'കെജിഎഫ്' ഞങ്ങള്‍ നിര്‍മിച്ചിരുന്നെങ്കില്‍ നിരൂപകര്‍ വലിച്ച് കീറിയേനെ: ബോളിവുഡിന് സ്വാതന്ത്ര്യം കുറവാണെന്ന് കരണ്‍ ജോഹര്‍

'കെജിഎഫ്' ഞങ്ങള്‍ നിര്‍മിച്ചിരുന്നെങ്കില്‍ നിരൂപകര്‍ വലിച്ച് കീറിയേനെ: ബോളിവുഡിന് സ്വാതന്ത്ര്യം കുറവാണെന്ന് കരണ്‍ ജോഹര്‍

'കെജിഎഫ്' ബോളിവുഡ് സിനിമയായിരുന്നെങ്കില്‍ നിരൂപകര്‍ രൂക്ഷമായി വിമര്‍ശിച്ചേനെയെന്ന് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍. ബോളിവുഡ് സിനിമ പ്രവര്‍ത്തകരെക്കാള്‍ സ്വാതന്ത്ര്യം തെന്നിന്ത്യന്‍ സിനിമ പ്രവര്‍ത്തകര്‍ക്കാണെന്നും കരണ്‍ പറഞ്ഞു. ബോളിവുഡ് സിനിമകള്‍ പരാജയപ്പെടുന്നതിനെ കുറിച്ചും തെന്നിന്ത്യന്‍ സിനിമകള്‍ പാന്‍ഇന്ത്യന്‍ തലത്തില്‍ വിജയമാവുന്നതിനെ കുറിച്ചും് സംസാരിക്കുകയായിരുന്നു കരണ്‍ ജോഹര്‍.

'എനിക്ക് കെജിഎഫ് ഇഷ്ടമായ ചിത്രമാണ്. കെജിഎഫിനെക്കുറിച്ചുള്ള നിരൂപണങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ വിചാരിക്കുകയായിരുന്നു അത് ഞങ്ങളാണ് നിര്‍മിച്ചതെങ്കില്‍ നിരൂപകര്‍ വലിച്ച് കീറുമായിരുന്നു. ബോളിവുഡ് സിനിമാപ്രവര്‍ത്തകരേക്കാള്‍ സ്വാതന്ത്ര്യം തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ക്കുണ്ടെന്നാ'ണ് കരണ്‍ പറഞ്ഞത്.

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ബോളിവുഡില്‍ നിന്ന് വലിയ വിജയം നേടിയ ചിത്രം ആലിയ ഭട്ടിന്റെ 'ഗംഗുബായി'യാണ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. അതിന് ശേഷം കാര്‍ത്തിക് ആര്യന്റെ 'ഭൂല്‍ ഭുലയ്യ 2' ആണ് ബോക്‌സ് ഓഫീസില്‍ നല്ല പ്രകടനം കാഴ്ച്ചവെച്ചത്.

അതേസമയം കങ്കണയുടെ 'ധാക്കഡ്', അക്ഷയ് കുമാര്‍ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജ്' തുടങ്ങി ബോളിവുഡില്‍ നിന്നും വന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രങ്ങള്‍ നേരിട്ടത് വലിയ പരാജയമായിരുന്നു. എന്നാല്‍ തെന്നിന്ത്യയില്‍ നിന്ന് 2022ല്‍ റിലീസ് ചെയ്ത 'കെജിഎഫ് 2', 'ആര്‍ആര്‍ആര്‍', 'വിക്രം' എന്നീ ചിത്രങ്ങള്‍ ദേശീയ, അന്തര്‍ ദേശീയ തലത്തില്‍ വന്‍ വിജയമാണ് നേടിയത്.

The Cue
www.thecue.in