നവരസ പോസ്റ്ററില്‍ ഖുര്‍ ആന്‍ വാക്യം, നെറ്റ്ഫ്‌ളിക്‌സ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ ക്യാമ്പയിൻ

നവരസ പോസ്റ്ററില്‍ ഖുര്‍ ആന്‍ വാക്യം, നെറ്റ്ഫ്‌ളിക്‌സ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ ക്യാമ്പയിൻ

നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമായ നവരസയ്‌ക്കെതിരെ ട്വിറ്ററിൽ പ്രതിഷേധ ക്യാമ്പയിൻ. സിനിമയുടെ പത്ര പരസ്യത്തിൽ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെയാണ് വിമർശനം ഉയരുന്നത്. തമിഴ് ദിനപത്രമായ ഡെയിലി തന്‍തിയിലാണ് ഖുറാനിലെ വാക്യങ്ങൾ ഉൾപ്പെടുത്തിയ പരസ്യം പ്രസിദ്ധീകരിച്ചത്. രതീന്ദ്രൻ ആർ പ്രസാദ് സംവിധാനം ചെയ്ത് പാർവതി തിരുവോത്തും സിദ്ധാർഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്‍മൈ എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഖുറാനിലെ വാക്യങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ട്വിറ്ററില്‍ ബാന്‍നെറ്റ്ഫ്‌ലിക്‌സ് റിമൂവ്നവരസപോസ്റ്റർ ക്യാംപെയിന്‍ തുടങ്ങിയിരിക്കുകയാണ്.

പത്ര പരസ്യം ഖുറാനെ അവഹേളിക്കുന്നതാണെന്നും നെറ്റ്ഫ്‌ലിക്‌സിനെതിരെ നിയമനടപടി എടുക്കണമെന്നുമാണ് ക്യാമ്പയിനിൽ ഉയരുന്ന പ്രധാന ആവശ്യം. ഖുറാനിലെ വാക്യം പോസ്റ്ററില്‍ നിന്നും മാറ്റി സിനിമ പ്രമോട്ട് ചെയ്യാന്‍ മറ്റ് വഴികൾ സ്വീകരിക്കണമെന്നുമാണ് ട്വീറ്റുകളിൽ ഉയരുന്ന വിമർശനം

ഇന്ന് ഉച്ചക്ക് 12.30നാണ് നെറ്റ്ഫ്‌ലിക്‌സില്‍ സിനിമ റിലീസ് ചെയ്തത്. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്‌നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്.