വാക്‌പോരടിച്ച് സൗബിനും മഞ്ജു വാര്യരും, വെള്ളരിപട്ടണം ടീസര്‍

വാക്‌പോരടിച്ച് സൗബിനും മഞ്ജു വാര്യരും, വെള്ളരിപട്ടണം ടീസര്‍

സൗബിന്‍ ഷാഹിറും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന വെള്ളരി പട്ടണത്തിന്റെ ടീസര്‍ പുറത്ത്. ഇരുവരും വാക്‌പോര് നടത്തുന്നതാണ് ടീസറിലുള്ളത്. ഇവരോടൊപ്പം കൃഷ്ണ ശങ്കറും ടീസറിലുണ്ട്. മഹേഷ് വെട്ടിയാരാണ് ചിത്രത്തിന്റെ സംവിധായകന്‍.

വീടിന് മുന്നില്‍ മഞ്ജു വാര്യര്‍ ഇരിക്കുമ്പോള്‍ കൃഷ്ണ ശങ്കര്‍ സൗബിന്‍ ഷാഹിറിനെ ബൈക്കില്‍ കൊണ്ടാക്കി പോകുന്നതും ശേഷം സൗബിനും മഞ്ജുവും തമ്മിലുള്ള സംസാരവുമാണ് ടീസറിലുള്ളത്. ഇന്ത്യന്‍ രാഷ്ട്രീയം തിളച്ചു തുളുമ്പുമ്പോള്‍ ഒരു പണിയുമെടുക്കാതെ എങ്ങനെ ഇവിടെ ഇരിക്കാന്‍ പറ്റുന്നു' എന്ന ചോദ്യവുമായാണ് സൗബിന്‍ എത്തുന്നത്.

നര്‍മ്മത്തില്‍ കലര്‍ന്ന കുടുംബ ചിത്രമാണ് വെള്ളരി പട്ടണം എന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത്.