'സീരിയലില്‍ നിന്നുള്ള തുച്ഛമായ പണം മാത്രം, വലിയ സമ്പാദ്യമില്ല'; സഹായം കെപിഎസി ലളിതയുടെ ആവശ്യപ്രകാരമെന്ന് മന്ത്രി

'സീരിയലില്‍ നിന്നുള്ള തുച്ഛമായ പണം മാത്രം, വലിയ സമ്പാദ്യമില്ല'; സഹായം കെപിഎസി ലളിതയുടെ ആവശ്യപ്രകാരമെന്ന് മന്ത്രി

നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പഴ്‌സനുമായ കെപിഎസി ലളിതയുടെ ചികിത്സചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തത് അവരുടെ ആവശ്യപ്രകാരമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. സര്‍ക്കാര്‍ ചികിത്സചിലവ് ഏറ്റെടുത്തതില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ല. കലാകാരന്‍മാരെ ഒരിക്കലും കയ്യൊഴിയാനാവില്ലെന്നും മന്ത്രി പറഞ്ഞു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലാണ് കെപിഎസി ലളിത.

മന്ത്രിയുടെ വാക്കുകള്‍:

'കലാകാരി എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചത്. കലാകാരന്മാര്‍ കേരളത്തിന് മുതല്‍കൂട്ടാണ്. കലാകാരന്മാരെ കയ്യൊഴിയാനാകില്ല. അവര്‍ നാടിന്റെ സ്വത്താണ്. സീരിയലില്‍ അഭിനയിക്കുന്ന തുച്ഛമായ പണം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. അല്ലാതെ വലിയ സമ്പാദ്യമൊന്നും ഇല്ല. കെപിഎസി ലളിത ആവശ്യപ്പെട്ടതു കൊണ്ടാണ് ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ചികിത്സാ ആനുകൂല്യം ആവശ്യപ്പെട്ടവര്‍ക്കെല്ലാം സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. ആരെയും സര്‍ക്കാര്‍ തഴഞ്ഞിട്ടില്ല. തന്റെ മണ്ഡലത്തില്‍ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ക്ക് സഹായം കൊടുത്തിട്ടുണ്ട്'

കെപിഎസി ലളിതയ്ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.