'ഇനി സിനിമയില്‍ സജീവമാവും'; സത്യന്‍ അന്തിക്കാട് ചിത്രത്തെ കുറിച്ച് മീര ജാസ്മിന്‍

'ഇനി സിനിമയില്‍ സജീവമാവും'; സത്യന്‍ അന്തിക്കാട് ചിത്രത്തെ കുറിച്ച് മീര ജാസ്മിന്‍

മലയാള സിനിമയില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരമാണ് മീര ജാസ്മിന്‍. പത്തു കല്‍പനകള്‍ എന്ന 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം അഭിനയത്തില്‍ നിന്ന് മീര വിട്ട് നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ നീണ്ട ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മീര വീണ്ടും തിരിച്ചെത്തുകയാണ്. പ്രേക്ഷകര്‍ കാരണമാണ് താന്‍ സിനിമയിലേക്ക് തിരിച്ചു വരുന്നതെന്ന് മീര ദുബായ് വാര്‍ത്തക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചതിനെ തുടര്‍ന്ന് നടന്ന അഭിമുഖത്തിലാണ് താരം പുതിയ സിനിമയെ കുറിച്ച് സംസാരിച്ചത്.

ഇനിയും നല്ല സിനിമകളുടെ ഭാഗമാവാന്‍ അഭിനയത്തില്‍ സജീവമായി തുടരാനാണ് തീരുമാനം. സത്യന്‍ അന്തിക്കാടിനൊപ്പം ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണിത്. എന്നാല്‍ ഈ ചിത്രം താന്‍ മുമ്പ് ചെയ്ത സത്യന്‍ അന്തിക്കാട് ചിത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും മീര വ്യക്തമാക്കി.

മീര ജാസ്മിന്‍ പറഞ്ഞത്: 'എന്റെ തിരിച്ചുവരവ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ട്. അത് തന്നെയാണ് സിനിമയിലേക്ക് തിരിച്ച് വരാന്‍ എന്നെ പ്രേരിപ്പിച്ച പ്രധാന കാരണം. ഇനി സജീവമായി തന്നെ നല്ല സിനിമകളുടെ ഭാഗമാവാനാണ് തീരുമാനം. പിന്നെ സന്ത്യന്‍ അങ്കിളിനൊപ്പം നാല് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഇത് അഞ്ചാമത്തെ സിനിമയാണ്. അതില്‍ വളരെ സന്തോഷമുണ്ട്.

സത്യന്‍ അങ്കിളിന്റെ സിനിമ വീണ്ടും ചെയ്യുന്നു എന്ന് പറയുമ്പോള്‍ ചിലപ്പോള്‍ എല്ലാവരും രസതന്ത്രവും അച്ചുവിന്റെ അമ്മയുമായെല്ലാം താരതമ്യം ചെയ്യും. അതുമായി ഈ സിനിമയെ താരതമ്യം ചെയ്യേണ്ട. ഇത് വേറൊരു സത്യന്‍ അന്തിക്കാട് സിനിമയാണ്. അതില്‍ എനിക്കൊരു നല്ല കഥാപാത്രമുണ്ട്. പിന്നെ ഇതൊരു നല്ല തുടക്കമാവട്ടെ എന്ന് ഞാന്‍ വിചാരിക്കുന്നു. ഈ സിനിമയ്ക്ക്‌ ശേഷം ഇനിയും നല്ല സിനിമകള്‍ വരാനുള്ള സാഹചര്യം ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.'

അഭിനയത്തിലേക്കുള്ള തിരിച്ചുവരവിന് പുറമെ മലയാള സിനിമയുടെ വളര്‍ച്ചയെ കുറിച്ചും മീര സംസാരിച്ചു. നിലവില്‍ കണ്ടന്റാണ് സിനിമയില്‍ പ്രധാനം. അത് തന്നെ പോലെ തന്നെ മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കും ഉപകാരമാണ്. കാരണം ഏത് പ്രായത്തിലുള്ളവര്‍ക്കും ഏത് ജെന്‍ഡറിലുള്ളവര്‍ക്കും സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. പിന്നെ സിനിമ റിലീസ് ചെയ്യുന്നതിനും ഒടിടി പോലെ നിരവധി പ്ലാറ്റ്‌ഫോമുകളുമുണ്ടെന്നും മീര പറഞ്ഞു.

ഇപ്പോള്‍ ഇന്ത്യന്‍ സിനിമയെ തന്നെ പ്രതിനിധീകരിക്കുന്നത് മലയാളം സിനിമയാണ്. ബോളിവുഡ് പോലും മലയാള സിനിമയെ മാതൃകയായി കാണുന്നു. അതിന് പ്രധാന കാരണം നമ്മുടെ പ്രേക്ഷകര്‍ തന്നെയാണ്. അവര്‍ക്ക് നല്ല വിവേകമുണ്ട്. അവര്‍ക്ക് നിലവാരമില്ലാത്ത കണ്ടന്റ് സിനിമയാക്കി കൊടുത്ത് തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല. പ്രത്യേകിച്ച് മലയാളികള്‍. അവരുടെ വിവേകത്തിന് അനുസരിച്ചുള്ള നല്ല സിനിമകളാണ് പ്രേക്ഷകര്‍ സ്വീകരിക്കു. അതിനാല്‍ പ്രേക്ഷകരോടാണ് മലയാള സിനിമയുടെ ഇപ്പോഴത്തെ ഉയര്‍ച്ചക്ക് നന്ദി പറയേണ്ടതെന്നും മീര ജാസ്മിന്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in