സിനിമയെ വിമര്‍ശിക്കാം, പക്ഷെ ജാഫറിനെ ബോഡി ഷെയിം ചെയ്യുന്നത് തെറ്റ്: ലോകേഷ് കനകരാജ്

സിനിമയെ വിമര്‍ശിക്കാം, പക്ഷെ ജാഫറിനെ ബോഡി ഷെയിം ചെയ്യുന്നത് തെറ്റ്: ലോകേഷ് കനകരാജ്

കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിലെ ജാഫര്‍ സാദിക്ക് എന്ന കൊറിയോഗ്രാഫര്‍ ചെയ്ത വില്ലന്‍ വേഷം വലിയ രീതിയില്‍ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. പ്രശംസകള്‍ക്ക് ഒപ്പം തന്നെ ജാഫറിനെ ബോഡി ഷെയിം ചെയ്യുന്ന വിധത്തില്‍ വീഡിയോയും പുറത്തിറങ്ങിയിരുന്നു. തമിഴിലെ റോസ്റ്റിംഗ് ചാനലായ 'പ്ലീപ് പ്ലീപ്' ആണ് ജാഫറിനെ മോശമായി ബോഡി ഷെയിം ചെയ്യുന്ന വീഡിയോ പുറത്തുവിട്ടത്.

സംഭവത്തില്‍ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ ലോകേഷും ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ്. സിനിമയെ വിമര്‍ശിക്കുന്നത് താന്‍ എന്നും ഉള്‍ക്കൊള്ളും. പക്ഷെ ചിത്രത്തില്‍ അഭിനയിച്ച ഒരു നടനെ ബോഡി ഷെയിം ചെയ്യുന്നത് വളരെ മോശമാണ്. ഒരുപാട് കഴിവുള്ള നടനാണ് ജാഫറെന്നും ലോകേഷ് വ്യക്തമാക്കി. തമിഴ് സിനിമ റിവ്യു എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ലോകേഷ് കനകരാജ് പറഞ്ഞത്:

സിനിമയെ ഏത് രീതിയില്‍ വിമര്‍ശിച്ചാലും അതിനെ ഉള്‍ക്കൊള്ളുന്നു. കഥാപാത്രത്തെയും അത് ചെയ്ത ആളുടെ അഭിനയത്തെയും വരെ ഏത് രീതിയില്‍ വേണമെങ്കിലും കൊള്ളില്ല എന്ന് പറയാനും അത് കാണുന്നവര്ക്ക് അവകാശമുണ്ട്. പക്ഷെ കഥാപാത്രം ചെയ്ത ആളുടെ ശരീരത്തെ കുറിച്ചൊക്കെ പറയുന്നത് അങ്ങേയറ്റം മോശമാണ്. ജാഫര്‍ അങ്ങനെയാവാന്‍ കാരണം അവനല്ല. അത്രയും കഴിവുള്ള നടനാണ് അദ്ദേഹം. ഇത്തരത്തില്‍ ബോഡി ഷെയിമിങ്ങ് ചെയ്യുന്നത് തെറ്റാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അടുത്ത പടം മോശമാമെന്ന് തോന്നിയാല്‍ രണ്ട് റോസ്റ്റിങ്ങ് വീഡിയോ വേണമെങ്കില്‍ ഇറക്കിക്കോളു. പക്ഷെ ഇത്തരം കാര്യങ്ങള്‍ നിര്‍ത്തണം.

ജൂണ്‍ 3നാണ് വിക്രം ലോകവ്യാപകമായി തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍, കാളിദാസ് ജയറാം, സൂര്യ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. റിലീസ് ചെയ്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിക്രം ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേടിയിരുന്നു. നിലവില്‍ 300 കോടിക്ക് മുകളിലാണ് വിക്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

Related Stories

No stories found.
logo
The Cue
www.thecue.in