'ജയ് ഭീം വലിയൊരു പഠനാനുഭവം'; സൂര്യ

'ജയ് ഭീം വലിയൊരു പഠനാനുഭവം'; സൂര്യ

ജയ് ഭീം എന്ന സിനിമ വലിയൊരു പഠനാനുഭവമായിരുന്നുവെന്ന് നടന്‍ സൂര്യ. ടി.എസ് ജ്ഞാനവേല്‍ സംവിധാനം ചെയ്ത് സൂര്യ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് 'ജയ് ഭീം'. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയ് ഭീം ഒരുക്കിയിരിക്കുന്നത്. 1993ല്‍ അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ചന്ദ്രു ഒരു ആദിവാസി സ്ത്രീക്ക് വേണ്ടി നടത്തിയ കേസിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ.

ഇത്തരത്തില്‍ സമൂഹത്തിലെ ശക്തരായ വ്യക്തിത്വങ്ങളെ അറിയാന്‍ കഴിയുക എന്നത് വലിയ കാര്യമാണെന്ന് സൂര്യ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വ്യത്യസ്തമായ പല സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും ജയ് ഭീമില്‍ നിന്നും സൂരറൈ പൊട്രുവില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നും സൂര്യ പറയുന്നു.

സൂര്യയുടെ വാക്കുകള്‍:

'നമുക്ക് ചുറ്റുമുള്ള ശക്തരായ വ്യക്തിത്വങ്ങളെ അറിയുന്നത് വലിയ കാര്യമാണ്. ഒരാള്‍ക്ക് എങ്ങനെ സമൂഹമത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കും എന്ന് വലിയൊരു പഠനാനുഭവമാണ്. അത്തരം മാറ്റങ്ങളിലൂടെ സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ തുടങ്ങും. ഉദാഹരണത്തിന്, ഒരു വിധിയിലൂടെ അദ്ദേഹത്തിന് (ജസ്റ്റിസ് ചന്ദ്രു) 25,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. വ്യത്യസ്ത തരത്തിലുള്ള സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സൂരറൈ പൊട്രുവിലും ജയ്ഭീമില്‍ നിന്നും എനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു.

നല്ല സിനിമകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നത് എനിക്ക് വളരെയധികം സംതൃപ്തി നല്‍കുന്നുണ്ട്. അത് വലിയ ഉത്തരവാദിത്വം കൂടിയാണ്. ഇപ്പോള്‍ എല്ലാ സിനിമകളും പാന്‍ ഇന്ത്യനാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ സിനിമ കാണുന്നു. അത് തീര്‍ച്ചയായും കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കും. അത് നമ്മെ വെല്ലുവിളിക്കുകയും ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നമുക്ക് ഒട്ടും പരിചയമില്ലാത്ത പ്രേക്ഷകരിലേക്ക് പുതിയ സിനിമകള്‍ എത്തിക്കാനുള്ള ധൈര്യവും അതിലൂടെ ഉണ്ടാവുന്നു. പ്രേക്ഷകരാണെങ്കില്‍ ജയ് ഭീം പോലുള്ള സിനിമകളെ സ്വാഗതം ചെയ്യുന്നുമുണ്ട്.'

നവംബര്‍ 2നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. ജിഷ വിജയന്‍, പ്രകാശ് രാജ്, മണികണ്ഠന്‍, ലിജോമോള്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