'അവൻ കുളത്തിൽ ചാടി, ഇനി ആറ്റില്ലല്ലേ പൊങ്ങൂ'; 'വെള്ളരിപ്പട്ടണം' ടീസർ

'അവൻ കുളത്തിൽ ചാടി, ഇനി ആറ്റില്ലല്ലേ പൊങ്ങൂ'; 'വെള്ളരിപ്പട്ടണം' ടീസർ

സൗബിൻ ഷാഹിറും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വെള്ളരിപ്പട്ടണത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. മഹേഷ് വെട്ടിയാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പൊളിറ്റിക്കൽ സറ്റയർ സ്വഭാവത്തിലാണ് 'വെള്ളരിപ്പട്ടണം' ഒരുക്കിയിരിക്കുന്നത്.

കുളത്തില്‍ മുങ്ങി ആറ്റില്‍ പൊങ്ങുന്ന സ്വഭാവമുള്ള രാഷ്ട്രീയ നേതാവ് ലീഡര്‍ കെ.പി.സുരേഷിനെയാണ് സൗബിൻ ഷാഹിർ അവതരിപ്പിക്കുന്നത്. ടീസറിൽ സൗബിനെ കൂടാതെ മഞ്ജു വാര്യരും കോട്ടയം രമേശുമാണുള്ളത്. കടം തിരിച്ചു ചോദിക്കാൻ ആരോ വന്നുവെന്ന് കരുതി മുടന്തനായി അഭിനയിച്ച് രക്ഷപ്പെടാൻ നോക്കുന്ന സൗബിനാണ് ടീസറിലുള്ളത്. ഹ്യൂമർ സ്വഭാവത്തിലാണ് സിനിമയുടെ ആദ്യ രണ്ട് ടീസറും പുറത്തു വന്നിരിക്കുന്നത്. സൗബിൻ ഷാഹിർ മഞ്ജു വാര്യർ കോമ്പിനേഷനിൽ വരുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും വെള്ളരിപ്പട്ടണത്തിനുണ്ട്.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് 'വെള്ളരിപ്പട്ടണം' നിർമ്മിക്കുന്നത്. 'ആക്ഷന്‍ ഹീറോ ബിജു', 'അലമാര', 'മോഹന്‍ലാല്‍', 'കുങ്ഫുമാസ്റ്റര്‍' തുടങ്ങിയവയായിരുന്നു ഇതിനു മുന്നേ റിലീസ് ചെയ്ത ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ ചിത്രങ്ങൾ. കോട്ടയം രമേശ്,മാലപാര്‍വതി, സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,അഭിരാമി ഭാര്‍ഗവന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. അലക്സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും മഹേഷ് വെട്ടിയാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരി.

The Cue
www.thecue.in