കെ.പി.എ.സി ലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗമനം; എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

കെ.പി.എ.സി ലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗമനം; എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന നടി കെ.പി.എ.സി ലളിതയുടെ ആരോഗ്യ നിലയില്‍ മെച്ചപ്പെട്ടു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി താരം തൃശൂര്‍ ദയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

കെ.പി.എ.സി ലളിതയുടെ ആരോഗ്യ നില കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ദ ക്യുവിനോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് താരത്തിനെ മാറ്റുമെന്നും ഇടവേള ബാബു അറിയിച്ചു.

'നിലവില്‍ ചേച്ചിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഇന്നോ നാളെയോ ആയി മുറിയിലേക്ക് മാറ്റാനാവും. ഇത്ര ദിവസം തൃശൂര്‍ ദയ ആശുപത്രിയിലായിരുന്നു. ഇന്നലെയാണ് എറണാകുളത്തേക്ക് മാറ്റിയത്. എന്താണ് രോഗകാരണം എന്ന് ഡോക്ടര്‍മാര്‍ കണ്ടു പിടിച്ചിട്ടുണ്ട്. ബാക്റ്റീരിയല്‍ ഇന്‍ഫെക്ക്ഷനാണ്. അത് സംബന്ധിച്ച ടെസ്റ്റ് റിസള്‍ട്ടുകള്‍ വരാനുണ്ട്. എന്തായാലും മുന്നത്തേക്കാളും ആരോഗ്യസ്ഥിതി ആശ്വാസകരമാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ദയ ആശുപത്രിയില്‍ നിന്ന് എറണാകുളത്തേക്ക് കൊണ്ടുവരാന്‍ സാധിച്ചത്. അന്നത്തെ അവസ്ഥയില്‍ അത് സാധ്യമായിരുന്നില്ല. ഇന്നലെയാണ് എറണാകുളത്തേക്ക് മാറ്റാമെന്ന തീരുമാനം എടുത്തത്. നിലവില്‍ രണ്ട് മക്കളും ചേച്ചിക്കൊപ്പം ഉണ്ട്. ഞാന്‍ സിദ്ധാര്‍ഥുമായി സംസാരിക്കുകയും ചെയ്തിരുന്നു.' - ഇടവേള ബാബു

The Cue
www.thecue.in