേ ഗൗരവത്തിലെടുക്കാത്ത മുഖ്യമന്ത്രിയും ഈ വാഗ്ദാനങ്ങളെല്ലാം പാലിക്കപ്പെടുമോന്നുള്ള ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ നിക്കുന്ന സന്ധിസംഭാഷണത്തിനെത്തിയ ജഡ്ജിയിലും ഈ നീതി പുലര്‍ത്തിയിട്ടുണ്ട്. ജഡ്ജിയുടെ നിസംഗത നിറഞ്ഞ നോട്ടം സംവിധായകന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കൂടിയാവാം. അതുകൊണ്ട് തന്നെയാണ് പട പറയുന്ന രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചയില്ലാത്തതാകുന്നത്.

കമൽ കെഎം, വിനായകൻ

അയ്യങ്കാളിപ്പടയുടെ സമരത്തിനും സിനിമയ്ക്കും ആധാരമായ ആദിവാസി ഭൂനിയമ ഭേദഗതിയെക്കുറിച്ച്, അത് എങ്ങനെയാണ് വലിയ പ്രശ്‌നമാകുന്നത് എന്നതിനെക്കുറിച്ച് സിനിമ പ്രസംഗങ്ങള്‍ നടത്തുന്നില്ല. സിനിമയുടെ ടൈറ്റില്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ ക്ലൈമാക്‌സിനോട് ചേര്‍ന്ന്, ഫിക്ഷണല്ലാത്ത മുത്തങ്ങ സമരമടക്കമുള്ള റിയല്‍ വിഷ്വലുകള്‍ കാണിച്ചുകൊണ്ടാണ് വിഷയത്തിന്റെ തീവ്രത സിനിമ പ്രേക്ഷകരെ കാണിക്കുന്നത്. എന്നാല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഒരുപാട് കണ്ട സമരങ്ങള്‍ ഉറങ്ങിയെഴുന്നേക്കും മുമ്പേ മറന്നുപോകുന്ന പൊതുസമൂഹത്തിന് ആ വിഷ്വലുകള്‍ മാത്രം ചിലപ്പോള്‍ മതിയായെന്ന് വരില്ല.

രണ്ട് പ്രധാനപ്പെട്ട സ്ത്രീകഥാപാത്രങ്ങളാണ് സിനിമയിലുള്ളത് സമരത്തിനായി പുറപ്പെടുന്നവരെ യാത്രയാക്കുന്ന നാരായണന്‍കുട്ടിയുടെയും ബാലുവിന്റെയും ഭാര്യമാര്‍. ഒരാള്‍ അതില്‍ തൊട്ടടുത്ത് നിന്ന് സമരം നോക്കിക്കാണുമ്പോള്‍ മറ്റെയാള്‍, എന്താണ് സംഭവിച്ചതെന്ന് പോലും അറിയാനാവാതെ ഒരു വാര്‍ത്തയ്ക്ക് വേണ്ടി റേഡിയോയ്ക്ക് മുന്നില്‍ കാത്തിരിക്കുകയാണ്. കനി അവതരിപ്പിച്ച കഥാപാത്രം മകളോട് അച്ഛനെ തിരക്കി ചിലപ്പോള്‍ വീട്ടില്‍ പൊലീസ് വരുമെന്ന് പറയുമ്പോള്‍, ഉണ്ണിമായയുടെ കഥാപാത്രം തിരിച്ചറിയപ്പെടാതാരിക്കാന്‍ അവിടെ നിന്ന് പുറത്ത് പോവുമ്പോള്‍, രണ്ടിടത്തും അവരും സമരത്തിന്റെ പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ തന്നെയാണ്. മുന്നിട്ടിറങ്ങിയ സമരത്തോട് അതുയര്‍ത്തിപ്പിടിക്കുന്ന വിഷയത്തോട് എത്രത്തോളം അവരും ചേര്‍ന്നു നിക്കുന്നുണ്ടെന്ന്, അവരും നിലപാടിലുറച്ചാണ് നിക്കുന്നതെന്ന് ചെറുതാണെങ്കിലും ഈ സീനുകളിലൂടെ സിനിമ വരച്ചിടുന്നുണ്ട്.

