ചുരുളി ഇനി പൊലീസ് കാണും; എഡിജിപി പദ്മകുമാറിന്റെ നേതൃത്വത്തില്‍ സമിതി

ചുരുളി ഇനി പൊലീസ് കാണും; എഡിജിപി പദ്മകുമാറിന്റെ നേതൃത്വത്തില്‍ സമിതി

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സോണി ലിവ്വില്‍ സ്ട്രീം ചെയ്യുന്ന ചുരുളിയില്‍ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പൊലീസ് സമിതി നിയോഗിച്ചു. സിനിമയിലെ തെറി സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളും, തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയുടെയും അടിസ്ഥാനത്തിലാണ് സമതിയെ നിയോഗിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. സിനിമ കണ്ടതിനു ശേഷം എഡിജിപി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറും.

കഴിഞ്ഞ ദിവസം ചുരുളിയില്‍ നിയമ ലംഘനമുണ്ടോയെന്നു പരിശോധിക്കാന്‍ ഹൈക്കോടതി പുതിയ സമിതിയെ നിയോഗിക്കണം എന്ന് പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ക്രിമിനല്‍ കുറ്റമോ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനമോ സിനിമ സ്ട്രീം ചെയ്യുന്നതിലുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം.

സിനിമയിലെ സംഭാഷണങ്ങള്‍ അസഭ്യമാണെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സിനിമ സംവിധായകന്റെ സൃഷ്ടിയാണെന്നും സിനിമയില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

The Cue
www.thecue.in