'ജയ് ഭീ'മില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണം; മറുപടിയുമായി സൂര്യ

'ജയ് ഭീ'മില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണം; മറുപടിയുമായി സൂര്യ

'ജയ് ഭീം' സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണത്തില്‍ മറുപടിയുമായി നടന്‍ സൂര്യ. പട്ടാലി മക്കള്‍ കക്ഷി(പി.എം.കെ) നേതാവ് അന്‍പുമണി രാമദാസായിരുന്നു ആരോപണവുമായി രംഗത്തെത്തിയിരുന്നത്. ഏതെങ്കിലും ഒരു വ്യക്തിയെയോ ഒരു പ്രത്യേക സമൂഹത്തെയോ വേദനിപ്പിക്കാന്‍ ജയ് ഭീമിന്റെ പിന്നിലുള്ള ആര്‍ക്കും ഉദ്ദേശം പോലും ഇല്ലെന്ന് വ്യാഴാഴ്ച ട്വിറ്ററില്‍ പങ്കുവെച്ച കത്തില്‍ സൂര്യ പറഞ്ഞു.

രാജ്യസഭാ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അന്‍പുമണി ബുധനാഴ്ചയായിരുന്നു, ആരോപണങ്ങളുമായി സൂര്യയ്ക്ക് കത്തയച്ചത്. സിനിമയില്‍ നെഗറ്റീവ് കഥാപാത്രമായ പൊലീസ് ഇന്‍സ്‌പെക്ടറെ കൈകാര്യം ചെയ്ത രീതിയെ ചോദ്യം ചെയ്ത അന്‍പുമണി, ഇത് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ക്ക് അപമാനമാണെന്നും ആരോപിച്ചിരുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മറ്റൊരു സമുദായത്തെ മോശമായി ചിത്രീകരിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കത്തില്‍ പറഞ്ഞിരുന്നു. സിനിമയില്‍ അനാവശ്യമായി വണ്ണിയാര്‍ സമുദായത്തിനെതിരായ വികാരമുണ്ടാക്കുന്നുണ്ട്. ചിത്രത്തിലെ ക്രൂരനായ പോലീസുകാരന്‍ യഥാര്‍ഥത്തില്‍ വണ്ണിയാര്‍ സമുദായാംഗമല്ലെങ്കില്‍ക്കൂടിയും അത്തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായി. സിനിമയിലെ ഒരു രംഗത്തില്‍ എസ്.ഐ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്ന രംഗമുണ്ട്. അതില്‍ അയാളുടെ വീട്ടില്‍ വണ്ണിയാര്‍ അസോസിയേഷന്റെ കലണ്ടര്‍ കാണാം. എന്തിനാണ് ഈ രംഗം ഇങ്ങനെ ചിത്രീകരിച്ചിരിക്കുന്നത്. സമുദായാംഗങ്ങള്‍ക്ക് ഇതില്‍ വേദനയും അമര്‍ഷവുമുണ്ട്. തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല. ഇങ്ങനെയാണെങ്കില്‍ അടുത്ത സിനിമകള്‍ റിലീസാകുമ്പോള്‍ പ്രേക്ഷകരും പ്രതികരിക്കും. അത് ഒഴിവാക്കാവുന്നതാണെന്നും അന്‍പുമണി കത്തില്‍ പറഞ്ഞിരുന്നു.

ജസ്റ്റിസ് ചന്ദ്രു പോരാടിയ ഒരു യഥാര്‍ത്ഥ കേസ് ചിത്രീകരിക്കാനാണ് ചിത്രം ശ്രമിച്ചതെന്ന് സൂര്യ പറഞ്ഞു. തനിക്കോ സിനിമാ സംഘത്തിലെ മറ്റൊരാള്‍ക്കുമോ ഒരു വ്യക്തിയെയോ ഒരു പ്രത്യേക സമുദായത്തെയോ വേദനിപ്പിക്കാന്‍ യാതൊരു തരത്തിലുള്ള ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്നും കത്തില്‍ സൂര്യ വ്യക്തമാക്കുന്നു.

'മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ തിരുത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്ന് താങ്കള്‍ക്ക് അറിയാമെന്ന് കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരു സമുദായത്തെയും ദ്രോഹിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന കത്തിലെ താങ്കളുടെ പ്രസ്താവനയോട് ഞാന്‍ യോജിക്കുന്നു. അതേപോലെ ആക്രമണങ്ങളില്‍ നിന്ന് അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് താങ്കള്‍ ആഗ്രഹിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ പരാമര്‍ശിച്ച കഥാപാത്രത്തെക്കുറിച്ച്, ഈ കഥാപാത്രത്തിന്റെ പേര് ഒരു സമൂഹത്തെ സൂചിപ്പിക്കുന്നുവെന്ന് ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞിരുന്നു. ഒരു കഥാപാത്രത്തിന്റെ പേരിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ ഇങ്ങനെ ഊഹങ്ങള്‍ ഉണ്ടാക്കാന്‍ പോകുകയാണെങ്കില്‍, അതിന് അവസാനമുണ്ടാകില്ല. സിനിമയില്‍ അധികാരത്തിലിരിക്കുന്നവരോട് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ രാഷ്ട്രീയമായി കാണരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.'

ഫീച്ചര്‍ ഫിലിമും ഡോക്യുമെന്ററിയും ഒരുപോലെയല്ലെന്നും, യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമയെന്ന് ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സൂര്യ കത്തില്‍ പറയുന്നുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടി ഒരാളെയും വേദനിപ്പിക്കേണ്ട കാര്യം തനിക്കില്ല. സമൂഹത്തിന്റെ ക്ഷേമത്തിനായി നമുക്ക് നമ്മുടേതായ രീതിയില്‍ പ്രവര്‍ത്തിക്കാം എന്ന് പറഞ്ഞാണ് സൂര്യ കത്ത് അവസാനിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in