പടയുടെ രാഷ്ട്രീയത്തില്‍ ഒപ്പം നിക്കുമ്പോഴും സിനിമ എന്ന തരത്തില്‍ ചിലയിടങ്ങളില്‍ തൃപ്തിപ്പെടുത്താതിരിക്കുന്നുണ്ട്. പടയുടെ റിലീസിന് ശേഷമുള്ള 'ദ ക്യു'വിന്റെ ഇന്റര്‍വ്യൂവില്‍ യഥാര്‍ത്ഥ കഥാപാത്രങ്ങളിലൊരാളായ കല്ലറ ബാബു പറയുന്നുണ്ട്, പൊലീസിന് ഒരു തീരുമാനമെടുക്കാന്‍ അവസരം കൊടുക്കാത്ത വിധത്തില്‍ പ്ലാന്‍ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു തങ്ങളെന്ന് പറയുന്നുണ്ട്. എന്നാല്‍ ആ ഒരു നരേറ്റീവില്‍ അവര്‍ നാലുപേരുടെ കണ്‍ട്രോളിലായിരുന്നു ഈ ബന്ദിയാക്കല്‍ സമരം മുഴുവനുമെന്നും സിനിമയില്‍ തോന്നിപ്പിക്കുന്നില്ല. കീഴടങ്ങലിനോടടുത്ത് സന്ധിസംഭാഷണവും തീരുമാനമെടുക്കലുമെല്ലാം പെട്ടന്നെന്ന പോലെ സംഭവിച്ച് തീരുകയും ചെയ്യുന്നുണ്ട്. അതുവരെ ഉണ്ടായിരുന്ന ത്രില്ലിങ്ങ് ഫാക്ടര്‍ ഈ വേഗത്തില്‍ ചെറുതായി നഷ്ടപ്പെട്ട് പോകുന്നുണ്ട്. ഏറ്റവും ഒടുവില്‍ അവരുന്നയിച്ച ആശയങ്ങളോടുള്ള താത്പര്യത്തേക്കാള്‍, കളിത്തോക്കും പൈപ്പുകഷ്ണങ്ങളുമായി കയറിവന്ന നാലുപേരുടെ നിഷ്‌കളങ്കതയിലാണോ അവരെ വെറുതെവിടാന്‍ കളക്ടറടക്കമുള്ളവര്‍ തയ്യാറായതെന്നും തോന്നിപ്പോയി.

പെര്‍ഫോമന്‍സുകളുടെ കാര്യമെടുത്താല്‍ ഒന്നാമതായി വിനായകന്റെ പേര് എടുത്ത് പറയണം. സമരത്തിന് ശേഷം പുറത്തേക്ക് വന്ന് അയാള്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉറക്കെ വിളിച്ച് പറയുമ്പോള്‍ ആ പ്രസംഗത്തിന് ഒരു താളമുണ്ടെന്ന് കാണാം. ചീഫ് സെക്രട്ടറിയായെത്തിയ പ്രകാശ് രാജ് തന്റെ ചാര്‍മിങ്ങ് പെര്‍ഫോമന്‍സിലൂടെ പെട്ടന്ന് തന്നെ പ്രേക്ഷകരെ ഹൈജാക്ക് ചെയ്യുന്നുണ്ട്. ഒരുവശത്ത് വളരെ കേയോസ് നിറഞ്ഞ സംഘര്‍ഷാവസ്ഥ നിറഞ്ഞ സിറ്റുവേഷനാണെങ്കില്‍ മറുവശത്ത് ഒരുമുറിക്കുള്ളില്‍ അതേ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന വളരെ റിലാക്‌സ്ഡ് ആയ ഒരുകൂട്ടം ഉദ്യോഗസ്ഥരാണ്. പ്രകാശ് രാജ് അനായാസം ആദിവാസികളോട് ഐക്യപ്പെട്ടിട്ടുള്ള, അവരാരെയും കൊല്ലില്ലെന്ന് ഉറപ്പിച്ച് പറയുന്ന ചീഫ് സെക്രട്ടറിയായി മാറുമ്പോള്‍ ഉദ്യോഗസ്ഥ തലത്തിലുള്ള നിസഹായാവസ്ഥയും പറഞ്ഞുവെയ്ക്കുന്നു.

