എന്നെ നായ കടിക്കാന്‍ കാരണം കരാര്‍ മാറ്റാന്‍ നിങ്ങളിട്ട ഒപ്പാണ്; 'ന്നാ താന്‍ കേസ് കൊട്' ടീസര്‍

എന്നെ നായ കടിക്കാന്‍ കാരണം കരാര്‍ മാറ്റാന്‍ നിങ്ങളിട്ട ഒപ്പാണ്; 'ന്നാ താന്‍ കേസ് കൊട്' ടീസര്‍

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമക്ക് പിന്നാലെ കൂടുതല്‍ സിനിമകള്‍ കാസര്‍ഗോഡന്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ചിത്രത്തില്‍ ഒരു കള്ളന്റെ വേഷമാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. ചാക്കോച്ചന്‍ കോടതിയില്‍ തന്നെ പട്ടി കടിച്ചതിന്റെ കാരണം വിശദീകരിക്കുന്ന രസകരമായ ടീസറാണ് പുറത്തുവന്നിട്ടുള്ളത്.

എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന 'ന്നാ താന്‍ കേസ് കൊട്' ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ പുതിയ നിര്‍മ്മാണ കമ്പനി ആദ്യമായി നിര്‍മ്മാണ പങ്കാളിയാകുന്ന ചിത്രവുമാണ് ന്നാ താന്‍ കേസ് കൊട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന അറിയിപ്പ് എന്ന സിനിമയുടെ സഹനിര്‍മ്മാതാവും ചാക്കോച്ചനാണ്.

സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും. ഷെറിന്‍ റേച്ചല്‍ സന്തോഷ് ആണ് മറ്റൊരു സഹ നിര്‍മ്മാതാവ്. സൂപ്പര്‍ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ആറ് മാസത്തോളം നീണ്ടു നിന്ന പ്രീ പ്രൊഡക്ഷന്‍ ജോലികളാണ് ചിത്രത്തിന് വേണ്ടി അണിയറപ്രവര്‍ത്തകരും നിര്‍മ്മാതാക്കളും നടത്തിയത്. നിരവധി കലാകാരന്‍മാരെ ഈ പ്രദേശങ്ങളില്‍ നിന്ന് തന്നെ കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും അവരെ പരിശീലന കളരികളിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തതിന് ശേഷം സിനിമയുടെ ഒരു ചെറുരൂപം ഈ കലാകാരന്‍മാരെ വെച്ച് മാത്രം യഥാര്‍ത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുന്‍പേ തന്നെ നടത്തിയിരുന്നു. അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനായി കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലായി പത്തോളം ലൊക്കേഷനുകള്‍ ഉപയോഗിച്ചിരുന്നു.

ബോളിവുഡ് ഛായാഗ്രാഹകന്‍ രാകേഷ് ഹരിദാസാണ് (ഷേര്‍ണി ഫെയിം) ഈ ചിത്രത്തിന്റെ ഛായാഗ്രഹണം. മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കര്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. വൈശാഖ് സുഗുണന്‍ രചിച്ച വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം ഒരുക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: അരുണ്‍ സി തമ്പി, സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്സിംഗ്: വിപിന്‍ നായര്‍, കോസ്റ്റ്യൂം: മെല്‍വി. ജെ, മേയ്ക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, കാസ്റ്റിംഗ് ഡയറക്ടര്‍: രാജേഷ് മാധവന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ജംഷീര്‍ പുറക്കാട്ടിരി, ഫിനാന്‍സ് കണ്‍ട്രോളര്‍: ജോബീഷ് ആന്റണി, സ്റ്റില്‍സ്: ഷാലു പേയാട്, വിതരണം: മാജിക് ഫ്രെയിംസ്, പരസ്യകല: ഓള്‍ഡ് മങ്ക്സ്, പി ആര്‍ ഒ: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

Related Stories

No stories found.
logo
The Cue
www.thecue.in