തിയറ്ററുകള്‍ ഒക്ടോബര്‍ 25ന് തന്നെ തുറക്കും

തിയറ്ററുകള്‍ ഒക്ടോബര്‍ 25ന് തന്നെ തുറക്കും

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ തിയറ്ററുകള്‍ തിങ്കളാഴ്ച്ച (ഒക്ടോബര്‍ 25ന്) തുറക്കും. തിയറ്റര്‍ ഉടമകള്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം. തിയറ്റര്‍ തുറക്കുന്നതിന് മുമ്പ് സര്‍ക്കാരുമായി ഉടമകള്‍ ഒക്ടോബര്‍ 22ന് ചര്‍ച്ച നടത്തും.

തിയറ്റര്‍ 25 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ നേരത്ത അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിനോദ നികുതിയില്‍ ഇളവ്, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റര്‍ ഉടമ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും തിയറ്റര്‍ തിങ്കളാഴ്ച്ച തന്നെ തുറക്കാനാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.

ആറ് മാസത്തിന് ശേഷം കേരളത്തില്‍ തിയറ്റര്‍ തുറക്കുമ്പോള്‍ നിരവധി മലയാള ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. ഇതിനോടകം തന്നെ കാവല്‍, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ച് കഴിഞ്ഞു. തിയറ്റര്‍ തുറക്കുന്ന കാര്യം ഉറപ്പായതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപനവും പ്രതീക്ഷിക്കാം.

അതേസമയം 50 ശതമാനം മാത്രം പ്രേക്ഷകര്‍ക്കാണ് നിലവില്‍ പ്രവേശനാനുമതിയുള്ളത്. ജീവനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും 2 ഡോസ് വാക്‌സിന്‍ പൂര്‍ത്തിയായിരിക്കണമെന്ന നിബന്ധനയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in