ബി.ആര്‍.കുട്ടപ്പനായ അപ്പുണ്ണി ശശി, ഒറ്റയാള്‍ നാടകത്തില്‍ നിന്ന് പാലേരിയിലേക്ക്; പുഴുവിലെ പ്രകടനത്തിന് കയ്യടി നേടുമ്പോള്‍

ബി.ആര്‍.കുട്ടപ്പനായ അപ്പുണ്ണി ശശി, ഒറ്റയാള്‍ നാടകത്തില്‍ നിന്ന് പാലേരിയിലേക്ക്; പുഴുവിലെ പ്രകടനത്തിന് കയ്യടി നേടുമ്പോള്‍

ബി.ആര്‍ കുട്ടപ്പന്‍ എന്ന ദളിത് നാടകകൃത്തും ആ കഥാപാത്രമായെത്തിയ എരഞ്ഞിക്കല്‍ ശശിയും പുഴു എന്ന സിനിമയുടെ സര്‍പ്രൈസുകളിലൊന്നൊയിരുന്നു. ജാതീയത വേരോടിയ സമൂഹ മനസ്ഥിതിയെക്കുറിച്ചും സവര്‍ണത ആഘോഷിക്കുന്ന മനുഷ്യരോടും അരങ്ങിലും ജീവിതത്തിലുമായി ബി.ആര്‍ കുട്ടപ്പന്‍ നടത്തുന്ന പോരാട്ടം കൂടിയാണ് പുഴു. ജയപ്രകാശ് കുളൂരിന്റെ അപ്പുണ്ണി നാടകങ്ങളിലൂടെ അപ്പുണ്ണി ശശിയായി മാറിയ എരഞ്ഞിക്കല്‍ ശശി എന്ന നാടകപ്രവര്‍ത്തകനാണ് ഈ കഥാപാത്രമായെത്തിയത്.

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥയിലൂടെ സിനിമയിലെത്തിയെങ്കിലും ശശി എന്ന അഭിനേതാവിനെ പ്രയോജനപ്പെടുത്തിയ സിനിമകള്‍ കുറവായിരുന്നു. തക്ഷകന്‍ എന്ന നാടകത്തിലെ ഒറ്റയാള്‍ പ്രകടനത്തിലൂടെയും ബി.ആര്‍ കുട്ടപ്പനായും എരഞ്ഞിക്കല്‍ ശശി കയ്യടി നേടുകയാണ്.

റത്തീന സംവിധാനം ചെയ്ത് സോണി ലിവിലൂടെ പുറത്തിറങ്ങിയ പുഴുവിലെ കു്ട്ടപ്പനാകും മുമ്പ് 86 സിനിമകളില്‍ തന്റെ സാന്നിധ്യം അറിയിച്ച നടനാണ് എരഞ്ഞിക്കല്‍ ശശി. നാലായിരത്തോളം നാടകങ്ങളില്‍ നിറഞ്ഞാടിയ ഈ പ്രതിഭ പുഴുവിലെ ബി.ആര്‍ കുട്ടപ്പനായ കഥ സിനിമയുടെ തിരക്കഥാകൃത്ത് ഹര്‍ഷദ് വിവരിക്കുന്നത് ഇങ്ങനെയാണ്.

ഇരഞ്ഞിക്കല്‍ ശശിയെക്കുറിച്ച് ഹര്‍ഷദ് എഴുതിയ പോസ്റ്റ്:

അപ്പുണ്ണി ശശി എന്ന എരഞ്ഞിക്കല്‍ ശശി. അറിയപ്പെടുന്ന നാടകനടന്‍. ജയപ്രകാശ് കുളൂര്‍, എ ശാന്തകുമാര്‍ അടക്കമുള്ള പ്രതിഭകളുടെ നാടകങ്ങളിലൂടെ നാടകലോകത്തേക്ക് വന്നു. കുളൂര്‍ മാഷിന്റെ അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ എന്നീ നാടകങ്ങളിലൂടെ ഇന്ത്യയിലും വിദേശങ്ങളിലുമായി നാലായിരത്തിലധികം വേദികളില്‍ നിറഞ്ഞാടിയ കലാകാരന്‍. കുളൂര്‍ മാഷിന്റെ തന്നെ ശിക്ഷണത്തില്‍ തിരഞ്ഞെടുപ്പ് എന്ന ഒരു ഒറ്റയാള്‍ നാടകത്തില്‍ ഒരേ സമയം രണ്ട് കഥാപാത്രങ്ങളായി കാണികളെ അമ്പരിപ്പിച്ച നടന്‍.

സംവിധായകന്‍ രഞ്ജിത്തിന്റെ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലെ മാണിക്യത്തിന്റെ സഹോദരനായി സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യം. തുടര്‍ന്ന് ചെറുതും വലുതുമായ 86 സിനിമാ കഥാപാത്രങ്ങള്‍. രഞ്ജിത്തിന്റെ തന്നെ ഞാന്‍ എന്ന സിനിമയിലെ പ്രകടനത്തിന് കേരളാ സാമൂഹ്യക്ഷേമ വകുപ്പിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ്, ശാന്താദേവി പുരസ്‌കാരം എന്നിവ ലഭിച്ചു.

പണ്ട് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് അപ്പുണ്ണികളുടെ റേഡിയോ കണ്ട അന്ന് ശ്രദ്ധിച്ചതാണ് ഇദ്ദേഹത്തെ. ശിവദാസ് പൊയില്‍കാവിന്റെ സംവിധാനത്തില്‍ ഇദ്ദേഹം ചെയ്ത ചക്കരപ്പന്തല്‍ എന്നൊരു ഒറ്റയാള്‍ നാടകമുണ്ട്. ഒറ്റക്ക് നാല് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആ നാടകം കാണാന്‍ ഇടയായതോടെയാണ് അപ്പുണ്ണി ശശി പുഴുവിലെ ബി.ആര്‍. കുട്ടപ്പന്‍ എന്ന സുപ്രധാന വേഷത്തിലേക്ക് എത്തിച്ചേരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in