മഞ്ജു വാര്യര്‍ ഇനി അജിത്തിനൊപ്പം, എ കെ 61ല്‍ നായിക

മഞ്ജു വാര്യര്‍ ഇനി അജിത്തിനൊപ്പം, എ കെ 61ല്‍ നായിക

തമിഴില്‍ നായികയായി വീണ്ടും മഞ്ജു വാര്യര്‍. വലിമൈ എന്ന സിനിമക്ക് ശേഷം അജിത് കുമാര്‍ അഭിനയിക്കുന്ന എ.കെ 61 എന്ന് താല്‍ക്കാലികമായ പേരിട്ടിരിക്കുന്ന എച്ച് വിനോദ് ചിത്രത്തിലാണ് മഞ്ജു വാര്യര്‍ അജിത്തിന് നായികയായി എത്തുന്നത്. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് പിന്നിലെ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത് ചിത്രവുമാണ് എ.കെ 61. ഹൈസ്റ്റ് ത്രില്ലറായിരിക്കും ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അസുരന് ശേഷം മഞ്ജു വാര്യര്‍ നായികയായി എത്തുന്ന തമിഴ് ചിത്രവുമാണ് ഇത്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അസുരന്‍ എന്ന സിനിമയിലെ പച്ചൈമ്മാള്‍ എന്ന മഞ്ജു വാര്യര്‍ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. മഞ്ജു വാര്യര്‍ തന്നെയാണ് ഈ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരുന്നത്. മാധവനൊപ്പം ഒരു ബോളിവുഡ് ചിത്രവും മഞ്ജു 2021ല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മെയ് 29ന് മഞ്ജു വാര്യര്‍ അജിത് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. എച്ച് വിനോദ് സംവിധാനം ചെയ്ത 'വലിമൈ' സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിരുന്നത്. മേയ് ഒന്നിന് അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ പേര് ഉള്‍പ്പെടെ പുറത്തുവിടുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. അജിത് ഡബിള്‍ റോളിലായിരിക്കും ഈ ചിത്രത്തിലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.