സ്ത്രീ സുരക്ഷയ്ക്ക് ആഭ്യന്തര പരാതി പരിഹാര സമിതി അനിവാര്യം: രോഹിണി

സ്ത്രീ സുരക്ഷയ്ക്ക് ആഭ്യന്തര പരാതി പരിഹാര സമിതി അനിവാര്യം: രോഹിണി

സിനിമയിലെ സ്ത്രീകളുടെ സുരക്ഷയ്ക്ക് ആഭ്യന്തര പരാതി പരിഹാര സമിതി അനിവാര്യമാണെന്ന് നടി രോഹിണി. സിനിമയില്‍ സ്ത്രീകളുടെ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രോഹിണി അഭിപ്രായപ്പെട്ടു. പാലാക്കാട് വെച്ച് നടന്ന ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വെച്ച് ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

'നടിക്ക് അനുകൂലമായൊരു കോടതി വിധിക്കായാണ് ഞാനും കാത്തിരിക്കുന്നത്. പോപ്പുലറായ ഒരു നടിക്ക് ഇത്തരത്തിലൊരു പ്രശ്‌നം നേരിടേണ്ടി വന്നെങ്കില്‍ സാധാരണക്കാരായ സ്ത്രീകള്‍ എങ്ങനെ മുന്നോട്ടു പോകുമെന്ന് ചിന്തിക്കേണ്ടതാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണം', എന്നും രോഹിണി പറഞ്ഞു.

2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു.

റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത് എന്നിവരും ഹേമ കമ്മിറ്റി പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്നായിരുന്നു പാര്‍വതി പറഞ്ഞത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in