'വര്‍ഷങ്ങളോളം ഞാന്‍ ചിരിക്കാതിരുന്നു'; ബുളീമിയയെ അതിജീവിച്ച അനുഭവം പങ്കുവെച്ച് പാര്‍വ്വതി

'വര്‍ഷങ്ങളോളം ഞാന്‍ ചിരിക്കാതിരുന്നു'; ബുളീമിയയെ അതിജീവിച്ച അനുഭവം പങ്കുവെച്ച് പാര്‍വ്വതി

ബുളീമിയയെ അതിജീവിച്ച അനുഭവം തുറന്ന് പറഞ്ഞ് നടി പാര്‍വ്വതി തിരുവോത്ത്. മാനസിക സമ്മര്‍ദ്ദം മൂലം അമിതമായി ഭക്ഷണം കഴിക്കുന്ന രോഗാവസ്ഥയാണ് ബുളീമിയ. തന്റെ ശരീരത്തെ കുറിച്ച് ആളുകള്‍ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം തന്നെ മാനസികമായി തളര്‍ത്തിയിരുന്നു. അത്തരം അഭിപ്രായങ്ങളും തമാശ കമന്റുകളുമാണ് ബുളീമിയ എന്ന അവസ്ഥയിലേക്ക് തന്നെ കൊണ്ട് എത്തിച്ചതെന്നും പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വര്‍ഷങ്ങളുടെ പ്രയത്‌നം കൊണ്ടാണ് താന്‍ ബുളീമിയയെ അതിജീവിച്ചത്. ചിരിക്കുമ്പോള്‍ തന്റെ കവിളുകള്‍ വലുതായി കാണുന്നതിനാല്‍ വര്‍ഷങ്ങളോളം താന്‍ ചിരിച്ചിരുന്നില്ല. എന്നാല്‍ സൂഹൃത്തുക്കളുടെയും ഫിറ്റ്‌നസ് കോച്ചിന്റെയും തെറപ്പിസ്റ്റിന്റെയുമെല്ലാം സഹായത്തോടെ വീണ്ടും തുറന്ന് ചിരിക്കാന്‍ തനിക്ക് സാധിച്ചുവെന്ന് പാര്‍വ്വതി പറയുന്നു.

മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് നമ്മള്‍ നടത്തുന്ന അനാവശ്യമായ അഭിപ്രായങ്ങള്‍ പലപ്പോഴും ഇത്തരത്തിലുള്ള അവസ്ഥക്ക് കാരണമാവാം. അതിനാല്‍ അത്തരം അഭിപ്രായങ്ങളും കമന്റുകളും ദയവ് ചെയ്ത പറയാതിരിക്കുക എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പാര്‍വ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

പാര്‍വ്വതിയുടെ വാക്കുകള്‍:

'ഞാന്‍ വര്‍ഷങ്ങളോളം എന്റെ ചിരി അടക്കിപ്പിടിച്ചിട്ടുണ്ട്. എന്റെ കൂടെ ജോലി ചെയ്തിരുന്ന പലരും ചിരിക്കുമ്പോള്‍ എന്റെ കവിളുകള്‍ വലുതാകുന്നതിനെ കുറിച്ച് പറയുമായിരുന്നു. എനിക്ക് നല്ല ആകൃതിയിലുള്ള ഭംഗിയുള്ള താടിയില്ലെന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ചിരിക്കുന്നത് തന്നെ നിര്‍ത്തി. തുറന്ന് ചിരിക്കാതെ വര്‍ഷങ്ങളോളം ഞാന്‍ മുഖം വിടര്‍ത്താതെ പതുക്കെ ചിരിച്ചുകൊണ്ടിരുന്നു.

ജോലി സ്ഥലത്തും പുറത്ത് ഏതെങ്കിലും പരിപാടിക്ക് പോയാലുമെല്ലാം ഞാന്‍ തനിച്ച് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. കാരണം ഞാന്‍ എടുക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ചും ആളുകള്‍ എന്നോട് പറയുമായിരുന്നു. ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ എന്നോട് കുറച്ച് കഴിച്ചൂടെ എന്ന് അവര്‍ ചോദിക്കും. അത് കേട്ടാല്‍ പിന്നെ എനിക്ക് ഒന്നും കഴിക്കാന്‍ സാധിക്കില്ല.

'ഞാന്‍ അവസാനം കണ്ടതിലും നീ തടി വെച്ച?'

'നീ കുറച്ച് മെലിയണം'

'ആഹാ നീ തടി കുറഞ്ഞോ? നന്നായി'

'നീ ഡയറ്റിങ്ങൊന്നും ചെയ്യുന്നില്ലേ?'

'നീ കൂടുതല്‍ കഴിക്കുന്നുണ്ടെന്ന് ഞാന്‍ നിന്റെ ഡയറ്റീഷനോട് പറയും'

'മാരിയാനില്‍ ഉണ്ടായിരുന്ന പോലെ എന്താ തടി കുറക്കാത്തത്'

'ഞാന്‍ നല്ലതിന് വേണ്ടിയാണ് പറഞ്ഞത്', 'ഇതൊക്കെ തമാശയായി എടുത്തൂടെ' എന്ന കമന്റുകള്‍ ഒന്നും തന്നെ എന്റെ ശരീരം കേട്ടിരുന്നില്ല. ആളുകള്‍ പറയുന്നതെല്ലാം തന്നെ ഞാന്‍ എന്റെ മനസിലേക്ക് എടുക്കുകയും ഞാന്‍ സ്വയം അത്തരം കമന്റുകള്‍ പറയാനും തുടങ്ങി. അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. പക്ഷെ ആ വാക്കുകളെല്ലാം എന്നെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. വൈകാതെ തന്നെ ഞാന്‍ ബുളീമിയയുടെ തീവ്രമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടു.

അതില്‍ നിന്നും പുറത്തുവരാന്‍ എനിക്ക് വര്‍ഷങ്ങളുടെ പ്രയത്‌നം വേണ്ടിവന്നു. എന്റെ സുഹൃത്തുക്കളുടെയും, ഫിറ്റ്‌നസ് കോച്ചിന്‍െയും, തെറപ്പിസ്റ്റിന്റെയും സഹായത്തോടെ ഞാന്‍ വീണ്ടും തുറന്ന് ചിരിക്കാന്‍ തുടങ്ങി. മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള നിങ്ങളുടെ തമാശകളും, കമന്റുകളും, അഭിപ്രായങ്ങളുമെല്ലാം നിങ്ങളുടെ മനസില്‍ തന്നെ സൂക്ഷിച്ചാല്‍ മതി. അത് എത്ര നല്ലതിന് വേണ്ടിയാണെങ്കിലും പറയാതിരിക്കുക.'

Related Stories

No stories found.
logo
The Cue
www.thecue.in