എനിക്ക് മക്കള്‍ സെല്‍വന്‍ എന്ന് പേരിട്ടത് ഒരു സ്വാമിയാണ്: രസകരമായ കഥ പറഞ്ഞ് വിജയ് സേതുപതി

എനിക്ക് മക്കള്‍ സെല്‍വന്‍ എന്ന് പേരിട്ടത് ഒരു സ്വാമിയാണ്: രസകരമായ കഥ പറഞ്ഞ് വിജയ് സേതുപതി

വിജയ് സേതുപതിയെ സ്‌നേഹത്തോടെ പ്രേക്ഷകര്‍ വിളിക്കുന്ന പേരാണ് മക്കല്‍ സെല്‍വന്‍. എന്നാല്‍ എവിടെ നിന്നാണ് തനിക്ക് ഈ പേര് വന്നത് എന്ന് വിജയ് സേതുപതി ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ഒരു സ്വാമിയാണ് തന്നെ മക്കള്‍ സെല്‍വനെന്ന് ആദ്യമായി വിളിച്ചതെന്ന് സേതുപതി പറഞ്ഞിരിക്കുകയാണ്. മാമനിതന്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രസകരമായ വെളിപ്പെടുത്തല്‍.

വിജയ് സേതുപതി പറഞ്ഞത്:

ഒരു സ്വാമിയാണ് എനിക്ക് മക്കള്‍ സെല്‍വന്‍ എന്ന പേരിട്ടത്. ആണ്ടിപ്പട്ടിയില്‍ വെച്ചാണ് അദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത്. തേയിലത്തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു അദ്ദേഹം അപ്പോള്‍. സ്വാമിയുടെ കയ്യില്‍ നിന്ന് അല്പം ഭക്ഷണം ഞാനും വാങ്ങിക്കഴിച്ചു. കുറച്ചുഭക്ഷണം ഞാന്‍ അദ്ദേഹത്തിനും വാരിക്കൊടുത്തു. സ്വാമി എനിക്ക് ഒരഞ്ഞൂറ് രൂപ കയ്യില്‍ത്തന്ന് അനുഗ്രഹിക്കുകയും ചെയ്തു. ആ സ്വാമിയാണ് ഈ സീനു രാമസ്വാമി.

സംവിധായകന്‍ സീനു രാമസ്വാമിയെ കുറിച്ചാണ് വിജയ് സേതുപതി പറഞ്ഞത്. കഥ കേട്ട് അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന സീനു രാമസ്വാമി മക്കള്‍ സെല്‍വന്‍ എന്ന പേരിന്റെ അര്‍ത്ഥവും വ്യക്തമാക്കി.

ജനങ്ങളുടെ മകന്‍ എന്നാണ് മക്കള്‍ സെല്‍വന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. ധര്‍മദൂരൈ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ജനങ്ങള്‍ എല്ലാവരും വിജയ് സേതുപതിയെ സ്വന്തം കുടുംബാംഗത്തേപ്പോലെയാണ് കാണുന്നതെന്ന കാര്യം ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് മക്കള്‍ സെല്‍വന്‍ എന്ന പേരിലേക്ക് താന്‍ എത്തിയതെന്നാണ് സീനു രാമസ്വാമി പറഞ്ഞത്.

The Cue
www.thecue.in