വിക്രം റിലീസിന് പിന്നാലെ കമല്‍സാര്‍ വിളിച്ച് പറഞ്ഞത്, അതാണ് ഈ സിനിമയുടെ ടേക്ക് എവേ: ലോകേഷ് കനകരാജ്

വിക്രം റിലീസിന് പിന്നാലെ കമല്‍സാര്‍ വിളിച്ച് പറഞ്ഞത്, അതാണ് ഈ സിനിമയുടെ ടേക്ക് എവേ: ലോകേഷ് കനകരാജ്

വിക്രം റിലീസിന് പിന്നാലെ കമല്‍ ഹാസന്‍ വിളിച്ച് പറഞ്ഞ കാര്യമാണ് തനിക്ക് ഈ സിനിമയില്‍ നിന്ന് ലഭിച്ച പാഠവും ടേക്ക് എവേയുമെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. ഈ സിനിമ സക്‌സസ് ആയതോടെ ലോകേഷിന്റെ ഉത്തരവാദിത്വം തീര്‍ന്നു, ഇനി അടുത്ത സിനിമയുടെ പണി തുടങ്ങൂ എന്നായിരുന്നു കമല്‍ സര്‍ തന്ന ഉപദേശം. ബ്രേക്ക് എടുക്കാതെ അടുത്ത പടം എഴുതാന്‍ തുടങ്ങൂ എന്ന കമല്‍ സാറിന്റെ ഉപദേശമാണ് വിക്രത്തില്‍ നിന്ന് താന്‍ പഠിച്ച പാഠമെന്ന് ലോകേഷ് പറയുന്നു. വിക്രം സിനിമയുടെ സക്‌സസ് മീറ്റില്‍ സംസാരിക്കവെയാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

ലോകേഷ് കനകരാജ് :

ലോകേഷ് യൂണിവേഴ്‌സ് എന്നൊക്കെ പറയുമ്പോള്‍ എനിക്ക് കുറച്ച് പേടിയുണ്ട്. കാരണം ഇത് സാര്‍ (കമല്‍ഹാസന്‍) എനിക്ക് വേണ്ടി തന്ന സ്‌പേസ് ആണെന്നേ ഞാന്‍ പറയൂ. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ സിനിമ ചെയ്തതു കൊണ്ട് എനിക്ക് മൂന്ന് കാര്യങ്ങള്‍ കിട്ടി.

കുട്ടിക്കാലം മുതല്‍ ഞാന്‍ കണ്ടുവളര്‍ന്ന എന്റെ ഹീറോ, അദ്ദേഹമെന്ന നിര്‍മ്മാതാവ്, ഒപ്പം കമല്‍ സാര്‍ എന്ന നായകന്‍, ഇത് മൂന്നും ഒരുമിച്ചു ലഭിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വേണ്ടി ഞാന്‍ ആദ്യമായി ഒരു സിനിമ ചെയ്യുമ്പോള്‍ അതൊരു സാധാരണ സിനിമയായി പോകരുതെന്നുണ്ടായിരുന്നു. ഉദയനിധി സാര്‍ പറഞ്ഞ പോലെ അതിന് ലോക്ക്ഡൗണിന് കൂടി നന്ദി പറയേണ്ടിയിരിക്കുന്നു. ലോക്ക് ഡൗണ്‍ വന്നത് കാരണം എഴുതാന്‍ കുറേക്കൂടി സമയം ലഭിച്ചു. വിക്രം എന്ന സിനിമ കമല്‍ സാര്‍ എനിക്ക് തന്ന സ്വാതന്ത്ര്യമാണ്. മറ്റൊരു സിനിമയുടെ ക്രോസ് ഓവര്‍ വരുന്നതും ആ സിനിമയിലെ കഥാപാത്രങ്ങള്‍ കടന്നുവരുന്നതും എല്ലാം എക്‌സ്പിരിമെന്റായിരുന്നു. അതെല്ലാം ഉള്‍ക്കൊണ്ട് കമല്‍സാര്‍ എനിക്കൊപ്പം നിന്നിടത്താണ് ഈ സിനിമയുടെ വിജയപ്പിറവി. അതിന് എത്ര ഞാന്‍ നന്ദി പറഞ്ഞാലും മതിയാവില്ല. ഒരിക്കല്‍ കൂടി നന്ദി പറയുന്നു സര്‍.

രാജ്കമല്‍ ഇന്റര്‍നാഷണലിന്റെ ഭാഗമായ മഹേന്ദ്രന്‍ സാറിന്റെയും ഡിസ്‌നി ബ്രോയുടെയും മുഖം തെളിഞ്ഞത് സക്‌സസ് മീറ്റില്‍ കാണുമ്പോള്‍ ആഹ്ലാദമുണ്ട്. സിനിമയെ ഈ വിധം വിജയകരമാക്കിയതിന് ഓരോ സ്‌റ്റേറ്റിലും പോയി നന്ദി പറഞ്ഞാണ് വരുന്നത്. ഞങ്ങള്‍ പോസ്റ്റ് പ്രൊഡക്ഷന് വേണ്ടി ഉറങ്ങാതെയിരുന്നപ്പോള്‍ കമല്‍ സര്‍ പ്രമോഷന് വേണ്ടി ഓരോ സ്‌റ്റേറ്റിലും ഉറക്കമിളച്ച് ഓടിയെത്തുകയായിരുന്നു.

അങ്ങേയറ്റം ആത്മാര്‍ത്ഥതോടെ സിനിമ ചെയ്യണമെന്നാണ് കമല്‍സാറിനെ കണ്ട് കുട്ടിക്കാലം മുതല്‍ ഞാന്‍ പഠിച്ചെടുത്തത്. അത്രത്തോളം സത്യസന്ധമായി ഈ സിനിമ ചെയ്‌തെന്നാണ് വിശ്വാസം. വിക്രം റിലീസ് ദിവസം കമല്‍ സാര്‍ വിളിച്ച് അരമണിക്കൂറോളം സംസാരിച്ചു. ഈ സിനിമ സക്‌സസ് ആയതോടെ ലോകേഷിന്റെ ഉത്തരവാദിത്വം തീര്‍ന്നു, ഇനി അടുത്ത സിനിമയുടെ പണി തുടങ്ങൂ എന്നായിരുന്നു അദ്ദേഹം അന്ന് തന്ന ഉപദേശം. ബ്രേക്ക് എടുക്കാതെ അടുത്ത പടം എഴുതാന്‍ തുടങ്ങൂ എന്ന കമല്‍ സാറിന്റെ ഉപദേശമാണ് ഈ സിനിമയില്‍ നിന്ന് എനിക്കുള്ള വലിയ പാഠവും ടേക്ക് എവേയും. ഇതിലും ഉത്തരവാദിത്വത്തോടെയും നിങ്ങളെല്ലാം സമ്മാനിച്ച ആത്മവിശ്വാസത്താടെയും അടുത്ത സിനിമയിലേക്ക് കടക്കുകയാണ്, നന്ദി.

Related Stories

No stories found.
logo
The Cue
www.thecue.in