ട്രെയ്‌ലറിലൊന്നും സിനിമ മറ്റൊന്നും ആകരുത്, എന്ത് പ്രതീക്ഷിക്കണമെന്ന് പ്രേക്ഷകര്‍ അറിയണം: കുഞ്ചാക്കോ ബോബന്‍

ട്രെയ്‌ലറിലൊന്നും സിനിമ മറ്റൊന്നും ആകരുത്, എന്ത് പ്രതീക്ഷിക്കണമെന്ന് പ്രേക്ഷകര്‍ അറിയണം: കുഞ്ചാക്കോ ബോബന്‍

സിനിമ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്നതിന്റെ ഏകദേശ ധാരണ എപ്പോഴും പ്രേക്ഷകര്‍ക്ക് വ്യക്തമായി പറഞ്ഞ് കൊടുക്കണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ട്രെയ്‌ലറില്‍ മാസ് സീനുകള്‍ കാണിച്ച് സിനിമയിലേക്ക് വരുമ്പോള്‍ അതില്ലെങ്കില്‍ ശരിയാവില്ല. അതിനാല്‍ സിനിമയുടെ തീം എന്താണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും ചാക്കോച്ചന്‍ പറയുന്നു.

പ്രമോഷന്‍ സമയത്ത് തന്റെ സിനിമയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് പ്രേക്ഷകരോട് വ്യക്തമായി പറയാറുണ്ട്. അങ്ങനെ വരുമ്പോള്‍ നല്ല സിനിമയാണെങ്കില്‍ പ്രേക്ഷകര്‍ അത് തീര്‍ച്ചയായും സ്വീകരിക്കുമെന്നും ചാക്കോച്ചന്‍ ദ ക്യുവിനോട് പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്:

'സിനിമ ചെയ്യുമ്പോള്‍ എപ്പോഴും നല്ല സിനിമകളുടെ ഭാഗമാവുക എന്നതാണ് ഞാന്‍ ചിന്തിക്കാറ്. ഇപ്പോള്‍ നായാട്ട്, അഞ്ചാം പാതിര, വൈറസ് എന്നീ സിനിമകളെ പറ്റി പറയുകയാണെങ്കില്‍ എന്താണ് സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമായി ആളുകളെ ബോധിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യുന്നത്. ട്രെയ്‌ലറില്‍ നമ്മള്‍ ഒരു മാസ് പരിപാടി കാണിച്ചിട്ട് സിനിമയിലേക്ക് വരുമ്പോള്‍ മറ്റൊന്നാവുന്നതില്‍ കാര്യമില്ല. അല്ലെങ്കില്‍ ഭയങ്കര ഫണ്‍ രീതിയില്‍ ട്രെയ്‌ലര്‍ കാണിച്ചിട്ട്, സിനിമയില്‍ ആ ഫണ്‍ എലമെന്റ് കിട്ടിയില്ലെങ്കിലും കാര്യമില്ല. അതിന് പകരം ഇതാണ് സിനിമ എന്ന് ആളുകള്‍ക്ക് ഏകദേശ ധാരണയാക്കി അവരെ ആ മൈന്റ് സെറ്റിലെത്തിച്ചാല്‍ നമ്മുടെ പകുതി പ്രശ്‌നം അവിടെ തീരും. അഞ്ചാം പാതിര എന്ന സിനിമയില്‍ പ്രണയമോ, തമാശയോ, പാട്ടോ, ഡാന്‍സോ ഒന്നും തന്നെയില്ല.

അത് ഞാന്‍ പ്രമോഷന്‍ സമയത്ത് വ്യക്തമായി തന്നെ പ്രേക്ഷകരോടായി പറഞ്ഞിരുന്നു. എന്റെ സിനിമയാണെന്ന് പറഞ്ഞ് വന്ന് കാണുമ്പോള്‍ ഡാന്‍സില്ലല്ലോ പാട്ടില്ലല്ലോ എന്നൊന്നും ചിന്തിക്കരുതെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ഇതാണ് ഞാന്‍ ചെയ്യുന്ന കാര്യം. ഇത്തരത്തില്‍ ആളുകളോട് എന്താണ് സിനിമയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത് എന്ന് വ്യക്തമായി പറഞ്ഞതിന് ശേഷമാണ് അവര്‍ സിനിമ വന്ന് കാണുന്നത്. അങ്ങനെ വരുമ്പോള്‍ സിനിമ നന്നായാല്‍ അവര്‍ തീര്‍ച്ചയായും സ്വീകരിക്കും. അങ്ങനെ തന്നെയാണ് തുടര്‍ന്നുള്ള സിനിമകളുടെ കാര്യങ്ങളിലെല്ലാം ഞാന്‍ സ്വീകരിക്കുന്ന സമീപനം.'

Related Stories

No stories found.
logo
The Cue
www.thecue.in