
കമല്‍ ഹാസനൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷം പങ്കുവെച്ച് നടന് സൂര്യ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമിലാണ് ഇരുവരും ഒന്നിച്ചത്. ചിത്രത്തില്‍ സൂര്യയുടെ കാമിയോ റോള്‍ റിലീസ് മുന്‍പ് തന്നെ വലിയ ചര്‍ച്ചായിരുന്നു. റിലീസിന് ശേഷവും സൂര്യയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിക്രം സിനിമയുടെ ഭാഗമായി തന്റെ സ്വപ്നം സത്യമാക്കാന്‍ സാധിച്ചതിന് ലോകേഷ് കനകരാജിനോടും സൂര്യ നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
സൂര്യയുടെ ട്വീറ്റ്:
പ്രിയപ്പെട്ട കമല്‍ അണ്ണ,
അങ്ങയോടൊപ്പം സ്ക്രീന്‍ പങ്കിട്ട് എന്റെ സ്വപ്നം സത്യമായിരിക്കുന്നു. അതിന് ലോകേഷ് കനകരാജിന് നന്ദി. നിങ്ങളുടെ സ്നേഹത്തിനും നന്ദി.
ജൂണ്‍ 3നാണ് വിക്രം തിയേറ്ററിലൂടെ ലോകപ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം മികച്ച രീതിയില്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്, ചെമ്പന്‍ വിനോദ് ജോസ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര് മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് കനകരാജും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.