ലോഹിതദാസിന്റെ പേരിലറിയപ്പെട്ട സ്മൃതിമണ്ഡപത്തിന്റെ പെരുമാറ്റുന്നതില്‍ പ്രതിഷേധിച്ച് സിബി മലയില്‍

ലോഹിതദാസിന്റെ പേരിലറിയപ്പെട്ട സ്മൃതിമണ്ഡപത്തിന്റെ പെരുമാറ്റുന്നതില്‍ പ്രതിഷേധിച്ച് സിബി മലയില്‍

ആലുവ മണപ്പുറത്ത് ചലച്ചിത്രകാരന്‍ ലോഹിതദാസിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന സ്മൃതി മണ്ഡപത്തിന്റെ പേര് വയലാര്‍ രാമവര്‍മ്മ സ്മൃതി മണ്ഡപം എന്നാക്കി മാറ്റാന്‍ നഗരസഭാ തീരുമാനിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി സംവിധായകന്‍ സിബി മലയില്‍. പെരുമാറ്റുന്നതില്‍ നിന്നും പിന്മാറണമെന്നും രാഷ്ട്രീയ വൈരാഗ്യങ്ങളില്‍ നിന്നും കലാകാരന്മാരെ ഒഴിവാക്കണമെന്നും സിബിമലയില്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. 2010 ലാണ് സംവിധായകന്‍ ലോഹിതദാസിന്റെ പേര് നിര്‍ദ്ദേശിച്ചുകൊണ്ട് ശിവരാത്രി ദൃശ്യോത്സവത്തിന്റെ സ്ഥിരം വേദിയായി മണപ്പുറത്ത് മണ്ഡപം നിര്‍മ്മിക്കുന്നത്.

സിബി മലയിലിന്റെ കുറിപ്പ്:

മലയാളിയുടെ പ്രിയപ്പെട്ട കഥാകാരന്‍ യശശരീരനായ ലോഹിതദാസിന്റെ പേരില്‍ സ്ഥാപിച്ച ഈ സ്മൃതി മണ്ഡപത്തെക്കുറിച്ചുള്ള വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നു. എന്ത് കാരണത്താലാണ് ഇങ്ങനെയൊരു നീക്കം ആലുവ നഗരസഭാ ഭരണ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നു മനസ്സിലാകുന്നില്ല. ആലുവാ പുഴയോരത്ത് പ്രിയ ലോഹി പണി തീര്‍ത്തു ഏറെ നാള്‍ താമസിച്ചിരുന്ന ഭവനത്തിനു മുന്‍പില്‍ത്തന്നെ അദ്ദേഹത്തിന്റെ പേരില്‍ ഇങ്ങനെയൊരു സ്മാരകം ഉയര്‍ന്നു വന്നപ്പോള്‍ ഏറെ ആഹ്ലാദിച്ച എല്ലാവരേയും സങ്കടത്തിലാക്കുന്ന നടപടികളില്‍ നിന്നും പിന്മാറാനുള്ള ദയ ആ പരേതാത്മാവിനോടു ഉണ്ടാവണം എന്ന് ബന്ധപ്പെട്ട അധികൃതരോടു അപേക്ഷിക്കുന്നു. നിങ്ങളുടെ രാഷ്ട്രീയ വൈരാഗ്യ- വടംവലികളില്‍ നിന്നും പാവം കലാകാരന്മാരെ ഒഴിവാക്കുക. സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ലോഹിതദാസിന്റെ വീടിനുമുന്നില്‍ അദ്ദേഹത്തിനായി ഉയര്‍ന്ന സ്മൃതിമണ്ഡപത്തിന് ഒരു ദശകത്തിനപ്പുറമായിട്ടും പേരിടുകയോ അതിന്റെ ഉദ്ഘടനം നടത്തുകയോ ചെയ്തിട്ടില്ല. മണ്ഡപത്തിനു വയലാര്‍ രാമവര്‍മ്മയുടെ പേരിടാനുള്ള തീരുമാനം നഗരസഭാ മുന്‍ ഉപാധ്യക്ഷ ജെബി മേത്തര്‍ എം പി അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതിനെതിരെ തുടക്കത്തില്‍ വിയോജിപ്പുകള്‍ വന്നിരുന്നെങ്കിലും പിന്നീട് പ്രതിഷേധങ്ങളൊന്നും തന്നെ ഉണ്ടായില്ല.

Related Stories

No stories found.
logo
The Cue
www.thecue.in