ചെറുതും വലുതുമായി ഒരുപാട് കഥാപാത്രങ്ങള്‍ സിനിമയിലുണ്ട്, ഒരുവശത്ത് അപേക്ഷ സമര്‍പ്പിക്കാനെത്തിയ സാവിത്രി ശ്രീധരനും ദാസന്‍ കോങ്ങാടും പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം തീര്‍ക്കുമ്പോള്‍ സന്തോഷ് കീഴാറ്റൂരും സുധീര്‍ കരമനയും ജെയിംസ് ഏലിയയുമടക്കമുള്ള ഒരുകൂട്ടം പരിചിതമുഖങ്ങള്‍ക്ക് പകരം പുതിയ മുഖങ്ങളായിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നി. യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കാന്‍ വേണ്ടിയായിരിക്കാം അത്തരത്തില്‍ ഒരുപാട് നടന്മാരെ ഉപയോഗിച്ചതെങ്കിലും ചില പരിചിതമുഖങ്ങള്‍ വെറുതെ വന്ന് പോകുമ്പോള്‍ അതെന്തിനായിരുന്നുവെന്ന ചിന്തകളുണ്ടാക്കുന്നുണ്ട്.

അയ്യങ്കാളിപ്പടക്ക് വേണ്ടി ദൗത്യമേറ്റെടുത്ത നാല് പേര്‍, അവരുടെ ഹീറോയിക് മിഷന്‍ എന്ന നിലക്ക് സിനിമയെ അവതരിപ്പിക്കാതെ അവര്‍ മുന്നോട്ട് വച്ച രാഷ്ട്രീയത്തെയും ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള ആദിവാസി ജനത നേരിടുന്ന പ്രശ്നമെന്താണ് എന്നതിലേക്കും ഓരോ ഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമല്‍ ശ്രമിക്കുന്നുണ്ട്.

യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കിയ സിനിമകളില്‍ പടം തുടങ്ങുന്നതിന് മുന്നേ നല്ലതോ ചീത്തയോ ആയ ഒരു വൈകാരിക ബന്ധം പ്രേക്ഷകര്‍ക്ക് ചിത്രത്തോട് തോന്നിത്തുടങ്ങും. മലയാളത്തിലുള്‍പ്പെടെ ഇറങ്ങിയ ബയോപ്പിക്കുകളുടെയും യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത പലസിനിമകളെയും പലപ്പോഴും രക്ഷിച്ചെടുക്കുക ഈയൊരു ഇമോഷണല്‍ കണക്ഷനായിരിക്കും. എന്നാല്‍ പടയ്ക്ക് അതെത്രത്തോളം ഉണ്ടെന്ന് ചോദിച്ചാല്‍, അത്രയേറെ വൈകാരികമായി ആദിവാസി സമൂഹത്തെ കേരളജനത ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ സമരത്തിന്റെയും സിനിമയുടെയുമൊന്നും ആവശ്യമില്ലല്ലോ എന്ന് തിരിച്ച് ചോദിക്കേണ്ടി വരും. അതുകൊണ്ട് തന്നെ അത് നിര്‍മിച്ചെടുക്കേണ്ടത് പടയില്‍ സംവിധായകന്റെ ഉത്തരവാദിത്വമായിരുന്നു, അത് നിറവേറ്റിയിട്ടുണ്ടെന്നും വ്യക്തമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in