ഹിന്ദുക്കള്‍ക്കെതിരെ പടമെടുത്തെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി ; നവോത്ഥാന നായകരെ അംഗീകരിക്കുന്നതിലും ജാതീയതയുണ്ടെന്ന് വിനയന്‍

ഹിന്ദുക്കള്‍ക്കെതിരെ പടമെടുത്തെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി ; നവോത്ഥാന നായകരെ അംഗീകരിക്കുന്നതിലും ജാതീയതയുണ്ടെന്ന് വിനയന്‍

നവോത്ഥാന നായകരെ അംഗീകരിക്കുന്നതിലും അവരെക്കുറിച്ച് സിനിമകള്‍ ചെയ്യുന്നതിലും ഒരു ജാതീയത നിലനില്‍ക്കുന്നുണ്ടെന്ന് സംവിധായകന്‍ വിനയന്‍. ഹിന്ദുക്കള്‍ക്കെതിരായി എന്തിനാണ് പടം എടുത്തതെന്ന് ആളുകള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ എവിടെയാണ് ഹിന്ദുക്കള്‍ക്ക് എതിരാവുന്നതെന്നും വിനയന്‍ ചോദിച്ചു. ദ ക്യൂവില്‍ മനീഷ് നാരായണനുമായി നടത്തിയ അഭിമുഖത്തിലാണ് വിനയന്റെ പ്രതികരണം.

നമ്മള്‍ അവര്‍ണരെയും സവര്‍ണ്ണരെയും എല്ലാം ഹിന്ദുക്കളായി തന്നെ ആണല്ലോ കാണുന്നത്. അങ്ങനെയെങ്കില്‍ ഞാന്‍ ഒരു സവര്‍ണനാണ്. പക്ഷെ ഇവിടെ ഈഴവരില്‍ തുടങ്ങി കീഴ്‌പ്പോട്ടുള്ളവര്‍ അനുഭവിച്ച ദുരന്ത പൂര്‍ണമായ ജീവിതം ഉണ്ടായിരുന്നു എന്നത് സത്യമല്ലേ. നമുക്കതിനെ തിരസ്‌കരിക്കാന്‍ പറ്റുമോ? മാറുമറയ്ക്കാന്‍ പാടില്ലായിരുന്നു എന്നത് സത്യമല്ലേ? ഇവിടെ മീശക്കരം ഉണ്ടായിരുന്നു എന്ന് പറയുന്നത് സത്യമല്ലേ?, വിനയന്‍ ചോദിക്കുന്നു.

'നവോത്ഥാന നായകന്മാരെക്കുറിച്ച് സിനിമചെയ്യുന്നതിലും ഒരു തിരസ്‌കരണം ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും വിനയന്‍ പറഞ്ഞു. വലിയ ചരിത്രകാരന്മാര്‍ എന്ത് എഴുതുന്നുവോ അതായി മാറുകയാണ് നമ്മുടെ ചരിത്രം. അതിലൊരു ജാതീയത ഉണ്ടായിരുന്നുവെന്ന് തോന്നുന്നുണ്ടെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപണിക്കരുടെ ജീവിതം പ്രമേയമാകുന്ന ചിത്രമാണ് വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട്. വിനയന്‍ തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ സിജു വിത്സനാണ് നായകവേഷത്തിലെത്തുന്നത്. ഗോകുലന്‍ ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കയാദു ലോഹറാണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബാജുവ, ടിനി ടോം തുടങ്ങിയവര്‍ക്കൊപ്പം നിര്‍മ്മാതാവ് ഗോകുലം ഗോപാലനും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

Related Stories

No stories found.
The Cue
www.thecue.in